രമ്യ നമ്പീശന്‍ ഒറ്റ സിനിമ കൊണ്ട് ഇമേജ് ബ്രേക്ക് ചെയ്ത നടിയാണ്. ആനച്ചന്തത്തിലെ നാടന്‍ പെണ്‍കുട്ടിയില്‍ നിന്ന് ‘ചാപ്പാകുരിശി’ലെ സോണിയ എന്ന മോഡേണ്‍ കഥാപാത്രത്തിലേക്ക് ഒരുപാട് ദൂരമുണ്ട്. എന്നാല്‍ അര്‍പ്പണബോധവും ദൃഢനിശ്ചയവും കൊണ്ട് ഒരു മേക്ക് ഓവര്‍ നേടുകയായിരുന്നു രമ്യാ നമ്പീശന്‍.
ചാപ്പാ കുരിശില്‍ ഫഹദ് ഫാസിലും രമ്യയുമായി ഒരു ലിപ്‌ലോക്ക് ചുംബന രംഗമുണ്ട്. സംവിധായകന്‍ സമീര്‍ താഹിര്‍ ഈ സിനിമയിലേക്ക് വിളിക്കുമ്പോള്‍ ആദ്യം തന്നെ ഇക്കാര്യം രമ്യയോട് പറഞ്ഞു. തീരുമാനമെടുക്കാന്‍ ഒരുമാസത്തെ സമയവും കൊടുത്തു. കുടുംബത്തില്‍ എല്ലാവരുമായി ആലോചിച്ച്, അതിലുപരി സ്വയം ആലോചിച്ച് രമ്യ തീരുമാനമെടുത്തു – ചാപ്പാ കുരിശില്‍ അഭിനയിക്കുക തന്നെ. ആ സിനിമ മലയാള സിനിമയുടെ ചരിത്രത്തില്‍ മുഖ്യസ്ഥാനം നേടിയെടുക്കുകയും ചെയ്തു.
ഇതുകൊണ്ട് രമ്യാ നമ്പീശന് ഗുണവും ദോഷവുമുണ്ടായി. ഗുണം എന്തെന്നാല്‍, വളരെ ബോള്‍ഡായ സ്ത്രീ കഥാപാത്രങ്ങളെ സൃഷ്ടിക്കുമ്പോള്‍ ഇന്ന് സംവിധായകരും തിരക്കഥാകൃത്തുക്കളും ആദ്യം രമ്യയെ ഓര്‍മ്മിക്കുന്നു. ഇനി ദോഷമോ? ഒരു ആവശ്യവുമില്ലാതെ ചുംബന രംഗങ്ങളും ബിക്കിനി രംഗങ്ങളും കുത്തിനിറച്ച തിരക്കഥകളുമായി ചിലര്‍ രമ്യയുടെ പിന്നാലെ കൂടിയിരിക്കുന്നു.
അടുത്തിടെ ഒരു സംവിധായകന്‍ രമ്യയോട് കഥ പറയാനെത്തി. കഥയൊക്കെ പറഞ്ഞുകഴിഞ്ഞ ശേഷം സംവിധായകന്‍ പറഞ്ഞു – ഈ ചിത്രത്തില്‍ രമ്യയ്ക്ക് രണ്ട് ലിപ്‌ലോക്ക് ചുംബനങ്ങളും ഒരു രംഗത്ത് ബിക്കിനി വേഷവുമുണ്ട്! കഥയ്ക്ക് യാതൊരു ആവശ്യവുമുള്ളതായിരുന്നില്ല ആ രംഗങ്ങള്‍. എന്തിനാണ് ആ രംഗങ്ങള്‍ ഉള്‍പ്പെടുത്തുന്നതെന്ന് ചോദിച്ചപ്പോഴത്തെ മറുപടിയോ? – “ചാപ്പാകുരിശില്‍ എന്തായാലും ചെയ്തു, ഇനി അതൊരു പ്രശ്നമാക്കേണ്ടതില്ലല്ലോ!”
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല