ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി അധികാരത്തില്‍ 60 വര്‍ഷം തികച്ചു. ശീതകാലത്തിനു ശേഷം ജൂണില്‍ നാലുദിവസത്തെ ആഘോഷപരിപാടികള്‍ നടത്തും. തെംസ് നദിയില്‍ ആയിരം കപ്പലുകളുടെ ഘോഷയാത്ര, ബക്കിങ്ങാം കൊട്ടാരത്തില്‍ സംഗീതപരിപാടി തുടങ്ങിയവ ഇതോടനുബന്ധിച്ചു നടക്കും.
1837 മുതല്‍ 1901 വരെ ഭരിച്ച വിക്ടോറിയ രാജ്ഞിക്കു ശേഷം ഏറ്റവും കൂടുതല്‍ അധികാരത്തിലിരുന്നത് എലിസബത്ത് രാജ്ഞിയാണ്. 1952 ഫെബ്രുവരി ആറിനു കെനിയയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് ഇരുപത്തിയഞ്ചുകാരിയായ രാജകുമാരി ബ്രിട്ടന്റെ കിരീടാവകാശിയായത്. പിതാവ് ജോര്‍ജ് ആറാമന്‍ രാജാവിന്റെ മരണത്തെത്തുടര്‍ന്നു പെട്ടെന്നു നാട്ടിലേക്കു മടങ്ങിയ അവരെ അന്നത്തെ പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ നേതൃത്വത്തിലാണു സ്വീകരിച്ചത്.
ലോകം ഒട്ടേറെ മാറ്റങ്ങള്‍ക്കു വിധേയമായ ആറു പതിറ്റാണ്ടാണു രാജ്ഞി അധികാരത്തില്‍ പിന്നിടുന്നത്. രാജകുടുംബം ഒട്ടേറെ കയറ്റങ്ങളും ഇറക്കങ്ങളും പിന്നിട്ട കാലഘട്ടമാണിത്. രാജ്ഞിയുടെ നാലു മക്കളില്‍ മൂന്നുപേരും വിവാഹമോചനം നേടി. അന്തപ്പുര രഹസ്യങ്ങള്‍ മാധ്യമങ്ങള്‍ ആഘോഷമാക്കി.
മൂത്തമകന് ചാള്‍സ് രാജകുമാരന്റെ ഭാര്യയായിരുന്ന ഡയാന രാജകുമാരി 1997ല്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടതോടെ കൊട്ടാരവാര്ത്തകളുടെ ആഘോഷം മൂര്‍ധന്യത്തിലെത്തി. ധൂര്‍ത്തിന്റെയും ആര്‍ഭാടത്തിന്റെയും പേരില്‍ വിമര്‍ശനം രൂക്ഷമായപ്പോള്‍ ഏറ്റവും പ്രിയപ്പെട്ട നൌകയായ ബ്രിട്ടാനിയ ഉള്‍പ്പെടെ പല സൌകര്യങ്ങളും രാജകുടുംബത്തിന് ഉപേക്ഷിക്കേണ്ടിവന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല