ഓക്സ്ഫോര്‍ഡിനടുത്ത് ബിസ്റ്ററില് മലയാളീ കുടുംബം കൊള്ളയടിക്കപ്പെട്ടു. ബിസ്റ്ററിലെ റെജി പൈലിയുടെ കുടുംബം ആണ് കൊള്ളയടിക്കപ്പെട്ടത്. റെജി എറണാകുളം തൃപ്പൂണിത്തറക്കടുത്തു ശാസ്താമുകള്‍ സ്വദേശിയാണ്. ഇന്നലെ വൈകുന്നേരം 6.30 നും 7.30 ക്കും ഇടക്കാണ് സംഭവം.
റെജി പൈലി ജോലിയിലായിരുന്ന സമയത്താണ് ഈ സംഭവം നടന്നത്. അടുത്ത ഒരു സുഹൃത്തിന്റെ ഗൃഹ പ്രവേശത്തിലും അതിനോടനുബന്ധിച്ചുള്ള പാലു കാച്ചല് കര്‍മ്മത്തിലും പങ്കെടുക്കുന്നതിനായി ഭാര്യയും കുട്ടികളും കൂടി പോയ സന്ദര്‍ഭം നോക്കിയാണ് മോഷണം നടന്നത്. ജോലി കഴിഞ്ഞു റെജി സുഹൃത്തിന്റെ വീട്ടില്‍ ചെന്ന് കുടുംബവുമായി വീട്ടില്‍ ഒരു മണിക്കൂറിനുള്ളില്‍ തിരിച്ചു എത്തിയപ്പോളാണ് മോഷണം നടന്ന വിവരം അവര്‍ക്ക് മനസ്സിലായത്.
പോലീസിനെ വിളിച്ചറിയിച്ച ഉടന്‍ തന്നെ അവരും തുടര്‍ന്ന് വിരലടയാള വിദഗ്ധ വിഭാഗവും വന്നു അന്വേഷണം നടത്തിയെന്നും പോലീസിന്റെ ഭാഗത്ത് നിന്ന് എല്ലാ സഹായവും വാഗ്ദാനം ചെയ്തതായും ഭയാശങ്കയുടെ ആവശ്യം ഇല്ലെന്നവര്‍ അറിയിച്ചതായും റെജി പറഞ്ഞു.
വേസ്റ്റ് എടുക്കുന്ന ദിവസം ആയതിനാല്‍ ബിന്‍ വെളിയില്‍ വെച്ചിട്ടായിരുന്നു റെജി ജോലിക്ക് പോയത്. ആ ബിന്‍ ഉപയോഗിച്ച് ചവുട്ടികയറി വേലി ചാടിക്കടന്നു പിന്നിലെ ജനാല തകര്‍ത്താണ് മോഷ്ടാവ് വീട്ടിനുള്ളില്‍ കയറിയത്. 10 പവന് സ്വര്‍ണ്ണാഭരണങ്ങളും വിലപിടിപ്പുള്ള DSLR ഡി 5000 നിക്കോണ്‍ ക്യാമറ , പാനാ സോണിക് കാം കോര്‍ഡര്‍, N95 മൊബയില്‍ഫോണ്‍ തുടങ്ങിയവയും നഷ്ട്ടപ്പെട്ടവയില് ഉള്‍പ്പെടുന്നു. കൂടുതലായി എന്തൊക്കെ നഷ്ട്ടപ്പെട്ടു എന്ന് തിട്ടപ്പെടുത്തുവാന്‍ കഴിഞ്ഞിട്ടില്ല എന്ന് റെജി പറഞ്ഞു.
തങ്ങളുടെ പ്രദേശത്ത് ആദ്യമായി ഇത്തരം ഒരു സംഭവം നടന്ന ഞെട്ടലിലാണ് മലയാളികള്‍. ഇനി തങ്ങളെ തെരഞ്ഞു പിടിച്ചു ഉപദ്രവിക്കുമോ എന്നും അവര്‍ പേടിക്കുന്നു. തങ്ങളുടെ ഒരു നെറ്റ്വര്‍ക്ക് ഉണ്ടാക്കി പരമാവധി വീട് ആളില്ലാത്ത സാഹചര്യം ഒഴിവാക്കുവാനായി പരസ്പരം സഹകരിക്കുവാന്‍ റെജിയുടെ വീട് സന്ദര്‍ശിച്ച സുഹൃത്തുക്കള്‍ ഒത്തു കൂടി തീരുമാനം എടുത്തിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല