ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്ലിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ സുനില്‍ മിത്തല് പ്രതിമാസം വാങ്ങുന്ന ശമ്പളം 1.96 കോടി രൂപ.
ഇന്ത്യന്‍ ടെലികോം മേധാവികളുടെ കൂട്ടത്തില്‍ ഏറ്റവുമധികം ശമ്പളവും ഇദ്ദേഹത്തിന് തന്നെ. ഇന്ത്യന്‍ സമ്പന്നരുടെ പട്ടികയില്‍ എട്ടാം സ്ഥാനത്താണ് ഈ 53കാരന്‍. മൊത്തം ആസ്തി 37,000 കോടി രൂപ.
പതിനെട്ടാം വയസ്സില്‍ പിതാവില്‍ നിന്ന് കിട്ടിയ 20,000 രൂപയുമായി സൈക്കിള്‍ ചെയിന്‍ നിര്‍മാണ യൂണിറ്റ് തുടങ്ങി വ്യവസായ രംഗത്തേക്ക് ഇറങ്ങിയ മിത്തലിന് പിന്നീട് പടിപടിയായുള്ള മുന്നേറ്റമായിരുന്നു. 1980ല്‍ സൈക്കിള്‍ ചെയിന്‍ യൂണിറ്റ് വിറ്റ് ഇറക്കുമതി രംഗത്തേക്ക്. പിന്നീട് ഭാരതി ബ്രാന്‍ഡില്‍ പുഷ്-ബട്ടണ്‍ ഫോണുകളുടെ നിര്‍മാണം. 1992ല്‍ ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ സേവനം ലഭ്യമാക്കാനുള്ള ലൈസന്‍സ് ലഭിച്ചു. പക്ഷെ സേവനം ആരംഭിക്കാന്‍ പിന്നെയും മൂന്ന് വര്‍ഷം കാത്തിരിക്കേണ്ടിവന്നു. 1993ലാണ് എയര്‍ടെല്‍ എന്ന ബ്രാന്‍ഡില്‍ ഡല്‍ഹിയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ സേവനം ആരംഭിച്ചത്. വളരെ ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ട് ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായി വളര്‍ന്ന ഭാരതി എയര്‍ടെല്‍, വിദേശത്തു വന്‍തോതില്‍ ഏറ്റെടുക്കലുകള്‍ നടത്തി ആഗോള കമ്പനിയായി വളര്‍ന്നു.
ഭാരതി എയര്‍ടെല്ലിന്റെ ഉടമ പ്രതിവര്‍ഷം 23.49 കോടി രൂപ ശമ്പളം പറ്റുമ്പോള്‍, എയര്‍ടെല്ലിന്റെ സിഇഒയും ജോയിന്റ് മാനേജിങ് ഡയറക്ടറുമായ മനോജ് കോഹ്‌ലിയുടെ ശമ്പളം 4.53 കോടി രൂപയാണ്.
ഐഡിയ സെല്ലുലാറിന്റെ മാനേജിങ് ഡയറക്ടര്‍ സഞ്ജയ് അഗയാണ് ടെലികോം രംഗത്തെ ശമ്പളക്കാരില്‍ രണ്ടാമത്. 7.9 കോടി രൂപയാണ് ഇദ്ദേഹത്തിന്റെ കഴിഞ്ഞ വര്‍ഷത്തെ ശമ്പളം. അതായത് പ്രതിമാസം 65.83 ലക്ഷം രൂപ. ആദിത്യ ബിര്‍ള ഗ്രൂപ്പ് കമ്പനിയാണ് ഐഡിയ.
ടാറ്റാ കമ്യൂണിക്കേഷന്‍സിന്റെ മാനേജിങ് ഡയറക്ടര്‍ എന്‍.ശ്രീനാഥിന്റെ ശമ്പളം 1.6 കോടി രൂപയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല