1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 6, 2012

മതവും രാഷ്ട്രീയവും, എന്നും എവിടെയും മനുഷ്യനെ സ്വാധീനിക്കുന്ന രണ്ടു വസ്തുതകളാണ്. എങ്കിലും മതം എന്നത് എല്ലായിപ്പോഴും ഒരാളുടെ തീര്‍ത്തും വ്യക്തിപരമായ കാര്യമാണ് കാരണം ഒരാള്‍ക്ക്‌ നിരീശ്വരവാദിയാകാം അല്ലെങ്കില്‍ ഏതെങ്കിലും മതങ്ങളില്‍ വിശ്വസിക്കാം ഇത് തീര്‍ത്തും വ്യക്തിപരമായ ഒരു കാര്യം. എന്നാല്‍ രാഷ്ട്രീയത്തിലേക്ക് വരുമ്പോള്‍ ഒരാളുടെ രാഷ്ട്രീയം എന്ന് പറയുന്നത് അയാളുടെ സാമൂഹികമായ ജീവിതത്തെ ആസ്പദമാക്കിയുള്ളവയാണ്, അതേസമയം രാഷ്ട്രീയ പാര്‍ട്ടികള്‍ മതത്തെ തങ്ങളുടെ ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുക എന്നതാണ് ഏറ്റവും വൃത്തികെട്ട ഏര്‍പ്പാട്, ഇത് നിലവിലെ കേരള രാഷ്ട്രീയത്തില്‍ മാത്രമല്ല ലോകം മുഴുവന്‍ വ്യാപിച്ചു കാണുന്ന ഒരു പ്രവണതയാണ്. ഏറ്റവും ഒടുവില്‍ ഇത്തരത്തില്‍ ഉടലെടുത്ത വിവാദങ്ങളില്‍ കിടന്ന് മറിയുകയാണ് കേരള രാഷ്ട്രീയം.

യേശു ക്രിസ്തുവിനെ വിമോചന പോരാളിയായി ചിത്രീകരിച്ചുകൊണ്ട് ഇടതുപക്ഷമാണ് ഇത്തരമൊരു മതപരമായി മുതലെടുപ്പിനെ തുടക്കം കുറിച്ചത്. സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന ചരിത്ര പ്രദര്‍ശനത്തില്‍ രക്തസാക്ഷികളുടെ ചിത്രങ്ങളുടെ കൂട്ടത്തില്‍ കുരിശിലേറ്റപ്പെട്ട യേശുവിന്റെ ചിത്രം സ്ഥാപിക്കേണ്ട യാതൊരു ആവശ്യവും മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് ഇല്ലായിരുന്നു. എന്തെന്നാല്‍ ദൈവങ്ങളെ കൂട്ടുപിടിച്ചായിരുന്നില്ല, എല്ലാ ദൈവങ്ങളെയും തള്ളിപ്പറഞ്ഞുകൊണ്ടായിരുന്നു കമ്യൂണിസത്തിന്‍റെ തിരുപ്പിറവി. ജനിച്ച നാള്‍ മുതല്‍ ദൈവങ്ങളുമായി കമ്യൂണിസ്റ്റുകാര്‍ക്കു കലഹമാണ്. പോളണ്ടിലും സോവ്യറ്റ് റഷ്യയിലും ചൈനയിലുമൊക്കെ വിശ്വാസങ്ങള്‍ക്കെതിരേ ഏറ്റുമുട്ടലുകളും നരഹത്യയും വരെ നടന്നിട്ടുണ്ട്. പള്ളികളും ക്ഷേത്രങ്ങളും മറ്റ് ആരാധനാലയങ്ങളും തകര്‍ക്കപ്പെട്ടിട്ടുണ്ട്.

ഇത് ലോകകാര്യം എന്നാല്‍ കേരളത്തിലേക്ക് വരുമ്പോള്‍ ലോക കമ്യൂണിസ്റ്റുകാരെപ്പോലെയല്ല കേരളത്തിലെ കമ്യൂണിസ്റ്റുകാര്‍. ദൈവങ്ങളുമായി അത്ര അകലത്തിലല്ല അവരില്‍ പലരും. ക്ഷേത്രാചാരങ്ങളിലും വിശ്വാസങ്ങളിലും സ്വന്ത നിലയില്‍ താത്പര്യമില്ലെങ്കിലും വീട്ടുക്കാരെ അതില്‍ നിന്നു വിലക്കില്ല. കഴിയാവുന്ന തരത്തില്‍ സഹായിക്കുകയോ സഹകരിക്കുകയോ ചെയ്യും. സാക്ഷാല്‍ ഇ.എം.എസ്. നമ്പൂതിരിപ്പാട് മുതലിങ്ങോട്ടുള്ള വലിയവലിയ നേതാക്കളുടെ കാര്യം പരിശോധിച്ചാല്‍ അക്കാര്യം ബോധ്യപ്പെടും. സ്വന്തം കുടുംബത്തിന്റെ ദൈവ വിശ്വാസത്തെ തകര്‍ക്കാന്‍ ശ്രമിക്കാത്ത നേതാക്കള്‍ ഉള്ള മാര്‍ക്സിസ്റ്റ് പാര്‍ട്ടി എന്തിനു ഒരു വിശ്വാസ സമൂഹത്തിന് മുറിവേല്‍പ്പിക്കുന്ന തരത്തില്‍ യേശു ക്രിസ്തുവിന്റെ ചിത്രം രാഷ്ട്രീയ കാര്യങ്ങള്‍ക്ക് ഉപയോയോഗപ്പെടുത്തുന്നു? തീര്‍ച്ചയായും ഒരു വിശ്വാസ സമൂഹത്തെ സ്വാധീനിച്ച് വോട്ടുബാങ്ക് നിറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗം തന്നെയാകണം അത്.

ഈ നിലപാട് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ മാത്രമല്ല കോണ്‍ഗ്രസിലും ഉണ്ട്. ഒരുപക്ഷെ ലീഗിനെയും കത്തോലിക്കാ സഭയെയും ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കാന്‍ ആയത് കോണ്‍ഗ്രസിന് തന്നെയാണ്. ക്രിസ്തു വിവാദത്തിന് തൊട്ടു പുറകെ അവസാനത്തെ അത്താഴത്തിന്റെ ‘പാരഡി ബോര്‍ഡ്‌’ വിവാദം ഉയര്‍ത്തിയതും ഇത്തരമൊരു മുതലെടുപ്പ്‌ ഉദ്ദേശിച്ചു കൊണ്ട് തന്നെയാകണം. ഏറെ വിചിത്രമായ വസ്തുത ഈ ഫ്ലക്സ്‌ ബോര്‍ഡ്‌ സ്ഥാപിച്ചു കഴിഞ്ഞു അര മണിക്കൂറിനുള്ളില്‍ അത് നീക്കം ചെയ്തിരുന്നു എന്നതും എന്നാല്‍ മലയാള മനോരമ ഇതിന്റെ ഫോട്ടോ സ്ഥാപിച്ച ഉടന്‍ എടുക്കുകയും ചെയ്തു. എന്നാല്‍ ആ ഫോട്ടോ പ്രസിദ്ധീകരിച്ചതാകട്ടെ ഒരാഴ്ച കഴിഞ്ഞും! തീര്‍ച്ചയായും ക്രൈസ്തവ വിശ്വാസികളെ മുറിവേല്‍പ്പിച്ച മാര്‍ക്സിസ്റ്റ് പ്രവര്‍ത്തികള്‍ ചോദ്യം ചെയ്യപ്പെടെണ്ടതാണ് അതേസമയം ഇതിനെ ഒരു രാഷ്ട്രീയ മുതലെടുപ്പിന് വിഷയമാക്കിക്കൂടാ.

യേശു ക്രിസ്തുവിനെ ഒബാമയാക്കിയും ശിഷ്യന്മാരെ സോണിയയും രാഹുലും അദ്വാനിയും മോഡിയുമെല്ലാമടങ്ങുന്ന കോണ്‍ഗ്രസ്-ബി.ജെ.പി നേതാക്കളാക്കിയും ചിത്രീകരിച്ച് തൃക്കണ്ണാപ്പുരത്ത് പ്രത്യക്ഷപ്പെട്ട ബോര്‍ഡ്‌ നമുക്ക്‌ രണ്ടു തരത്തില്‍ കാണാം ഒന്ന് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ നിലനില്‍പ്പിന് വേണ്ടിയുള്ള മാറ്റമായും അതേസമയം കോണ്‍ഗ്രസ് ഇതിനെ വിവാദമാക്കിയത് അവരുടെ വോട്ടുബാങ്ക് ചോരാതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് എന്നും. എങ്കിലും ഒരു കാര്യം ഉറപ്പാണ് മതവികാരത്തെ സ്വാധീനിച്ച് കേരളത്തിലെ സഖ്യ കക്ഷികള്‍ അധികാരം കൈയ്യടക്കാന്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ഈ വിവാദം. ഇതിന് കൂട്ടായി ഇരു മുന്നണിക്കും അവരുടെ സ്വന്തം പത്രങ്ങളും.

ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ട ഒരു കാര്യം അവസാനത്തെ അത്താഴത്തിന് ‘പാരഡി’ ഇത് ആദ്യമായല്ല എന്നതാണ്. ഇപ്പോള്‍ ഈ വിവാദം ഉയര്‍ത്തിക്കൊണ്ടു വന്ന മലയാള മനോരമ തന്നെ 1990 ഏപ്രില്‍ അവസാനത്തെ അത്താഴത്തെ ആസ്പതമാക്കി ഒരു കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വി.പി സിംഗിനെ യേശു ക്രിസ്തുവാക്കി യേശുദാസന്‍ വരച്ച ഈ കാര്‍ട്ടൂണ്‍ മനോരമ പ്രസിദ്ധീകരിച്ചത് ഒരു ദുഃഖവെള്ളിയിലായിരുന്നു എന്തിനേറെ ഇത്തരത്തില്‍ നിരവധി കാര്‍ട്ടൂണുകള്‍ ഉണ്ടായിട്ടുണ്ട്. 2010 ജൂലൈ 25ന് ടൈംസ് ഓഫ് ഇന്ത്യ പത്രത്തില്‍ പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് നീലഭ് ബാനര്‍ജിയുടേതായി വന്ന ലോസ്റ്റ് സപ്പര്‍ എന്ന പേരിട്ട കാര്‍ട്ടൂണില്‍ യേശുവിന്റെ സ്ഥാനത്തിരിക്കുന്നത് ആര്‍.കെ ലക്ഷ്മണിന്റെ സൃഷ്ടിയായ കോമണ്‍ മാന്‍ ആണ്. ചുറ്റും ശിഷ്യരായി കോണ്‍ഗ്രസ്സിന്റെയും ബി.ജെ.പിയുടെയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെയും നേതാക്കള്‍.

ഔട്ട് ലുക്ക് മാഗസിനില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിലും ഇങ്ങനെ ഒരു ചിത്രമുണ്ട്. ഗാന്ധി യേശുവിന്റെ സ്ഥാനത്തിരിക്കുന്നു. നെഹ്‌റുവും അംബേദ്കറും ജിന്നയുമെല്ലാം ശിഷ്യരായി ചുറ്റുമിരികുന്നതാണ് ഈ ചിത്രം. 2008 ല്‍ കേരളാ കൗമുദിയില്‍ ടി.കെ സുജിത്ത് വരച്ച കാര്‍ട്ടൂണാകട്ടെ ഡാവിഞ്ചിയുടെ ലാസ്റ്റ് സപ്പറും ചില രവിവര്‍മ്മ ചിത്രങ്ങളും സമന്വയിപ്പിച്ചാണ് വരച്ചിരിക്കുന്നത്. ഇതില്‍ ക്രിസ്തുവിന്റെ സ്ഥാനത്ത് വി.എസിനെ വരച്ചിരിക്കുന്നു. വി.എസിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയും പ്രൈവറ്റ് സെക്രട്ടറിയും കോടിയേരിയും സോണിയയും മന്‍മോഹനുമെല്ലാം ശിഷ്യരായുണ്ട്. എന്തായാലും അന്നൊന്നും ഉണ്ടാകാത്ത വിവാദം ഇപ്പോള്‍ ഉണ്ടായത് എന്തുകൊണ്ടെന്ന് നമ്മള്‍ ചിന്തിക്കുന്നത് നന്നായിരിക്കും.സ്വാഭാവികമായും മനസ്സില്‍ ഉയരുന്ന ചോദ്യമിതാണ് …എന്നാ പോലും പിറവം ഉപ തിരഞ്ഞെടുപ്പ്‌ ?

വാല്‍ക്കഷണം
ഒരാഴ്ച മുന്‍പെടുത്ത വിവാദ പോസ്റ്ററിന്‍റെ ഫോട്ടോ മനോരമ പ്രസിദ്ധീകരിച്ചത് ലേക്ക് ഷോര്‍ മുതലാളിയുടെ പരസ്യം വന്നതിന്‍റെ പിറ്റേ ദിവസം.ഇതിനെ വെറും ആക്സമികം എന്ന് മാത്രം പറയാന്‍ സാധിക്കുമോ ?

99.99 ശതമാനവും സഭയുടെ കുഞ്ഞാടുകളായ നഴ്സുമാര്‍ എറണകുളത്തും കൊലെഞ്ചേരിയിലും ജീവിക്കാന്‍ വേണ്ടി പൊരിവെയിലത്ത് പട്ടിണി കിടന്ന് സമരം ചെയ്യുമ്പോള്‍ ഉണ്ടാകാത്ത ആത്മ രോക്ഷം ഒരു പോസ്റ്ററിന്‍റെ പേരില്‍ സഭാ പിതാക്കന്‍മാര്‍ക്ക് ഉണ്ടായിരിക്കുന്നു.സമരത്തെക്കുറിച്ച് ഇതുവരെ വാ തുറക്കാത്ത ചാണ്ടിയും മാണിയും വരെ വികാരം കൊണ്ടിരിക്കുന്നു.ഇവരല്ലോ വിശ്വാസികളുടെ യഥാര്‍ത്ഥ സംരക്ഷകര്‍ !

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.