മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസിന്റെ പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ ലിയാണ്ടര്‍ പേസ്-മഹേഷ് ഭൂപതി സഖ്യം മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു. അര്‍ജന്റീനയുടെ യുവാന്‍ മൊണാക്കോ-സ്‌പെയിനിന്റെ ഫെലിസിയാനോ ലോപ്പസ് സഖ്യത്തെയാണ് പേസും ഭൂപതിയും തോല്‍പിച്ചത്. സ്‌കോര്‍: 7-6 (2), 6-4.
ഒരു സെറ്റ് കൈവിട്ട ഒന്നാം റൗണ്ട് മത്സരത്തില്‍ നിന്ന് ഏറെ മെച്ചപ്പെട്ട പ്രകടനമാണ് രണ്ടാം റൗണ്ടില്‍ പേസും ഭൂപതിയും പുറത്തെടുത്തത്. ഒന്നാം സെര്‍വ് പരമാവധി പോയിന്റുകളാക്കി മാറ്റിയ ഇന്ത്യന്‍ ജോഡി കഷ്ടിച്ച് ഒന്നര മണിക്കൂര്‍ കൊണ്ടാണ് മത്സരം സ്വന്തമാക്കിയത്. ആദ്യ സെറ്റിലാണ് ഇവര്‍ അല്‍പം വിയര്‍ത്തത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ടൈബ്രേക്കറിലാണ് ഇവര്‍ സെറ്റ് സ്വന്തമാക്കിയത്. മൂന്നാം റൗണ്ടില്‍ ഇവര്‍ക്ക് എതിരാളികളില്‍ നിന്ന് കാര്യമായ വെല്ലുവിളികള്‍ നേരിടേണ്ടിവന്നില്ല. മൂന്നാം റൗണ്ടില്‍ സ്പാനിഷ് ജോഡിയായ ടോമി റോബ്രഡോയും മാര്‍സല്‍ ഗ്രാനൊളേഴ്‌സാണ് ഇന്ത്യന്‍ സഖ്യത്തിന്റെ എതിരാളി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല