സൈനിക കലാപത്തെത്തുടര്‍ന്നു മാലി ദ്വീപിലെ ആദ്യ ജനാധിപത്യ പ്രസിഡന്റ് മുഹമ്മദ് നഷീദ് രാജിവച്ചു. വൈസ് പ്രസിഡന്റ് മുഹമ്മദ് വഹീദ് ഹസനാണു പുതിയ രാഷ്ട്രത്തലവന്. മുന്‍ യൂനിസെഫ് ഉദ്യോഗസ്ഥന് ഹസന് ഇന്നലെ ഉച്ചയ്ക്കു ശേഷം അധികാരമേറ്റു. രാജ്യത്തെ ക്രിമിനല്‍ കോടതി ചീഫ് ജഡ്ജി അബ്ദുള്ള മുഹമ്മദിനെ പ്രതിപക്ഷത്തിന്റെ കൈയാളായി പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്നുണ്ടായ പ്രക്ഷോഭമാണ് പൊലീസിലേക്കും സൈന്യത്തിലേക്കും പടര്‍ന്നതും ഭരണപ്രതിസന്ധിക്കു വഴിയൊരുക്കിയതും.
അറസ്റ്റിനു പിന്നില്‍ രാഷ്ട്രീയമാണെന്ന് ആരോപിച്ചായിരുന്നു പ്രക്ഷോഭം.രാജ്യത്തിന്റെ നന്മയെ കരുതി രാജിവയ്ക്കുകയാണെന്നും ഉരുക്കുമുഷ്ടിയിലൂടെ ഭരണം മുന്നോട്ടു കൊണ്ടു പോകാന്‍ താത്പര്യമില്ലെന്നും നഷീദ് ടെലിവിഷന്‍ ചാനലില്‍ പറഞ്ഞു. എന്നാല്‍, രാജ്യത്തുണ്ടായതു പട്ടാള അട്ടിമറിയെന്നു നഷീദിന്റെ വിശ്വസ്തര്‍. നഷീദ് ഇപ്പോള്‍ പട്ടാളത്തിന്റെ തടവിലാണ്.
നിയമവിരുദ്ധമായി മുന്‍ പ്രസിഡന്റിനു വേണ്ടി പ്രവര്‍ത്തിച്ചതിന് ജഡ്ജിയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടതിനെതിരേ ഒരു മാസമായി പ്രക്ഷോഭം നേരിടുകയായിരുന്നു മാലിദ്വീപ് ഭരണകൂടം. ഇന്നലെ രാവിലെ സൈന്യവും പ്രക്ഷോഭത്തില്‍ പങ്കെടുത്തതോടെ സ്ഥിതി വഷളായി. സഹായം തേടി നഷീദ് ഇന്ത്യയെ സമീപിച്ചെങ്കിലും നിരസിച്ചെന്നും റിപ്പോര്‍ട്ട്. മാലിദ്വീപിലേത് ആഭ്യന്തര പ്രശ്നം മാത്രമെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് സയ്യിദ് അക്ബറുദ്ദീന്‍. 1988ല്‍ അന്നത്തെ ഭരണാധികാരി മൗമൂന്‍ അബ്ദുള്‍ ഗയൂമിനെതിരേ അട്ടിമറി നീക്കമുണ്ടായപ്പോള്‍ ഇന്ത്യ ഇടപെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല