ഇന്ത്യയുടെ 126 യുദ്ധവിമാനങ്ങളുടെ ഓര്‍ഡര്‍ എങ്ങനെയും കൈവശപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ടൈഫൂണ്‍ വിമാനങ്ങളുടെ വിലകുറയ്ക്കാന്‍ ബ്രിട്ടീഷ് പ്രതിരോധ ഇടപാടു സ്ഥാപനമായ ബിഎഇ സിസ്റംസ് തീരുമാനിച്ചു. വ്യാവസായികമായി ബ്രിട്ടനു കനത്ത തിരിച്ചടിയേല്പ്പിക്കുന്നതാണു ഫ്രാന്‍സില്‍ നിന്നു ഡസോ റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനം. ബ്രിട്ടന് കൂടാതെ ജര്‍മനി, ഇറ്റലി, സ്പെയിന് എന്നീ രാജ്യങ്ങളും ടൈഫൂണിന്റെ നിര്‍മാണത്തില്‍ പങ്കാളികളാണ്.
പ്രതിരോധ കരാറുകളുടെ കാര്യത്തില്‍ ഇന്ത്യ മുമ്പു പലപ്പോഴും തീരുമാനം മാറ്റിയിട്ടുണ്െടന്നും കരാര്‍ പിടിച്ചെടുക്കാന്‍ ഇനിയും അവസരമുണ്ടെന്നുമാണു ബ്രിട്ടന് കരുതുന്നത്. ഫ്രഞ്ച്് കമ്പനിയായിരുന്നു ഏറ്റവും താഴ്ന്ന വില വാഗ്ദാനം ചെയ്തത്. ഇന്ത്യയുടെ തീരുമാനം ബിഎഇ സിസ്റംസിനും വ്യോമയാന മേഖലയ്ക്കും ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുമെന്നു തൊഴിലാളി യൂണിയനായ യുണൈറ്റ് മുന്നറിയിപ്പു നല്കി. 40,000 പേര്‍ക്കു തൊഴില്‍ ലഭിക്കുന്ന പദ്ധതിയാണ് ഫ്രാന്‍സ് പിടിച്ചെടുത്തത്.
കരാര്‍ ബ്രിട്ടനു ലഭിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നു പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ പാര്‍ലമെന്റില്‍ അറിയിച്ചിട്ടുണ്ട്. ആഗോളതലത്തില്‍ സമീപകാലത്തെ ഏറ്റവും വലിയ പ്രതിരോധ കരാറിലാണ് ഇന്ത്യ ഒപ്പുവയ്ക്കാന്‍ പോകുന്നത്. റഫാലിനേക്കാള്‍ ഏറെ മെച്ചപ്പെട്ടതാണു ടൈഫൂണ്‍ എന്ന രീതിയിലാണ് ഇപ്പോള്‍ യൂറോപ്യന്‍ കണ്‍സോര്‍ഷ്യത്തിന്റെ പ്രചാരണം.
അതേസമയം ഇന്ത്യയ്ക്ക് നല്‍കിവരുന്ന സാമ്പത്തികസഹായം തുടരുമെന്ന് ബ്രിട്ടന് വ്യക്തമാക്കി. എന്നാല്‍, ഇന്ത്യയിലെ ഏറ്റവും ദരിദ്രമായ മൂന്നു സംസ്ഥാനങ്ങള്‍ക്കു മാത്രമായി സഹായം പരിമിതപ്പെടുത്തുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണിന്റെ വക്താവ് അറിയിച്ചു. ഈ സംസ്ഥാനങ്ങള്‍ ഏതൊക്കെയെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല