വര്‍ഷത്തില്‍ 230,000 പൌണ്ട് സമ്പാദിക്കുന്ന ഇന്ത്യന്‍ വംശജനായ ഡോക്ടറെ കാണാന്‍ പന്ത്രണ്ടു മണിക്കൂറോളം കാത്തു നിന്ന രോഗി ചികിത്സ കിട്ടാതെ മരിച്ചു. ഡോ:രവി സോന്ധിയാണ് ഈ വിവാദനായകന്‍. രോഗി ഡോക്റ്ററെ കാണാന്‍ ശ്രമിക്കുമ്പോള്‍ 2.8മില്ല്യന്‍ വിലയുള്ള തന്റെ സ്വകാര്യ സൌധത്തിലായിരുന്നു അദ്ദേഹം എന്ന് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അതും നടന്നില്ല. ഡോ:രവി സോന്ധി(51) തന്റെ രോഗികളെ ഒരാഴ്ച്ചയോളം ആശങ്കയിലാഴ്ത്തി കൂടുതല്‍ സമയം ജോലി ചെയ്യുന്നതിനുള്ള തുകയില്‍ നിന്നും 100,000 പൌണ്ട് അനവാദമില്ലാതെ എടുത്തു ക്ലിനിക്ക് വിടുകയായിരുന്നു.
വളരെ അത്യാവശ്യമായ ഫോണ്‍ കോളുകള്‍ക്ക് പോലും മൂന്നു മണിക്കൂറിനു ശേഷമാണ് ഇദ്ദേഹം പ്രതികരിച്ചത്. ലണ്ടനിലെ രോഗികളെ ഇദ്ദേഹം അവഗണിച്ചതിന് കാരണം 140 മൈല്‍ അകലെയുള്ള നോര്‍ക്ഫോക്കിലെ തന്റെ സ്വകാര്യസൌധത്തിലായിരുന്നു എന്ന് പറയുന്നു. സ്ഥലം വാങ്ങുന്നതിനായി രണ്ടു ജീവനക്കാരില്‍ നിന്നും 200,000 പൌണ്ടും മറ്റൊരു രോഗിയില്‍ നിന്നും 60,000 പൌണ്ടും വാങ്ങിയതിന് ശേഷമാണ് ഇദ്ദേഹം ആശുപത്രി വിട്ടത്. ഡോക്ടറെക്കാത്ത് പന്ത്രണ്ടു മണിക്കൂറോളം കാത്തുനിന്ന ഒരു രോഗി അതെ സമയം മരണത്തിന് കീഴടങ്ങി.
കൂടുതല്‍ ജോലിയെടുക്കുന്നതിനു എന്‍.എച്ച്.എസ്.ഇദ്ദേഹത്തിന് പ്രത്യേകമായി ശമ്പളം നല്‍കുന്നുണ്ട് എന്നതിന് പുറമേ ഇദ്ദേഹത്തിന്റെ സേവനം ധാരാളം വീടുകളിലും ഉണ്ടായിരുന്നു. ക്രോയ്ടോക് എന്ന സ്വകാര്യ ആശുപത്രിയില്‍ ജോലിചെയ്തിരുന്ന ഇദ്ദേഹം ഒരു സമയത്ത് ആ സ്ഥാപനത്തിന്റെ ചെയര്‍മാന്‍ ആയിരുന്നു. ഒരു രാത്രിയില്‍ ഇദ്ദേഹത്തിന്റെ ഫോണില്‍ വന്നത് 114ഓളം കോളുകളാണ്. മിക്ക കോളുകള്‍ക്കും പ്രതികരണം ലഭിച്ചത് ഒന്നരമണിക്കൂറിനും മൂന്ന് മണിക്കൂറിനും ശേഷമാണ്. ലേബര്‍ എം.പി.യായ മാല്‍കം വിക്സ് ആരോഗ്യ സെക്രെട്ടറി ആന്‍ഡ്രൂ ലാന്‍സ്ലിയെ ബന്ധപ്പെട്ടു ഈ സംഭവത്തില്‍ അന്വേഷണം വേണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
സോന്ധിയും അദ്ദേഹത്തിന്റെ ഭാര്യയായ ഡോ:സല്മാ ഉദ്ദാര്‍റും കൂടെ ഈ സ്ഥാപനത്തിന്റെ പതിനൊന്നു ശതമാനം ജോലി സമയം പങ്കുവയ്ക്കുന്നു. ജനുവരിയില്‍ പാപ്പാരായി പ്രഖ്യാപിച്ച ഡോ:സോന്ധിയെ പതിനൊന്നു മില്യനോളം സമ്പാദിച്ചതിന് പ്രാക്ടീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ഡോ:സോന്ധിയുടെ പ്രശ്നത്തില്‍ പലരും ഇദ്ദേഹത്തിനെതിരെ രോക്ഷാകുലമായി സംസാരിക്കുകയുണ്ടായി. ഇദ്ദേഹത്തിന്റെ ചെയ്തിക്ക് യാതൊരു ന്യായീകരണവും കണ്ടെത്താന്‍ ശ്രമിക്കേണ്ടെന്ന് എന്‍.എച്ച്.എസ്. അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ഒട്ടേറെ മലയാളികള്‍ ജോലി ചെയ്യുന്ന വെസ്റ്റെന്‍ സൂപ്പര്‍ മിയര്‍ സമ്മര്‍ ലേന്‍ നഴ്സിംഗ് ഹോമിന്റെ മുന്‍ ഉടമയാണ് ഡോക്ടര്‍ രവി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല