ടോപ് റാങ്ക് ടീമായ ഐവറി കോസ്റ്റ് ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ഫുട്ബോള്‍ ഫൈനലില്‍. മാലിക്കെതിരേ ഗെര്‍വീഞ്ഞോ നേടിയ ഗോളിന്റെ മികവില്‍ 1-0ത്തിനു ജയിക്കുകയായിരുന്നു ആനകളെന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഐവറി കോസ്റ്റ്. 12നു നടക്കുന്ന ഫൈനലില്‍ സാംബിയയാണ് എതിരാളികള്‍.
കരുത്തരായ ഘാനയെ സെമിയില്‍ ഏകപക്ഷീയമായ ഒരു ഗോളിന് അട്ടിമറിച്ചാണ് സാംബിയ കലാശക്കളിക്ക് യോഗ്യത നേടിയത്. 11നു നടക്കുന്ന മൂന്നാംസ്ഥാന പോരാട്ടത്തില്‍ ഘാന മാലിയെ നേരിടും. മത്സരം അവസാനിക്കാന്‍ 12 മിനിറ്റ് ശേഷിക്കെ ആഫ്രിക്കയിലെ കറുത്ത നക്ഷത്രങ്ങളുടെ പ്രതീക്ഷകള്‍ തകിടം മറിച്ച് സാംബിയയ്ക്കായി ഇമ്മാനുവല്‍ മയൂക ഗോള്‍ നേടുകയായിരുന്നു. ഇതോടെ നേഷന്‍സ് കപ്പ് നേടാനുള്ള ഘാനയുടെ 30 വര്‍ത്തെ കാത്തിരിപ്പിന് വീണ്ടും ദൈര്‍ഘ്യമേറുന്നു.
ഐവറി കോസ്റ്റിനെ തുടക്കം മുതല്‍ വരിഞ്ഞുകെട്ടിയ മാലിയുടെ കണക്കുകൂട്ടലുകള്‍ ഒന്നാം പകുതിയുടെ എക്സ്ട്രാ ടൈമില്‍ ഗെര്‍വീഞ്ഞോ തകര്‍ത്തു. മാലി പ്രതിരോധ താരം ഔസ്മാനെ ബെര്ത്തിനെ ബാക്ക് ഹീല്‍ പാസില്‍ കബളിപ്പിച്ച് 30 മീറ്ററോളം പന്തുമായി മുന്നേറിയ ശേഷമായിരുന്നു ഗെര്‍വീഞ്ഞോയുടെ ഗോള്‍ ഷോട്ട്. വേഗമാണ് പ്രതിരോധ താരത്തെ കബളിപ്പിച്ച് മുന്നേറാന്‍ സഹായിച്ചതെന്നും ഇത്രയും പ്രധാനപ്പെട്ട ഗോള്‍ നേടാനായതില്‍ ഏറെ സന്തോഷമെന്നും മത്സരശേഷം ഗെര്‍വീഞ്ഞോ അഭിപ്രായപ്പെട്ടു. ഇംഗ്ലിഷ് പ്രിമിയര്‍ ലീഗ് ക്ലബ്ബ് ആഴ്സനലിന്റെ താരമാണ് ഈ സ്ട്രൈക്കര്‍.
1992 ല്‍ ഇവിടെ കിരീടം നേടിയിട്ടുള്ള ഐവറി കോസ്റ്റിന്റെ മൂന്നാം നേഷന്‍സ് കപ്പ് ഫൈനലാണിത്. 1974, 1994 വര്‍ഷങ്ങളില്‍ ഫൈനലിലെത്തി തോറ്റ് മടങ്ങിയ ടീമാണ് സാംബിയ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല