സിറിയയില്‍ സൈന്യത്തിന്‍റെ മോര്‍ട്ടാര്‍ ആക്രമണത്തില്‍ 200ലേറെ പേര്‍ മരിച്ചെന്ന് പ്രക്ഷോഭകര്‍. 11 മാസത്തെ പ്രക്ഷോഭത്തിനിടയി ലെ ഏറ്റവും വലിയ കൂട്ടക്കുരുതിയെന്ന് ആക്ഷേപം. ആക്രമണ വാര്‍ത്ത സര്‍ക്കാര്‍ നിഷേധിച്ചു. യുഎന്‍ രക്ഷാസമിതി സിറിയയ്ക്ക് എതിരായ പ്രമേയം പരിഗണിച്ചുകൊണ്ടിരിക്കുന്നതിനിടെ ദുഷ്ടലാക്കോടെയുള്ള പ്രചാരണമെന്ന് അസദ് ഭരണകൂടം.
ഹോംസ് നഗരത്തില്‍ സൈന്യം നടത്തിയ മോര്‍ട്ടാര്‍ ആക്രമണത്തില്‍ 200ല്‍ ഏറെ പേര്‍ മരിച്ചതായാണ് പ്രക്ഷോഭകര്‍ പറയുന്നത്. മേഖലയില്‍നിന്ന് ഷെല്‍ ആക്രമണത്തിന്‍റെ ശബ്ദം നിരന്തരം ഉയരുന്നതായി സമീപവാസികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഹോംസില്‍നിന്നു നേരിട്ടുള്ള റിപ്പോര്‍ട്ടുകള്‍ ലഭ്യമല്ല. ഹോംസ് കത്തിക്കൊണ്ടിരിക്കുകയാണെന്ന് പ്രക്ഷോഭകാരികള്‍. മരണ സംഖ്യ എത്രയെന്നു പറയാറായിട്ടില്ല. ഇരുന്നൂറിലേറെ പേര്‍ മരിച്ചതായാണ് പ്രാഥമിക കണക്കുകളെന്ന് പ്രക്ഷോഭകര്‍. മൃതദേഹങ്ങള്‍ കൂടിക്കിടക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നുണ്ട്.
വെള്ളിയാഴ്ച രാത്രി മുതല്‍ തുടങ്ങിയ മോര്‍ട്ടാര്‍ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഇരുന്നൂറിലേറെപ്പേര്‍ മരിച്ചതായി ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ്. 140 പേര്‍ ഖാല്‍ദിയയിലാണ് മരിച്ചത്. മാര്‍ച്ചില്‍ തുടങ്ങിയ പ്രക്ഷോഭത്തിനു നേരെയുള്ള ഏറ്റവും രൂക്ഷമായ സേനാനടപടിയെന്ന് ഒബ്സര്‍വേറ്ററി തലവന്‍ റാമി അബ്ദുല്‍ റഹ്മാന്‍. വിമത സേന സൈനിക ചെക്പോസ്റ്റില്‍ ആക്രമണം നടത്തി 17 പേരെ തടങ്കലില്‍ വച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതാണ് സൈന്യത്തെ കടുത്ത നടപടിക്കു പ്രേരിപ്പിച്ചതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.
തടങ്കലിലാക്കിയവരെ വധിച്ച് ആ മൃതദേഹ ചിത്രങ്ങളാണ് ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുന്നതെന്ന് സര്‍ക്കാര്‍. യുഎന്‍ രക്ഷാസമിതിയില്‍ സിറിയയ്ക്കെതിരായ പ്രമേയത്തിന് പിന്തുണ കൂട്ടാനാണ് ഇത്തരത്തില്‍ പ്രചാരണം നടത്തുന്നതെന്നും സര്‍ക്കാര്‍.സിറിയയില്‍ ബാഷര്‍ അല്‍ അസദ് ഭരണമൊഴിയണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം യുഎന്‍ രക്ഷാസമിതി പരിഗണിച്ചുകൊണ്ടിരിക്കുകയാണ്. പ്രമേയം വോട്ടിനിടുന്നതിന് എതിരേ റഷ്യ രംഗത്തുവന്നിട്ടുണ്ട്. സിറിയന്‍ പ്രശ്നത്തിനു പരിഹാരമല്ല, അതു വഷളാക്കാനാണ് പ്രമേയം ഉപകരിക്കുകയെന്ന് റഷ്യന്‍ വിദേശ മന്ത്രി സെര്‍ജി ലാവ്റോവ്. പ്രമേയത്തെ വീറ്റോ ചെയ്യുമെന്ന് റഷ്യ പ്രഖ്യാപിച്ചിച്ചുണ്ട്. അമെരിക്കയുടെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും പിന്തുണയോടെ അറബ് ലീഗാണ് പ്രമേയം കൊണ്ടുവരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല