1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 8, 2012

ജനകീയ പ്രക്ഷോഭം തുടരുന്ന സിറിയയില്‍ ഭരണമാറ്റത്തിനായി അമെരിക്കയുടെ നേതൃത്വത്തില്‍ സഖ്യം രൂപീകരിക്കുന്നു. നാറ്റൊ, അറബ് ലീഗ് എന്നിവരടങ്ങുന്നതാവും സഖ്യം. സിറിയന്‍ പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് ബാഷര്‍ അല്‍ അസദിനെ മാറ്റുന്നതിനായി അറബ് ലീഗ് മുന്നോട്ടുവെച്ച നിര്‍ദേശങ്ങളുടെ ചുവടുപിടിച്ച് പാശ്ചാത്യരാജ്യങ്ങള്‍ രക്ഷാസമിതിയില്‍ അവതരിപ്പിച്ച പ്രമേയം റഷ്യയും ചൈനയും ‘വീറ്റോ’ ചെയ്തത് ശനിയാഴ്ചയാണ്. ഇന്ത്യയടക്കം സമിതിയിലെ മറ്റു 13 രാജ്യങ്ങളും പ്രമേയത്തെ പിന്താങ്ങുകയാണുണ്ടായത്.

മെച്ചപ്പെട്ട ഭാവിക്കായുള്ള സിറിയന്‍ ജനതയുടെ ആവശ്യം പിന്താങ്ങുന്ന സഖ്യകക്ഷികളോടൊപ്പം യുഎന്‍ ചട്ടക്കൂടിനു പുറത്തുള്ള ശ്രമങ്ങള്‍ നടത്തേണ്ടി വരുമെന്നു യുഎസ് വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്‍റണ്‍. ഇതിനായി സഖ്യരാജ്യങ്ങളുമായി അമെരിക്ക ചര്‍ച്ച തുടങ്ങിയെന്നും അവര്‍ അറിയിച്ചു. ഇതിനിടെ പ്രക്ഷോഭകര്‍ക്കെതിരേ സൈന്യം ശക്തമായ ആക്രമണം തുടരുകയാണ്.

ബാഷര്‍ ഭരണകൂടം ജനാധിപത്യപ്രക്ഷോഭകരെ അതിക്രൂരമായി അടിച്ചമര്‍ത്തുന്നു എന്നാണ് പാശ്ചാത്യ രാജ്യങ്ങള്‍ ആരോപിക്കുന്നത്. ഭരണകൂട അതിക്രമങ്ങളെപ്പറ്റിയുള്ള അതിശയോക്തിപരമായ കണക്കുകള്‍ നിരത്താന്‍ പാശ്ചാത്യമാധ്യമങ്ങള്‍ മത്സരിക്കുന്നു. ലിബിയയില്‍ ചെയ്തതുപോലെ ‘ജീവകാരുണ്യപരമായ ഇടപെടല്‍’ എന്ന ഓമനപ്പേരിട്ട് സൈനികനടപടി കൈക്കൊള്ളാന്‍ അരങ്ങൊരുക്കുകയെന്ന തന്ത്രത്തിന്റെ ഭാഗമാണിത്.

ലിബിയയില്‍ ജനാധിപത്യപ്രക്ഷോഭകരെ മുഅമര്‍ ഗദ്ദാഫി ഭരണകൂടം ക്രൂരമായി അടിച്ചമര്‍ത്തുന്നുവെന്ന് ആരോപിച്ച് ‘ജീവകാരുണ്യപരമായ ഇടപെടലി’ന് യു.എന്‍. രക്ഷാസമിതിയുടെ അനുമതി വാങ്ങിയ പാശ്ചാത്യചേരി പിന്നീട് അന്താരാഷ്ട്രനിയമങ്ങള്‍ കാറ്റില്‍പ്പറത്തുകയാണുണ്ടായത്. ഈ അനുഭവം മനസ്സിലുള്ളതുകൊണ്ടാണ് റഷ്യയും ചൈനയും സിറിയയെ സംബന്ധിച്ച പ്രമേയം രക്ഷാസമിതിയില്‍ ‘വീറ്റോ’ ചെയ്തതെന്നും നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.