രഞ്ജിത്തിന്റെ അടുത്ത ചിത്രം ‘ലീല’ അല്ലെന്നുറപ്പായി. മോഹന്‍ലാലിനെ നായകനാക്കിയുള്ള ചിത്രം മാര്‍ച്ച് 10ന് ആരംഭിക്കുകയാണ്. ചിത്രത്തിന് ‘സ്പിരിറ്റ്’ എന്ന് പേരിട്ടു. ഒരു ആക്ഷന്‍ ഡ്രാമയാണിതെന്നാണ് ആദ്യ വിവരം. താരനിര്‍ണയം നടന്നുവരുന്നു. ആശീര്‍വാദ് സിനിമാസ് ഈ സിനിമ നിര്‍മ്മിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഒരിടവേളയ്ക്ക് ശേഷം രഞ്ജിത് ആക്ഷന്‍ പ്രാധാന്യമുള്ള ഒരു സിനിമ ചെയ്യുകയാണ്. ബിഗ് ബജറ്റിലായിരിക്കും ‘സ്പിരിറ്റ്’ ഒരുങ്ങുക. നായികയെ തീരുമാനിച്ചിട്ടില്ല. എങ്കിലും ബോളിവുഡില്‍ നിന്നായിരിക്കും നായിക. മോഹന്‍ലാലിന്റെ വളരെ പ്രത്യേകതയുള്ള ഒരു കഥാപാത്രമായിരിക്കും ചിത്രത്തിലേത്.
തിലകന്, നെടുമുടി വേണു എന്നിവര്‍ ഈ സിനിമയിലുണ്ടാകുമെന്നാണ് വിവരം. ‘ലീല’യില്‍ ഇരുവരും ഒന്നിക്കുമെന്നായിരുന്നു കേട്ടതെങ്കിലും ആ പ്രൊജക്ട് മാറ്റിവച്ചതിനാല്‍ സ്പിരിറ്റിലൂടെ ഇവരെ ഒന്നിപ്പിക്കാനാണ് ശ്രമം. അങ്ങനെ വന്നാല്‍ മോഹന്‍ലാല്‍, തിലകന്, നെടുമുടി വേണു എന്നീ മഹാനടന്മാരുടെ സംഗമവേദി കൂടിയായി ‘സ്പിരിറ്റ്’ മാറും.
2007ല്‍ പുറത്തിറങ്ങിയ ‘റോക്ക് ആന്റ് റോള്‍’ ആയിരുന്നു മോഹന്‍ലാലും രഞ്ജിത്തും ഒന്നിച്ച് ഒടുവില്‍ ചെയ്ത സിനിമ. മംഗലശ്ശേരി നീലകണ്ഠനെപ്പോലെ, പൂവള്ളി ഇന്ദുചൂഢനെപ്പോലെ, ജഗന്നാഥനെപ്പോലെ മറ്റൊരു ഉശിരന്‍ കഥാപാത്രത്തെ മോഹന്‍ലാലിനായി രഞ്ജിത് തയ്യാറാക്കിയിരിക്കുന്നു എന്നാണ് അണിയറ സംസാരം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല