1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 6, 2012

സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ബ്രിട്ടന്റെ അഹങ്കാരത്തിന് ഒട്ടും കുറവില്ല എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. കാരണം സാമ്പത്തിക സഹായം വേണ്ടെന്നു ഇന്ത്യ അറിയിച്ചിട്ടും ബ്രിട്ടണ്‍ ഇപ്പോഴും ഇന്ത്യയെ സഹായിക്കുകയാണ്. ബ്രിട്ടണ്‍ ധനസഹായമായ 280 മില്ല്യന്‍ ഇന്ത്യക്ക് വെറും ‘കപ്പലണ്ടി’ മാത്രമാണെന്ന് ഇന്ത്യന്‍ ധനകാര്യ മന്ത്രിയായ പ്രണബ് മുഖര്‍ജി പറഞ്ഞു. തങ്ങള്‍ക്കു ബ്രിട്ടന്റെ ധനസഹായം ആവശ്യമില്ല എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ വികസനവ്യായാമത്തില്‍ ഈ ധനം വെറും കപ്പലണ്ടിയുടെ വിലയെ ഉള്ളൂ എന്നാണു പ്രണബ്മുഖര്‍ജി അഭിപ്രായപ്പെട്ടത്.

ഇതിനിടെ പുറത്തായ ചില ഡോക്യുമെന്റ്സിലെ വിവരം അനുസരിച്ച് കഴിഞ്ഞ വര്‍ഷത്തോടെ ഈ ധനസഹായം വാങ്ങുന്നത് ഇന്ത്യ നിര്‍ത്തി വക്കുകയായിരുന്നു. എന്നാല്‍ ബ്രിട്ടണ്‍ അധികൃതര്‍ ഈ ധനം സ്വീകരിക്കുവാന്‍ ഇന്ത്യയോട് അപേക്ഷിക്കുകപോലും ഉണ്ടായി. ഇന്ത്യ ഈ സഹായ ധനം കൈപറ്റാതെ ഇരിക്കുന്നത് ബ്രിട്ടനെ സംബന്ധിച്ച് നാണക്കേടുണ്ടാക്കുന്ന കാര്യമാണത്രേ!

ഇന്ത്യ ഈ തുറന്നുകാട്ടല്‍ നടത്തിയത് പതിമൂന്നു ബില്ല്യണ്‍ പൌണ്ടിന് ഫ്രഞ്ച് സര്‍ക്കാരുമായി 126 യുദ്ധജെറ്റ്‌വിമാനങ്ങള്‍ വാങ്ങുന്ന കരാറിനു ശേഷമാണ്. ബ്രിട്ടണിന്റെ യൂറോ ജെറ്റിനെ പിന്തള്ളിയാണ് ഫ്രഞ്ച് ജെറ്റ്‌ ഡാസ്സാള്‍ട്ടു കരാര്‍ തട്ടിയെടുത്തത്. യൂറോജെറ്റ് വിമാനത്തിന്റെ ചില ഭാഗങ്ങള്‍ ബ്രിട്ടനിലാണ് രൂപകല്‍പ്പന നടത്തിയത്. കഴിഞ്ഞ വര്ഷം ഡേവിഡ്‌ കാമറൂണ്‍ ഇന്ത്യയില്‍ നടത്തിയ സന്ദര്‍ശനങ്ങള്‍ ഒന്നും തന്നെ വിലപോയില്ല എന്ന് വേണം കരുതാന്‍. ആഭ്യന്തരവികസന സെക്രെട്ടറി ആന്‍ഡ്രൂ മിച്ചലിനെതിരെയും ചോദ്യങ്ങള്‍ ഉണ്ടാകും എന്നതില്‍ സംശയം വേണ്ട.

ബ്രിട്ടന്റെ ഇന്ത്യയോടുള്ള സമീപനം യൂറോജെറ്റ്‌ വാങ്ങും എന്ന പ്രതീക്ഷയിലായിരുന്നു എന്നും ആരോപണം ഉണ്ട്. എന്നാല്‍ ഇപ്പോള്‍ പലരും ഇന്ത്യക്ക് ഈ സഹായധനം നല്‍കേണ്ടതില്ല എന്ന അഭിപ്രായക്കാരാണ്.ബ്രിട്ടനിലുള്ളതിനേക്കാള്‍ കൂടുതല്‍ ലക്ഷപ്രഭുക്കള്‍ ഇന്ത്യയിലുണ്ട് എന്ന കാര്യം ആരും മറക്കുന്നില്ല. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇന്ത്യയുടെ പുരോഗതി അസൂയാവഹമാണ്.

അറുപതു മില്ല്യന്‍ കുട്ടികളെ ഇന്ത്യ സ്കൂളിലേക്ക് അയച്ചു. എന്നാല്‍ ലോകത്തിലെ മുപ്പതു ശതമാനം പാവപ്പെട്ടവരും ഇന്ത്യയിലാണ് ജീവിക്കുന്നത്. ബ്രിട്ടന്റെ വലിപ്പമുള്ള സംസ്ഥാനങ്ങള്‍ ഇന്ത്യയിലുണ്ട് എന്നാല്‍ അവിടെയുള്ള പകുതിയിലധികം കുട്ടികളും പോഷകാഹാരക്കുറവിനാല്‍ കഷ്ട്ടപെടുന്നവരാണ്. അതിനാല്‍ ഇന്ത്യയെ ഉപേക്ഷിക്കാന്‍ തയ്യാറല്ല എന്ന് തന്നെയാണ് ഇപ്പോഴും ബ്രിട്ടണ്‍ അധികൃതര്‍ പറയുന്നത്. ഇന്ത്യന്‍ ധനകാര്യമന്ത്രിയുടെ ഈ കപ്പലണ്ടി പ്രയോഗം കഴിഞ്ഞ വര്‍ഷമാണ് നടന്നത് എന്ന് കരുതപ്പെടുന്നു എങ്കിലും ഇപ്പോഴാണ് ബ്രിട്ടീഷ്‌ മാധ്യമങ്ങള്‍ ഈ വിഷയം വിവാദമാക്കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.