അടുത്തകാലത്തെങ്ങും ഉണ്ടാകാത്ത കൊടുംശൈത്യത്തിന്റെ പിടിയില്‍ യൂറോപ്പ് വിറകൊള്ളുന്നു. യൂറോപ്പില്‍ അതിശൈത്യം മൂലം മരിച്ചവരുടെ എണ്ണം 300 കവിഞ്ഞു. കിഴക്കന്‍ യൂറോപ്പിലാണ് ഏറെപ്പേര്‍ക്കു ജീവഹാനി നേരിട്ടത്. യൂറോപ്പിന്റെ പല ഭാഗങ്ങളിലും മൈനസ് 30 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില താഴ്ന്നു. താപനില മൈനസ് 38 ഡിഗ്രിസെല്ഷ്യസിലേക്കു താണ യുക്രെയിനില്‍ മാത്രം 122 പേര് മരവിച്ചു മരിച്ചു. രക്തം ഉറയുന്ന തണുപ്പിലാണ് യൂറോപ്യന്‍ ജനത.
റഷ്യയില്‍ മൈനസ് 17, ബ്രിട്ടനില്‍ മൈനസ് 12 വരെയായി. റോമിലും ഡെന്മാര്ക്കിലും 27 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മഞ്ഞുവീഴ്ചയാണുണ്ടായത്. റോമിലെ പൌരാണിക കെട്ടിടങ്ങള്‍ മഞ്ഞുമൂടി നില്ക്കുന്നു. 30 വര്‍ഷത്തിനുള്ളില്‍ ആദ്യമാണ് ഇത്. വ്യോമ, റയില്‍ ഗതാഗതം അപ്പാടെ തടസ്സപ്പെട്ടു. യൂറോപ്പിലെ കൊടുംതണുപ്പ് പടിഞ്ഞാറേയ്ക്കു നീങ്ങുകയാണ്.
റഷ്യയില്‍ വീട്ടിലുണ്ടായ തീപിടിത്തത്തില്‍ കുടുംബത്തിലെ ഒന്പതുപേര് മരിച്ചു. മഞ്ഞുവീഴ്ചമൂലം റോഡുകളില്‍ ഗതാഗതം നിലച്ചതിനെത്തുടര്‍ന്നു ബ്രിട്ടനില്‍ ഇന്നലെ രാത്രി പലരും കഴിഞ്ഞതു കാറുകളിലായിരുന്നു. യൂറോപ്പിലേക്കുള്ള പല വിമാനങ്ങളും റദ്ദാക്കി. ചില ഭാഗങ്ങളില്‍ 16 സെന്റിമീറ്റര്‍ മഞ്ഞുവീഴ്ചയുണ്ടായി. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ശക്തമായ മുന്നറിയിപ്പു നല്‍കിയിരുന്നു. എന്നാല്‍ ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ ഒന്നും റദ്ദാക്കിയിട്ടില്ല.
ഇന്ത്യയില്‍നിന്നു ഹീത്രുവിലേക്കു പുറപ്പെട്ട വിമാനങ്ങള്‍ വൈകിയിരുന്നു. യൂറോപ്പിലേക്കും യുഎസിലേക്കും പോകാനിരുന്ന ചില വിമാനങ്ങള്‍ റദ്ദാക്കി. ദക്ഷിണ സ്കോട്ട്ലന്‍ഡിലും വെയില്‍സിന്റെ ചില ഭാഗങ്ങളിലും ഇന്നലെമുതല്‍ റോഡ് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ഗതാഗതം സാധ്യമാക്കാന്‍ ലണ്ടന്‍ റോഡുകളില്‍ 10,000 ടണ്‍ ഉപ്പു വിതറി. 400 വിമാനങ്ങള്‍ റദ്ദാക്കുകയോ വൈകുകയോ ചെയ്തതായി ബ്രിട്ടിഷ് വിമാനത്താവള അതോറിറ്റി അറിയിച്ചു.
ഇത്തരത്തിലുള്ള റദ്ദാക്കലുകള്‍ യൂറോപ്പിലാകമാനം ഉണ്ടായിട്ടുണ്ട്. റോം, ആംസ്റ്റര്‍ഡാമിലെ ചിപ്ഹോള് വിമാനത്താവളങ്ങളില്‍നിന്നു ബ്രിട്ടനിലേക്കും ബര്‍മിങ്ങാമില്‍നിന്ന് ആംസ്റ്റര്‍ഡാം, മാഞ്ചസ്റ്റര്‍, ഹീത്രു എന്നിവിടങ്ങളിലേക്കുമുള്ള വിമാനങ്ങള്‍ റദ്ദാക്കി. മഞ്ഞുവീഴ്ച കാരണം ലണ്ടന്‍ ഹീത്രു വിമാനത്താവളത്തില്‍ റദ്ദാക്കിയതു 400 വിമാന സര്‍വീസ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല