വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്നൊരു സഖ്യകക്ഷി എന്ന നിലയില്‍ യു.ഡി.എഫില്‍ ഗ്രൂപ്പ് പോരുകള്‍ എന്നും നിറഞ്ഞു നിന്നിരുന്നു. കെ. കരുണാകരന്‍ തന്റെ ഗ്രൂപ്പിസം മതിയാക്കി കോണ്‍ഗ്രസിനോട് തിരികെ ചേര്‍ന്ന കാലത്ത് ഇനി പാര്‍ട്ടിയില്‍ ഗ്രൂപ്പില്ല, ഗ്രൂപ്പു രാഷ്ട്രീയത്തിനു സ്ഥാനമില്ല എന്നൊക്കെ ഉറക്കെ പ്രഖ്യാപിച്ച് പത്രങ്ങളില്‍ തലക്കെട്ടു നേടിയ നേതാക്കള്‍ ഇപ്പോള്‍ തനി ഗ്രൂപ്പുനേതാക്കളായി മാറിയിരിക്കുന്നു! കെ സുധാകരന് അഭിവാദ്യം അര്‍പ്പിച്ച് പോസ്‌റ്റര്‍ ഒട്ടിച്ച കണ്ണൂരിലെ പൊലീസ് അസോസിയേഷന്‍കാര്‍ക്കെതിരേ നടപടിക്ക് കണ്ണൂര്‍ എസ്‌പി അനൂപ് കുരുവിള ജോണും അവരെ സംരക്ഷിക്കാന്‍ സുധാകരനും രംഗത്തുവന്നതോടെയാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങളുടെ തുടക്കം.
പോസ്‌റ്റര്‍ നീക്കാന്‍ നിര്‍ദേശിച്ച എസ്‌പിക്കെതിരേ ഏഴു പൊലീസുകാര്‍ മുദ്രാവാക്യം വിളിച്ചു. സുധാകരന്റെ ബലത്തിലായിരുന്നു ഇത്. അവരെ സസ്‌പെന്‍ഡ് ചെയ്യാന്‍ അനുമതി ചോദിച്ച് എസ്‌പി മുഖ്യമന്ത്രിയെ വിളിച്ചു. എന്നാലോ തല്‍ക്കാലം സസ്‌പെന്‍ഷന്‍ വേണ്ടെന്നായി മുഖ്യമന്ത്രി! പോരാത്തതിന് പോസ്‌റ്റര്‍ കാര്യത്തില്‍ എസ്‌പി സ്വീകരിച്ച നിലപാടിനു മുഖ്യമന്ത്രിയുടെ പിന്തുണയും. ഇത് കെ സുധാകരന്‍ എംപിയെ ചൊടിപ്പിച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളു. അങ്ങനെ അദ്ദേഹം രമേശ് ചെന്നിത്തലയോടു ഫോണില്‍ പരാതി പറയുകയും കഴിഞ്ഞ കെപിസിസി യോഗത്തില്‍ എസ്‌പിക്കെതിരേ രൂക്ഷമായി സംസാരിക്കുകയും ചെയ്‌തു. യഥാര്‍ത്ഥത്തില്‍ ആ വിമര്‍ശനം മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനും എതിരേ തന്നെയായിരുന്നുവെന്നതാണു വസ്തുത.
അനുഭവത്തില്‍ നിന്നും പഠിക്കാത്തവര്‍ വിഡ്ഢികളാണെന്ന് ഏതോ ഒരു മഹാന്‍ പറഞ്ഞതോര്‍ക്കുന്നു. കഴിഞ്ഞ കുറച്ചുകാലം ഗ്രൂപ്പിസമോ? ഹേയ്.. അങ്ങനെയൊന്നും കോണ്‍ഗ്രസില്‍ ഇല്ലെന്നും മറ്റും ഇടയ്ക്കിടെ ഓര്‍മിപ്പിക്കുന്ന നേതാക്കള്‍ ഉണ്ടായിരുന്നു, ഇതൊക്കെ കേട്ട ജനം എല്ലാം അങ്ങ് വിശ്വസിക്കുകയും ചെയ്തു. എന്നാല്‍ അവര്‍ക്കു തെറ്റി എന്നുതന്നെ പറയേണ്ടെയിരിക്കുന്നു. തരംതാണ ഗ്രൂപ്പിസത്തിന്റെ പരസ്യമായ വിഴുപ്പലക്കല്‍ തന്നെയാണ് കണ്ണൂരില്‍ ഈ ദിവസങ്ങളില്‍ നടന്നുവരുന്നത്. ഇതു ജനങ്ങളോടുള്ള വഞ്ചനയാണ്. യുഡിഎഫിനെയും അതിലെ മുഖ്യകക്ഷിയായ കോണ്‍ഗ്രസിനെയും അധികാരത്തിലേറ്റിയ കേരളത്തിലെ ജനങ്ങളോടുള്ള വഞ്ചന. ഐക്യം ഭാവിച്ചു ജനങ്ങളെ വഞ്ചിച്ചതിനു നേതാക്കള്‍ ജനങ്ങളോടു മറുപടി പറയേണ്ടിവരും.
വിരലിലെണ്ണാന്‍ പോലും എംഎല്‍എമാരില്ലാതിരുന്ന നിയമസഭാകക്ഷിയെ സംസ്ഥാനം ഭരിക്കുന്ന മുന്നണിയുടെ മുഖ്യകക്ഷിയാക്കുന്നതില്‍ വിജയിച്ച കെ. കരുണാകരന്‍ ഗ്രൂപ്പുരാഷ്ട്രീയത്തില്‍ തിളങ്ങിയതും പിന്നീട് അതിന്റെ തിരത്തള്ളലില്‍ പാര്‍ട്ടിയെയും അതിനെ പിന്താങ്ങുന്ന ജനങ്ങളെയും ഉപേക്ഷിച്ചതും ചരിത്രം. ആ കരുണാകരന്‍ പിന്നീട് തനിക്കു തെറ്റുപറ്റിയെന്നും തെറ്റുപറ്റിയാല്‍ അതു ഹിമാലയത്തിനു മുകളില്‍ കയറിയായാലും ഏറ്റുപറയണമെന്നാണു ഗാന്ധിജി പഠിപ്പിച്ചിട്ടുള്ളതെന്നും പറഞ്ഞു കോണ്‍ഗ്രസിലേക്കു തിരിച്ചുവന്നയാളാണ്. മുന്നണി രാഷ്ട്രീയത്തില്‍ കയറിയിറങ്ങിയും ഇടക്കാലത്ത് പുതിയ പാര്‍ട്ടിയെന്ന പരീക്ഷണം നടത്തിയും പരിക്ഷീണനായാണു കരുണാകരന്‍ തറവാട്ടില്‍ തിരിച്ചെത്തിയത്. പുത്രന്‍ കെ. മുരളീധരനും ഇത്തരം ഏറെ പ്രതിസന്ധികള്‍ തരണംചെയ്ത്, ഇനി ഗ്രൂപ്പുരാഷ്ട്രീയത്തിനില്ലെന്നു പ്രതിജ്ഞചെയ്താണ് തറവാട്ടില്‍ തിരിച്ചെത്തിയിരിക്കുന്നത്.
ഗ്രൂപ്പുരാഷ്ട്രീയവും തറവാടു കുളംതോണ്ടുന്ന പ്രവൃത്തികളും സ്വന്തം കുഴിതോണ്ടുമെന്നു തിരിച്ചറിഞ്ഞപ്പോഴാണ് ഇവരൊക്കെ തിരിച്ചുവന്നത്. ഇപ്പോള്‍ ഗ്രൂപ്പുരാഷ്ട്രീയത്തിന്റെ പുത്തന്‍ അധ്യായങ്ങള്‍ രചിക്കുന്നവര്‍ക്കും ഇത്തരം ചില ഭൂതകാലങ്ങളുണ്ട്. കടന്നുപോന്ന ആ വഴികള്‍ വിസ്മരിച്ചും തങ്ങള്‍ വിശ്വസിക്കുന്ന പ്രസ്ഥാനത്തെ താങ്ങിനിര്‍ത്തുന്ന സാധാരണ ജനങ്ങളുടെ വികാരങ്ങള്‍ കണക്കിലെടുക്കാതെയുമാണ് ഇത്തരം നേതാക്കളുടെ ചേരിപ്പോര് ഇപ്പോള്‍ അരങ്ങേറുന്നത്. അധികാരത്തിലേറുമ്പോഴാണ് ഏതു പാര്‍ട്ടിയിലും അധികാരപ്രമത്തതയുടെ ബാക്കിപത്രമായ ഗ്രൂപ്പിസവും വിഭാഗീയതയും ശക്തിപ്പെടുന്നത്.
ഇരു മുന്നണികളിലെയും മുഖ്യകക്ഷികളും ചെറുകക്ഷികളുമൊന്നും ഇതിനപവാദമല്ല. ഒരിടത്തു ഗ്രൂപ്പിസമെന്നും മറുപക്ഷത്തു വിഭാഗീയതയെന്നുമുള്ള പേരുവ്യത്യാസം മാത്രമേയുള്ളൂ. ഇരുകൂട്ടരും വിഡ്ഢികളാക്കുന്നത് തങ്ങളുടെ അണികളെയും തങ്ങളെ വോട്ടു ചെയ്ത് അധികാരത്തിലെത്തിച്ച പൊതുജനത്തെയുമാണ്. പാര്‍ട്ടിയുടെ കരുത്ത് നേതാക്കള്‍ മാത്രമല്ലെന്നും അതിന്റെ അടിസ്ഥാനശക്തി ജനങ്ങളുടെ പിന്തുണയാണെന്നും പലപ്പോഴും നേതാക്കള്‍ മറന്നുപോകുന്നു. ഈ മറവിയില്‍ ഒന്നോര്‍ക്കുക നിങ്ങളുടെ തമ്മില്‍ തല്ലും തലോടലും കാണാന മാത്രമല്ല ജനങ്ങള്‍ അധികാരത്തില്‍ ഏറ്റിയത്.
നേതാക്കള്‍ ഒരു കാര്യം മനസിലാക്കണം വിധേയത്വത്തിന്റെയും അന്ധമായ പിന്തുണയുടെയും കാലം കഴിഞ്ഞു. പാര്‍ട്ടിയുടെ നയങ്ങളും പരിപാടികളും നേതാക്കളുടെ കാര്യശേഷിയും അത്മാര്‍ഥതയുമൊക്കെ ജനം നേരിട്ടു മനസിലാക്കുന്ന കാലമാണിത്. മാധ്യമങ്ങളുടെ വ്യാപനം ഇത്തരം വിലയിരുത്തലുകള്‍ സുഗമമാക്കിയിരിക്കുന്നു എന്ന് നിങ്ങള്‍ക്കും നന്നായി അറിയാം. മുഖംമൂടികള്‍ അണിയാന്‍ ജനം ആരെയും അനുവദിക്കില്ല. കണ്ണൂരില്‍ കോണ്‍ഗ്രസ് എംപിയെ പിന്തുണച്ചു പോലീസ് അസോസിയേഷന്‍കാര്‍ പോസ്റ്റര്‍ പതിപ്പിച്ചതു തമ്മിലടിയുടെ ഇടിമുഴക്കത്തിന് ഒരു നിമിത്തമായെന്നേയുള്ളൂ.
ഒന്നോ രണ്ടോ എംഎല്‍എമാരുടെ ഭൂരിപക്ഷത്തില്‍ അധികാരം കൈയാളുന്ന മുന്നണിക്ക് ഇത്തരം വിഭാഗീയതകളും ചേരിപ്പോരുകളും തീര്‍ത്തും ദോഷംചെയ്യും എന്ന് മനസില്ലാക്കിയാല്‍ നല്ലത്. ജനവികാരമല്ല ഏതാനും നേതാക്കളുടെ വ്യക്തി താത്പര്യങ്ങളാണിവിടെ പ്രകടമാകുന്നത്. ഗ്രൂപ്പുരാഷ്ട്രീയത്തിന്റെ ജീര്‍ണിച്ച ഭൂതകാലത്തിലേക്കു തിരിച്ചുപോകാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെങ്കില്‍ അതു പാര്‍ട്ടിയെ മാത്രമല്ല പാര്‍ട്ടിയെ മാനിക്കുന്ന ജനങ്ങളേയും വഞ്ചിക്കുന്നതിനു തുല്യമാണ്. ചരിത്രപാഠങ്ങള്‍ കോണ്‍ഗ്രസിനു ധാരാളമുണ്ട്. അതില്‍നിന്നൊന്നും ഗുണപാഠം ഉള്‍ക്കൊള്ളാനാവുന്നില്ലെങ്കില്‍ അതു വിളിച്ചുവരുത്തുന്നത് വിനാശകരമായ രാഷ്ട്രീയമായിരിക്കും. ഗ്രൂപ്പുകള്‍ക്കതീതമായി കോണ്‍ഗ്രസ് ഗ്രൂപ്പുനേതാക്കള്‍ക്ക് ഒന്നിക്കാന്‍ കഴിയുന്ന ഒരേ ഒരു കാര്യമുണ്ട്- തെരഞ്ഞെടുപ്പുകാലത്ത് ഘടകകക്ഷികളെ ഒതുക്കുകയെന്ന ഏക കാര്യം!
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല