ഇന്ത്യയിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന സംവിധായകന്‍ ഷങ്കര്‍ മലയാളത്തിലേക്ക്. ഷങ്കര്‍ ഒരുക്കുന്ന ചിത്രത്തില്‍ നായകനാകുന്നത് മലയാളികളുടെ പ്രിയതാരം മോഹന്‍ലാല്‍. എന്താ അത്‌ഭുതം തോന്നുന്നുണ്ടോ? എങ്കില്‍ സംഗതി യാഥാര്‍ത്ഥ്യമാകുകയാണ്. കമലഹാസന്റെ തിരക്കഥയില്‍ തമിഴ്, തെലുങ്ക്, മലയാളം ഭാഷകളില്‍ ഷങ്കര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ മലയാളം പതിപ്പിലാണ് ലാല്‍ അഭിനയിക്കുക.
തമിഴില്‍ കമലഹാസനും തെലുങ്കില്‍ പ്രഭാസുമായിരിക്കും നായകന്‍മാര്‍. ഓസ്‌ക്കാര്‍ ഫിലിംസിന്റെ ബാനറില്‍ രവിചന്ദ്രനാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. തമിഴില്‍ തലൈവന്‍ ഇരിക്കിന്‍ട്രാന്‍ എന്നാണ് പേരിട്ടിരിക്കുന്നത്. തമിഴ്, തെലുങ്ക്, മലയാളം പതിപ്പുകളില്‍ ബോളിവുഡ് താരറാണി കത്രീന കൈഫാണ് നായിക. കൂടാതെ ആക്ഷന്‍ ഹീറോ ജാക്കിചാന്‍ ഈ ചിത്രത്തിലൂടെ ഇന്ത്യന്‍ സിനിമയിലേക്ക് ചുവടുവെയ്‌ക്കുന്നു എന്നതാണ് ഏറ്റവും വലിയ സവിശേഷത.
ഓസ്‌ക്കാര്‍ ജേതാക്കളായ എ ആര്‍ റഹ്‌മാന്‍ സംഗീതവും റസൂല്‍ പൂക്കുട്ടി ശബ്‌ദമിശ്രണവും നിര്‍വ്വഹിക്കും. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം തന്നെ ചിത്രീകരണം നടക്കുമെന്നുമാണ് ചെന്നൈയില്‍ നിന്നുള്ള സൂചന. അന്യനും എന്തിരനുമൊക്കെ സംവിധാനം ചെയ്‌ത് പ്രേക്ഷകരെ വിസ്‌മയിപ്പിച്ച ഷങ്കര്‍ ഒരിക്കല്‍ക്കൂടി എത്തുമ്പോള്‍ മലയാളികളും ആകാംക്ഷാഭരിതരായി കാത്തിരിക്കും, തീര്‍ച്ച.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല