ബ്രിട്ടനിലെ എല്ലാ ഇന്ത്യക്കാരെയും കണ്ണീരില്‍ ആഴ്ത്തിയ ഒരു മരണമായിരുന്നു അടുത്തിടെ മാഞ്ചസ്റ്ററില്‍ വെടിയേറ്റ് മരിച്ച അനുജ് ബിദ്വേയുടേത്. യുകെയില്‍ ഉന്നത പഠനത്തിനായി എത്തിയ ഈ ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ സ്മരണാര്‍ത്ഥം ഇപ്പോള്‍ യൂണിവേഴ്സിറ്റി സ്കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തുന്നു. കഴിഞ്ഞ ബോക്സിംഗ് ഡേയില്‍ സാല്‍ഫോര്‍ഡിലെ ഓര്ഡ്സാള്ളില് വെച്ച് വെടിയേറ്റ് മരണമടഞ്ഞ ഇരുപത്തിമൂന്നുകാരനായ ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ പേരില്‍ ലങ്കാസ്റ്റര്‍ യൂണിവേഴ്സിറ്റിയാണ് അനുജ് ബിദ്വേ മെമ്മോറിയല്‍ സ്കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തുന്ന കാര്യം പ്രഖ്യാപിച്ചത്. ലങ്കാസ്റ്റര്‍ യൂണിവേഴ്സിറ്റിയില്‍ എന്‍ജിനീയറിംഗ് പി.ജി വിദ്യാര്‍ഥി ആയിരുന്നു അനുജ് ബിദ്വേ.
ഇന്ത്യയിലെ പൂനെ യൂണിവേഴ്സിറ്റിയില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് അനുജ് ബിദ്വേ ഉന്നത പഠനത്തിനായി യുകെയില്‍ എത്തിയത് അതിനാല്‍ ഏര്‍പ്പെടുത്തുന്ന സ്കോളര്‍ഷിപ്പ് പൂനെ യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ഥിയ്ക്ക് നല്‍കാനാണ് ഉദ്ദേശിക്കുന്നത്. ഈ സ്കോളര്‍ഷിപ്പ് ലഭിക്കുന്ന വിദ്യാര്‍ഥിക്ക് എന്‍ജിനീയറിങ്ങില്‍ വിഭാഗത്തില്‍ ലങ്കാസ്റ്റര്‍ യൂണിവേഴ്സിറ്റിയില്‍ എംഎസ്സിയ്ക്ക് ഉന്നത പഠനത്തിനുള്ള അവസരമാണ് ലഭിക്കുക. നിലവിലെ സാഹചര്യം വെച്ച് നോക്കുമ്പോള്‍ ഈ വര്‍ഷം ഒക്റ്റോബറില്‍ തന്നെ ഈ സ്കോളര്‍ഷിപ്പ് ഒരു വിദ്യാര്‍ഥിക്ക് ലഭിച്ചേക്കും.
പഠനത്തിനായി ആവശ്യമായി വരുന്ന എല്ലാ ഫീസുകളും താമസത്തിനുള്ള ചിലവും അടങ്ങുന്ന സ്കോളര്‍ഷിപ്പിനെ പറ്റി ലങ്കാസ്റ്റര്‍ യൂണിവേഴ്സിറ്റിയിലെ വൈസ് ചാന്‍സലര്‍ ആയ പ്രഫസര്‍ മാര്‍ക്ക് ഇ സ്മിത്ത് പറയുന്നത് ബിദ്വേ കുടുംബത്തിന്റെ ആഗ്രഹപ്രകാരമാണ് ഇങ്ങനെയൊരു സ്കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തുന്നത് എന്നാണ്. ഞങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവനും മിടുക്കനുമായ വിദ്യാര്‍ഥിയായിരുന്നു അനുജ് ബിദ്വേ എന്നും അതിനാല്‍ അവന്റെ ഓര്‍മ്മകള്‍ എന്നെന്നും നിലനിര്‍ത്താന്‍ ഈ സ്കോളര്ഷിപ്പിനാകും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഡിസംബറില്‍ ക്രിസ്തുമസ് ആഘോഷിക്കാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം മാഞ്ചസ്റ്ററില്‍ എത്തിയപ്പോള്‍ ഒരു പരിചയവുമില്ലാത്ത യുവാവ് അനൂജിനെ വെടി വെക്കുകയായിരുന്നു.
ഇതേതുടര്‍ന്ന് അനുജിന്റെ മരണവുമായി ബന്ധപ്പെട്ടു ഇരുപതുകാരനായ കൈറാന്‍ സ്ടാപ്ല്ടണെ പോലീസ് കൊലക്കുറ്റത്തിനു അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ വിചാരണ വരുന്ന മാര്‍ച്ചില്‍ മാഞ്ചസ്റ്റര്‍ ക്രൌണ്‍ കോര്‍ട്ടില്‍ നടക്കാനിരിക്കുകയാണ്. അനൂജിന്റെ മരണത്തെ തുടര്‍ന്ന് യുകെയില്‍ ഉന്നത പഠനത്തിനെത്തിയ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ സുരക്ഷയില്‍ അനൂജിന്റെ കുടുംബാംഗങ്ങള്‍ ആശങ്ക പ്രകടിപ്പിക്കുയും ചെയ്തിരുന്നു. എന്തായാലും വിചാരണ നടപടികള്‍ ആരംഭിക്കാനിരിക്കെ അനൂജിന് നീതി ലഭിക്കുമെന്ന വിശ്വാസത്തിലാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല