1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 4, 2012

വീട്ടിലായാലും ജോലി സ്ഥലത്തായാലും നിത്യജീവിതത്തില്‍ നമ്മെ ഏറ്റവും അധികം ഭാരപ്പെടുത്തുന്ന ഒരു പ്രശ്‌നമാണ്‌ സ്‌ട്രെസ്‌ അഥവാ സമ്മര്‍ദ്ദം. സമൂഹത്തിന്റെ അടിത്തറയായ കുടുംബത്തില്‍ എന്നാണ്‌ ഇത്തരം പ്രശ്‌നങ്ങള്‍ കടന്നു വരുന്നത്. അതിനാല്‍ അവയെ അതിജീവിക്കാന്‍ കുടുംബാംഗങ്ങള്‍ക്ക്‌ കഴിയണം. അവിടെയാണ്‌ ജീവിതം വിജയത്തിലെത്തുന്നത്‌. ജീവിതത്തില്‍ അനേകം പ്രശ്‌നങ്ങളുണ്ടാകാം. അതൊന്നും സഹിക്കാന്‍ എല്ലാവര്‍ക്കും സാധിക്കുമെന്ന്‌ വരില്ല. അങ്ങനെ വരുന്ന സമയത്താണ്‌ മനസിന്‌ സമ്മര്‍ദ്ദമുണ്ടാകുന്നത്‌. മാനസികസമ്മര്‍ദ്ദം പല രീതിയിലുള്ള പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കാറുണ്ട്‌.

നിങ്ങള്‍ സ്‌ട്രെസിനടിമയോ?

നമ്മള്‍ ഓരോരുത്തരും സ്‌ട്രെസിന്‌ അടിമകളായിരിക്കാം. പക്ഷേ നാം അത്‌ അറിയുന്നില്ലെന്ന്‌ മാത്രം. ഈ പ്രശ്‌നം എന്താണെന്ന്‌ മനസിലാക്കിയാല്‍ പരിഹാരവും കണ്ടെത്താനാവും. നിങ്ങള്‍ സമ്മര്‍ദ്ദത്തിനു അടിമയാകുന്നു എന്നതിന് പൊതുവായ ചില സൂചനകള്‍ താഴെ കൊടുക്കുന്നു.

മാനസിക പ്രശ്നങ്ങള്‍

ഓര്‍മ്മക്കുറവ്‌, ശ്രദ്ധക്കുറവ്‌, ആകുലത, തീരുമാനങ്ങളെടുക്കാന്‍ ബുദ്ധിമുട്ട്‌, ശുഭാപ്‌തിവിശ്വാസമില്ലായ്‌മ, ഉചിതമല്ലാത്ത തീരുമാനം, ദിവാസ്വപ്‌നം കാണല്‍, ഏകാന്തത ഇഷ്‌ടപ്പെടുക, മറ്റുള്ളവരുമായി സഹകരിക്കാതിരിക്കുക, ഭയം, നിസ്സഹായഭാവം, ഉത്‌ക്കണ്‌ഠ, നിരാശ, കുറ്റബോധം എന്നിവയൊക്കെയാണ്‌ സ്‌ട്രെസിന്റെ ലക്ഷണങ്ങള്‍. എന്നിവ നിങ്ങള്‍ക്ക്‌ ഉണ്ടെങ്കില്‍ നിങ്ങളും സ്‌ട്രെസിന്റെ അടിമയാണ്‌ എന്നു കരുതാവുന്നതാണ്‌.

ശാരീരിക പ്രശ്നങ്ങള്‍

ദഹനമില്ലായ്‌മ, തലവേദന, ഇടുപ്പുകള്‍ക്ക്‌ വേദന, ക്ഷീണം, ഉറക്കമില്ലായ്‌മ, ലൈംഗികവിരക്‌തി, നെഞ്ചുവേദന, തൂക്കംകൂടുക, തൂക്കം കുറയുക, ക്രമം തെറ്റിയ ഹൃദയമിടിപ്പ്‌, ആസ്‌ത്മ, അലര്‍ജി, ചര്‍മ്മത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍, പുറംവേദന, ശ്വാസതടസം, തലറക്കം, പല്ലുകടി, ക്രമംതെറ്റിയ മൂത്രവിസര്‍ജ്‌ജനം, രക്‌തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍, വിയര്‍പ്പ്‌, വയറിളക്കം, മലബന്ധം, പ്രമേഹം ഇവയൊക്കെ വളരെ ഉയര്‍ന്നതോതിലുണ്ടായാല്‍ നിങ്ങള്‍ സ്‌ട്രെസിന്‌ അടിമയാണെന്ന്‌ കണ്ടെത്താം.

പെരുമാറ്റത്തില്‍ കാണുന്ന മാറ്റങ്ങള്‍

ക്രമംതെറ്റിയ ഭക്ഷണം, ഉറക്കം, ലൈംഗികത, പുകവലി, മദ്യാസക്‌തി, അമിതാദ്ധ്വാനം, മ്ലാനത, കരച്ചില്‍, കോപം, ദേഷ്വം, അസൂയ, നിരാശ ശ്രദ്ധയില്ലായ്‌മ, ഉദാസീനത, ടെന്‍ഷന്‍, തിരക്ക്‌, പേടി എന്നിവയാണ്‌ സ്‌ട്രൈസ്‌ മൂലം പെരുമാറ്റത്തിലുണ്ടാകുന്നത്‌.ഇത്തരം പ്രശ്‌നങ്ങള്‍ കണ്ടെത്തി എത്രയും വേഗം പരിഹരിക്കാന്‍ ശ്രമിക്കണം. പരിഹരിച്ചില്ലെങ്കില്‍ അത്‌ പല രോഗങ്ങള്‍ക്കും കാരണമാകാറുണ്ട്‌.

സ്‌ട്രെസ്‌ വരുത്തുന്ന പ്രശ്നങ്ങള്‍

ഹൃദയസ്‌തംഭനം, സ്‌ട്രോക്ക്‌, കാന്‍സര്‍, രക്‌തസമ്മര്‍ദ്ദം, അള്‍സര്‍, ഓര്‍മ്മക്കുറവ്‌, വന്ധ്യത, തൈറോയ്‌ഡ്, ഭക്ഷണത്തോട്‌ വിരക്‌തി, വിഷാദം, അമിതവണ്ണം, തലവേദന, ഹൈപ്പര്‍ടെന്‍ഷന്‍, പ്രമേഹം, ക്ഷീണം, മുടികൊഴിച്ചില്‍, ചര്‍മ്മരോഗങ്ങള്‍, പല്ല്‌- മോണരോഗങ്ങള്‍ എന്നിവ ഉണ്ടാകാം.
സ്‌ട്രെസ്‌ ഒഴിവാക്കാന്‍

സ്വയം സ്‌നേഹിക്കുക, ക്ഷമശീലമാക്കുക, ഉറങ്ങുക, വികാരങ്ങള്‍ പ്രകടിപ്പിക്കുക, ജീവിതത്തില്‍ സംതൃപ്‌തി കണ്ടെത്തുക, പാട്ട്‌ കേള്‍ക്കുക, വ്യായാമം ക്രമമായി ചെയ്യുക, നന്മചെയ്യുക, മറ്റുള്ളവരെ സഹായിക്കുക, പരസ്‌പരം അഭിനന്ദിക്കുക, കടുംപിടുത്തം ഒഴിവാക്കുക, ഫലം പ്രതീക്ഷിക്കാതെ ജോലി ചെയ്യുക.

സ്‌ട്രെസ്‌ കുട്ടികളില്‍

മുതിര്‍ന്നവരെ മാത്രം അലട്ടുന്ന ഒരു പ്രശ്‌നമല്ല സ്‌ട്രെസ്‌. മറിച്ച്‌ ഇത്‌ കൊച്ചുകുട്ടികള്‍ക്കും ഉണ്ടാകാം. കുടുംബത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍, പാഠ്യവിഷയങ്ങള്‍ ഇഷ്‌ടമില്ലാതെ വരുന്നത്‌, അദ്ധ്യാപകരെയും സുഹൃത്തുക്കളെയും ഇഷ്‌ടമില്ലാതെ വരുന്നത്‌, പ്രിയവപ്പെട്ടവരുടെ മരണം ഇവയൊക്കെയാണ്‌ കുട്ടികളില്‍ സ്‌ട്രെസുണ്ടാവാന്‍ കാരണം.

വിക്ക്‌, ദുസ്വപ്‌നം കാണല്‍, വിരല്‍കുടിക്കല്‍, വിശപ്പില്ലായ്‌മ, കിടന്നുമുള്ളല്‍, അക്രമവാസന, നുണപറയുക, ഇരുട്ടിനെ ഭയപ്പെടുക തുടങ്ങിയ അനേകം പ്രശ്‌നങ്ങള്‍ കുട്ടികള്‍ക്ക്‌ ഇതുമൂലമുണ്ടാവാം.

കുടുംബത്തില്‍ ശാന്തമായ അന്തരീക്ഷമുണ്ടാക്കുക, വ്യായാമം, വിശ്രമം, വിനോദം, സൗഹൃദം, മാതാപിതാക്കളുമായുള്ള സൗഹൃദം, പ്രാര്‍ത്ഥന, ധ്യാനം ഇവയൊക്കെ കുട്ടികളെ ശീലിപ്പിക്കുക. എന്തു പ്രശ്‌നമുണ്ടായാലും തുറന്നുപറയാനുള്ള സ്വാതന്ത്ര്യം കുട്ടികള്‍ക്ക്‌ കൊടുക്കേണ്ടത്‌ മാതാപിതാക്കളുടെ കടമയാണ്‌. ഇത്രയുമായാല്‍ കുട്ടികളെ സ്‌ട്രെസ്സില്‍നിന്ന്‌ രക്ഷിക്കാവുന്നതാണ്‌.

സ്‌ട്രെസ്‌- ഗര്‍ഭിണികളില്‍

ഗര്‍ഭിണികള്‍ക്ക്‌ സ്‌ട്രെസുണ്ടായാല്‍ അത്‌ ജനിക്കാന്‍ പോകുന്ന കുഞ്ഞിനെ മാനസികമായും ശാരീരികമായും ബാധിക്കാറുണ്ട്‌. ഗര്‍ഭകാലത്ത്‌ ശാരീരികമായ ധാരാളം അസ്വസ്‌ഥതകള്‍ ഉണ്ടാവാറുണ്ട്‌, ഛര്‍ദ്ദി, നടുവേദന, നീര്‌, ക്ഷീണം, ഭക്ഷണത്തോട്‌ വിരക്‌തി അങ്ങനെ നീളുന്നു ഗര്‍ഭിണികളുടെ പ്രശ്‌നങ്ങള്‍.

ഹോര്‍മോണിന്‌ പല വ്യതിയാനങ്ങളും വരുന്ന സമയമായതിനാല്‍ ഏറെ സൂക്ഷിക്കേണ്ടതുണ്ട്‌.
ഗര്‍ഭിണികള്‍ ആദ്യം അനാവശ്യമായ ചിന്തകള്‍ ഒഴിവാക്കുകയാണ്‌ ചെയ്യേണ്ടത്‌. വൈദ്യശാസ്‌ത്രപരമായ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ വിശ്രമം ആവശ്യമാണ്‌. അമിതമായ ചിന്തകള്‍ സ്‌ട്രെസ്‌ അറിയാതെ ഉണ്ടാകാന്‍ കാരണമാകാറുണ്ട്‌. സ്‌ട്രെസുണ്ടായാല്‍ രക്‌തയോട്ടത്തെ തടയുന്ന ഹോര്‍മോണുകള്‍ ശരീരത്തിലുണ്ടാകുകയും അവ ഗര്‍ഭസ്‌ഥശിശുവിന്‌ വേണ്ട വായുവിനെയും പോഷകാംശങ്ങളെയും തടയുകയും ചെയ്യാറുണ്ട്‌.

സ്‌ട്രെസ്‌ കൂടിയാല്‍ ഗര്‍ഭിണികളില്‍ അബോര്‍ഷന്‍, കുട്ടിക്ക്‌ ഭാരക്കുറവ്‌, മാസം തികയുന്നതിന്‌ മുമ്പുള്ള പ്രസവം എന്നിവ വരെ സംഭവിക്കാം. മിതമായ ആഹാരം, ആവശ്യത്തിനുറക്കം, വ്യായാമം, നല്ല കാര്യങ്ങള്‍ ചിന്തിക്കുക, പ്രവര്‍ത്തിക്കുക, പാട്ട്‌ കേള്‍ക്കുക, ചിരിക്കുക എന്നിവ ചെയ്യുക. നല്ല അന്തരീക്ഷത്തിലേക്ക്‌ ജനിച്ചു വീഴുന്ന കുഞ്ഞ്‌ നല്ല വ്യക്‌തിയാകും എന്ന വസ്‌തുത മറക്കാതിരിക്കുക.

ജോലിയും സ്‌ട്രെസും

അമിതമായ ജോലിഭാരം, സമയമാറ്റം, തിരക്ക്‌, അമിത ഉത്തരവാദിത്വം, മേലധികാരികളുടെ പെരുമാറ്റം, ജോലിയും കുടുംബവും ഒന്നിച്ചുകൊണ്ടുപോകാനുള്ള പ്രയാസം, കുറഞ്ഞ വേതനം, തൊഴില്‍പീഡനം, യൂണിയന്‍ പ്രശ്‌നങ്ങള്‍ എന്നിവയാണ്‌ ജോലി സ്‌ഥലത്തുണ്ടാകുന്ന പ്രശ്‌നങ്ങള്‍. ഇവ സ്‌ട്രെസ്‌ ഉണ്ടാകാന്‍ കാരണമാകുന്നു. ശ്രദ്ധയില്ലായ്‌മ, ജോലിയോടുള്ള താത്‌പര്യം കുറയുന്നത്‌, അസ്വസ്‌ഥത, കുടുംബബന്ധത്തിലെ താളപ്പിഴ എന്നിവയാണ്‌ ജോലിക്കിടയിലുണ്ടാകുന്ന പ്രശ്‌നങ്ങളുടെ പരിണിതഫലങ്ങള്‍. ഇത്‌ ആത്മഹത്യയില്‍വരെ എത്തി നില്‍ക്കാവുന്ന ഒരു പ്രശ്‌നമാണ്‌.

ശുഭാപ്‌തിവിശ്വാസം വളര്‍ത്തുക, വിനോദത്തിന്‌ സമയം കണ്ടെത്തുക, സത്യസന്ധതപാലിക്കുക, ജോലിയും കുടുംബജീവിതവും കൂട്ടിക്കുഴയ്‌ക്കാതിരിക്കുക. ഇവയൊക്കെ ശ്രദ്ധിച്ചാല്‍ ജോലിത്തിരക്കുകളുടെ ഇടയില്‍നിന്നും സ്‌ട്രെസ്‌ അകറ്റാവുന്നതാണ്‌. ജീവിതത്തില്‍ പല കാര്യങ്ങളും മറക്കേണ്ടതും പൊറുക്കേണ്ടതുമായുണ്ട്‌. പലതും കണ്ടില്ലെന്നു നടിക്കണം. ഉത്തമ കുടുംബജീവിതത്തിന്‌ പരസ്‌പര വിശ്വാസവും വിട്ടുവീഴ്‌ചയുമാണ്‌ ആവശ്യം. അതറിഞ്ഞ്‌ വീട്ടിലും ജോലിസ്‌ഥലത്തും പെരുമാറുക. മാനസികല്ലോസത്തോടെ ജീവിക്കുക. ജീവിതം ആനന്ദാനുഭൂതിയാക്കി മാറ്റുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.