സിറിയയിലെ അതിക്രമങ്ങളെ അപലപിക്കുകയും പ്രതിസന്ധി പരിഹരിക്കാന്‍ പ്രസിഡന്‍റ് ബാഷര്‍ അല്‍ അസദ് അധികാരം വൈസ് പ്രസിഡന്‍റിനു കൈമാറണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്ന രക്ഷാസമിതി പ്രമേയം റഷ്യയും ചൈനയും ചേര്‍ന്നു വീറ്റോ പ്രയോഗിച്ചു പരാജയപ്പെടുത്തിയത് യുഎസിനു തിരിച്ചടിയായി. അറബ് ലീഗ് മുന്‍കൈയെടുത്ത് അവതരിപ്പിച്ച പ്രമേയത്തെ അനുകൂലിച്ച് 15 അംഗ രക്ഷാസമിതിയിലെ 13 അംഗങ്ങള്‍ വോട്ടു ചെയ്തു. മുന്‍ നിലപാടുകളില്‍ നിന്നു മാറി ഇന്ത്യയും പ്രമേയത്തെ പിന്തുണച്ചു. ശനിയാഴ്ച ഹോംസില്‍ സിറിയന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ നൂറുകണക്കിനു പേര്‍ കൊല്ലപ്പെട്ടു മണിക്കൂറുകള്‍ക്കുള്ളിലാണു പ്രമേയം രക്ഷാസമിതിയുടെ പരിഗണനയില്‍ എത്തിയത്.
അധികാരം വൈസ് പ്രസിഡന്‍റിനു കൈമാറുക, പ്രക്ഷോഭകര്‍ക്കെതിരേ നടക്കുന്ന സൈനിക നടപടികള്‍ നിര്‍ത്തി വയ്ക്കുക, ഭരണ-പ്രതിപക്ഷ വിഭാഗങ്ങള്‍ അക്രമം അവസാനിപ്പിക്കുക, രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുക, എല്ലാ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തി രാഷ്ട്രീയ പരിഷ്കാരങ്ങള്‍ക്കുള്ള നടപടികള്‍ ആരംഭിക്കുക എന്നിവയായിരുന്നു പ്രമേയത്തിന്‍റെ കാതല്‍. പ്രശ്ന പരിഹാരത്തിന് അറബ് ലീഗ് സ്വന്തം നിലയ്ക്കു നടത്തിയ നീക്കങ്ങള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് അവര്‍ രക്ഷാസമിതിയെ സമീപിച്ചത്.
പ്രമേയം സന്തുലിതമല്ലെന്ന് അവകാശപ്പെട്ടാണു റഷ്യ വീറ്റോ പ്രയോഗിച്ചത്. പ്രമേയം സിറിയന്‍ പ്രതിസന്ധി പരിഹരിക്കാന്‍ സഹായകമാകില്ലെന്നു ചൈന അവകാശപ്പെട്ടു. തിരക്കിട്ടു തട്ടിക്കൂട്ടിയ പ്രമേയം പാസാക്കുന്നതു സിറിയന്‍ പ്രശ്നത്തില്‍ പക്ഷം ചേരുന്നതിനു തുല്യമെന്നു റഷ്യ. മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടില്ലെന്ന നിലപാടാണു സറിയയുടെ കാര്യത്തിലും പിന്തുടരുന്നതെന്നു ചൈന.
വിഷയത്തിന്‍റെ ഗൗരവം കണക്കിലെടുത്തു സ്വന്തമായെടുത്ത നിലപാടാണ് ഇന്ത്യയുടേതെന്നു ഹര്‍ദീപ് സിങ് പുരി. യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയാണ് അദ്ദേഹം. പ്രശ്നത്തിനു സമാധാനപരമായ പരിഹാരം ഉണ്ടാകണമെന്ന നിലപാടിന്‍റെ അടിസ്ഥാനത്തിലാണ് അറബ് ലീഗ് മുന്‍കൈയെടുത്തു കൊണ്ടുവന്ന പ്രമേയത്തെ പിന്തുണച്ചതെന്നും അദ്ദേഹം പറഞ്ഞു.
റഷ്യയും ചൈനയും പ്രമേയം വീറ്റോ ചെയ്യാന്‍ ഇടയായതു ഖേദകരമെന്നായിരുന്നു പുരിയുടെ പ്രതികരണം. അറബ് ലീഗ് പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യ നിലപാടു സ്വീകരിച്ചതിനെ ആംനെസ്റ്റി ഇന്‍റര്‍നാഷനല്‍, ഹ്യൂമന്‍ റൈറ്റ്സ് വാച്ച് എന്നീ മനുഷ്യാവകാശ സംഘടനകള്‍ സ്വാഗതം ചെയ്തു. പ്രമേയത്തെ അനുകൂലിക്കുക വഴി ഇന്ത്യ, പാക്കിസ്ഥാന്‍, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങള്‍ അവസരത്തിനൊത്ത് ഉയര്‍ന്നെന്ന് അവര്‍ അഭിപ്രായപ്പെട്ടു. പ്രമേയം വീറ്റോ ചെയ്തു പരാജയപ്പെടുത്തിയതു വഴി റഷ്യയും ചൈനയും സിറിയന്‍ ജനതയെ വഞ്ചിക്കുകയാണു ചെയ്തതെന്ന് അവര്‍ അഭിപ്രായപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല