കഴിഞ്ഞ വര്‍ഷം മുംബൈ വാംഘഡെ സ്റ്റേഡിയത്തില്‍ ഏകദിന ലോകകപ്പ് ഫൈനലില്‍ ഏറ്റുമുട്ടിയ ഇന്ത്യയും ശ്രീലങ്കയും അതിനു ശേഷം ഇതാദ്യമായി നേര്‍ക്കുനേര്‍. കോമണ്‍വെല്‍ത്ത് ബാങ്ക് ത്രിരാഷ്ട്ര ഏകദിന പരമ്പരയില്‍ ഇന്ത്യയ്ക്ക് ഇന്നു രണ്ടാം മത്സരം. ലങ്കയ്ക്ക് ആദ്യത്തേ തും.
ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയയോട് തോറ്റതിന്റെ ക്ഷീണത്തിലാണ് ഇന്ത്യ. ഓസ്ട്രേലിയ, പാക്കിസ്ഥാന്, ദക്ഷിണാഫ്രിക്ക ടീമുകളോടു തറപറ്റിയതിന്റെ ഞെട്ടലില്‍ ലങ്കയും. പ്രതിഫലം ലഭിക്കാതെ കളത്തിലിറങ്ങുന്ന ലങ്കന്‍ താരങ്ങളുടെ നിരാശ മറ്റൊരു വശത്തും. ഓസ്ട്രേലിയന്‍ മണ്ണില്‍ ഇരു ടീമുകളും ഇതിനു മുന്‍പ് അഞ്ച് തവണ നേര്‍ക്കുനേര്‍ വന്നു. 2-1ന്റെ മുന്‍തൂക്കം ഇന്ത്യയ്ക്ക്. രണ്ട് മത്സരങ്ങള്‍ ഫലമില്ലാതെ അവസാനിച്ചു.
ടീം ന്യൂസ്
ഇന്ത്യ
കഴിഞ്ഞ മാസം പെര്‍ത്തിലെ വാക്കയില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ഓസ്ട്രേലിയയോട് രണ്ടര ദിനം കൊണ്ട് തലകുനിക്കേണ്ടി വന്നതിന്റെ ഓര്‍മകള്‍ ഇന്ത്യയെ വേട്ടയാടുന്നു. ഇന്നിങ്സ് തോല്‍വിയാണ് മഹേന്ദ്ര സിങ് ധോണിയും സംഘവും വഴങ്ങിയത്. ഒന്നാം ഏകദിനത്തില്‍ മൂന്ന് സ്പിന്നര്‍മാരെ കളിപ്പിക്കാനുള്ള തീരുമാനം തെറ്റായിപ്പോയെന്ന് തിരിച്ചറിഞ്ഞ ധോണി ഒരു സ്പെഷലിസ്റ്റ് സ്പിന്നറെ ഇത്തവണ ഒഴിവാക്കാനിടയുണ്ട്.
ആര്. അശ്വിനോ രാഹുല്‍ ശര്‍മയോ ആകും പുറത്താകുക. ഇര്ഫാന് പഠാന്, ഉമേഷ് യാദവ്, സഹീര്‍ ഖാന് എന്നിവരില്‍ രണ്ടു പേര്‍ക്കും അവസരം ലഭിച്ചേക്കും. പഠാന് കളിച്ചാല്‍ രവീന്ദ്ര ജഡേജ പുറത്താകാനാണു സാധ്യത. വീരേന്ദര്‍ സേവാഗ് ടോപ് ഓര്‍ഡറില്‍ മടങ്ങിയെത്തുമ്പോള്‍ സച്ചിന് ടെന്‍ഡുല്‍ക്കര്‍ക്കോ ഗൗതം ഗംഭീറിനോ വിശ്രമം നല്‍കും.
ശ്രീലങ്ക
മഹേല ജയവര്‍ധനെ ടീമില്‍ തിരികെയെത്തും. ചനക വെലഗേദരയോ ധമ്മിക പ്രസാദോ ന്യൂബോള്‍ എടുക്കാനുണ്ടാകും. ദിനേശ് ചണ്ഡിമല്‍, ലഹിരു തിരിമണ്ണെ, തിസാര പെരേര എന്നീ യുവതാരങ്ങള്‍ക്ക് ഇന്ത്യയ്ക്കെതിരേ മികച്ച ട്രാക്ക് റെക്കോഡുണ്ട്.
ഓപ്പണര്‍മാരായ തിലകരത്നെ ദില്ഷന്റെയും ഉപുല്‍ തരംഗയുടെയും കാര്യവും വ്യത്യസ്തമല്ല. ലസിത് മലിംഗയുടെ തീപാറും പന്തുകളും ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് പെര്‍ത്തില്‍ പേടിസ്വപ്നമാകും.
പിച്ച് ആന്‍ഡ് കണ്ടീഷന്‍
പേസര്‍മാരെ അളവറ്റ് സഹായിക്കുന്ന പിച്ചാകും പെര്‍ത്തിലേത്. ചൂടേറിയതും വരണ്ടതുമായ കാലാവസ്ഥ. അതിനാല്‍ തന്നെ കളി പുരോഗമിക്കും തോറും പിച്ചില്‍ വിള്ളലുണ്ടാ കാനും സാധ്യത. അതുകൊണ്ട് തന്നെ ഒരു സ്പെഷലിസ്റ്റ് സ്പിന്നര്‍ രണ്ട് ടീമുകളിലുമുണ്ടാകുമെന്നുറപ്പ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല