ലണ്ടനില്‍ നടക്കാനിരിക്കുന്ന 2012 ഒളിമ്പിക്സ് ഗെയിംസിന വരവേല്‍ക്കാന്‍ വിശ്വസാഹിത്യകാരന് വില്യം ഷേക്സ്പിയറുടെ നാടകങ്ങള്‍ 38 ഭാഷകളില്‍ അണിയറയില്‍ ഒരുങ്ങുന്നു. അറബിക്, സ്പാനിഷ്, ഉറുദു ഉള്‍പ്പെടെയുള്ള 38 ഭാഷകളിലാണ് ബ്രിട്ടനില്‍ നടക്കുന്ന തീയേറ്റര്‍ സീസണില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നതിനു വേണ്ടി നാടകങ്ങള്‍ ഒരുക്കുന്നത്.
അടുത്തവര്‍ഷം വിശ്വസാഹിത്യകാരന്റെ ജന്മദിനമായ ഏപ്രില്‍ 23ന് ആരംഭിച്ച് ആറാഴ്ച നീണ്ടുനില്‍ക്കുന്ന തിയേറ്റര്‍ സീസണില്‍ ഈ നാടകങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെടുമെന്ന് ഷേക്സ്പീരിയന്‍ നാടകങ്ങള്‍ അരങ്ങിലെത്തിക്കുന്ന ലണ്ടനിലെ പ്രശസ്തമായ ഗ്ലോബ് തിയേറ്റര്‍ അധികൃതര്‍ പറഞ്ഞു.
ഷേക്സ്പിയറുടെ പ്രശസ്ത നാടകമായ ജൂലിയസ് സീസര്‍ ഇറ്റാലിയന്‍ ഭാഷയില്‍ പ്രദര്‍ശിപ്പിക്കപ്പെടുമ്പോള്‍ ദ ടെംപസ്റ്റ് അറബിക് ഭാഷയിലും ലവ്സ് ലേബേഴ്സ് ലോസ്റ്റ് ബ്രിട്ടീഷ് ചിഹ്നഭാഷയിലും ട്രോയിലസ് ആന്റ് ക്രസിഡ മവോരി ഭാഷയിലും അരങ്ങിലെത്തും. ഉറുദു ഭാഷയില്‍ വേദിയിലെത്തുന്ന ടേമിങ് ഓഫ് ദ ഷ്ര്യൂവില് പാകിസ്താനി ടെലിവിഷന്‍ താരം നാദിയ ജമീല്‍ കാതറീനായി വേഷമിടും. ആസ്ട്രേലിയന്‍ ഭാഷയില്‍ കിങ് ലിയറും വേദിയിലെത്തും.
ഒളിമ്പിക്സ് ഗെയിംസിനു സ്വാഗതമോതി ലണ്ടന്റെ ഹൃദയത്തില്‍ ഒരു അന്തര്‍ദേശീയ ഷേക്സ്പീരിയന്‍ കൂട്ടായ്മ രൂപപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ഗ്ളോബ് തിയേറ്ററിന്റെ കലാ വിഭാഗം ഡയറക്ടര്‍ ഡൊമനിക് ഡ്രോംഗൂള് പറയുന്നു. ലണ്ടന്‍ ഒളിമ്പിക്സ് ആഘോഷത്തിനായി 2008ല്‍ ആരംഭിച്ച 2012 ലണ്ടന്‍ കള്‍ച്ചറല്‍ ഒളിമ്പിയയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല