1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 7, 2012

കായികരംഗത്തെ ഓസ്കാറായ ലോറെസ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഏറ്റവും മികച്ച പുരുഷ കായിക താരമായി സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിനെ തെരഞ്ഞെടുത്തു. 2011ലെ ഫിഫ ഫുട്ബാളര്‍ ഓഫ് ദ ഇയര്‍ പുരസ്കാരം നേടിയ ലയണല്‍ മെസി, രണ്ടു തവണ ലോറെസ് പുരസ്കാരത്തിനു അര്‍ഹനായ ജമൈക്കയുടെ അത്ലറ്റ് ഉസൈന്‍ ബോള്‍ട്ട്, ഫോര്‍മുല വണ്‍ കാറോട്ട ചാമ്പ്യന്‍ സെബാസ്റ്റ്യന്‍ വെറ്റല്‍ എന്നിവരെ പിന്തള്ളിയാണ് ജോക്കോവിച്ച് പുരസ്കാരം സ്വന്തമാക്കിയത്. കഴിഞ്ഞവര്‍ഷം ജോക്കോവിച്ച് മൂന്ന് ഗ്രാന്‍ഡ് സ്ളാം കിരീടങ്ങള്‍ സ്വന്തമാക്കിയിരുന്നു.

76 മത്സരങ്ങളില്‍ 70 മത്സരവും ജയിച്ച ജോക്കോവിച്ച് ടെന്നീസില്‍ വന്‍ മുന്നേറ്റമാണ് നടത്തിയത്. ഈ വര്‍ഷത്തെ ആദ്യത്തെ ഗ്രാന്‍ഡ് സ്ളാമായ ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം ചൂടിയതും ജോക്കോവിച്ചായിരുന്നു. കെനിയന്‍ അത്ലറ്റ് വിവിയന്‍ ചെറിയൂട്ടാണ് മികച്ച വനിതാ കായിക താരം. കഴിഞ്ഞ വര്‍ഷം നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ പതിനായിരം മീറ്ററിലും 5000 മീറ്ററിലും സ്വര്‍ണം നേടിയ ചെറിയൂട്ട് അവശ്വസനീയ പ്രകടനാണ് കാഴ്ചവച്ചത്. ഓസ്ട്രേലിയന്‍ ഓപ്പണ്‍ ചാമ്പ്യന്‍ പെട്ര ക്വിറ്റോവ, മികച്ച ലോക വനിതാ ഫുട്ബോളറായി തെരഞ്ഞെടുക്കപ്പെട്ട ജാപ്പനീസ് താരം ഹൊമാരി സാവ, സ്കീയിംഗ് താരം മരിയ ഹോഫല്‍ റീഷ്, തായ് വാനില്‍ നിന്നുള്ള ഗോള്‍ഫ് താരം യാനി സെംഗ് എന്നിവരെ പിന്തള്ളിയാണ് ചെറിയൂട്ട് അവാര്‍ഡ് സ്വന്തമാക്കിയത്.

സ്പാനീഷ് ഫുട്ബോള്‍ ക്ളബ്ബായ എഫ്.സി ബാഴ്സലോണ മികച്ച ടീമിനുള്ള പുരസ്കാരം നേടി. സ്പാനീഷ് ലീഗിലും ചാമ്പ്യന്‍സ് ലീഗിലും കിരീടം ചൂടിയ പെപ് ഗ്വാര്‍ഡിയോളയുടെ താരങ്ങളാണ് ബാഴ്സയ്ക്കു പുരസ്കാരം നേടിക്കൊടുത്തത്. ഐറീഷ് ഗോള്‍ഫ് താരം ഡാരന്‍ ക്ളാര്‍ക്ക് ഏറ്റവും മികച്ച തിരച്ചുവരവിനുള്ള പുരസ്കാരം സ്വന്തമാക്കി. നവാഗത പ്രതിഭയ്ക്കുള്ള അവാര്‍ഡ് വടക്കന്‍ അയര്‍ലന്‍ഡില്‍ നിന്നുള്ള ഗോള്‍ഫ് താരം റോറി മക്കറോയ് നേടി. ആക് ഷന്‍ സ്പോര്‍ട്സ് വിഭാഗത്തില്‍ അമേരിക്കയുടെ സര്‍ഫിംഗ് താരം കെല്ലി സ്ളേറ്റര്‍ നാലാം തവണയും ജേതാവായി. ലണ്ടനിലെ വെസ്റ്മിനിസ്റര്‍ സെന്റര്‍ ഹാളില്‍ നടന്ന അവാര്‍ഡ് പ്രഖ്യാപനത്തില്‍ നിരവധി പ്രമുഖര്‍ പങ്കെടുത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.