ബോളിവുഡിലെ ഡ്രീം ഗേളായി മകളും അംഗീകരിക്കപ്പെടണമെന്നായിരുന്നു ഹേമമാലിനിയുടെ ആഗ്രഹം. എന്നാല്‍ സിനിമയില്‍ പലതിലും അഭിനയിച്ചെങ്കിലും അമ്മയുടെ ആഗ്രഹത്തിനൊത്ത് ഉയരാന്‍ ഇഷ ഡിയോളിനു കഴിഞ്ഞില്ല. സിനിമാമോഹമുപേക്ഷിച്ച് വിവാഹിതയാവാനാണ് ഇഷയുടെ തീരുമാനം. ഒരു വര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്ന ബിസിനസുകാരന് ഭരത് തക്താനിയുമായി ഇഷയുടെ വിവാഹനിശ്ചയമായിരുന്നു ഇന്നലെ. പ്രണയിക്കുന്ന ഇവര്‍ വലന്റൈന്‍ ദിനത്തിനു മുമ്പു തന്നെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ജൂഹുവിലെ വീട്ടില്‍ ലളിതവും ട്രെഡിഷണലുമായ ചടങ്ങായിരുന്നു. കുടുംബാംഗങ്ങള്‍ക്കൊപ്പം ജയ ബച്ചന് ഉള്‍പ്പെടെ വളരെ അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു.
കുറച്ചു നാളായി പല പരിപാടികളിലും ഇഷയും ഭരതും ഒന്നിച്ചാണ് പങ്കെടുക്കാനെത്തിയിരുന്നത്. ഇതിനു മുമ്പ് ഇഷയുടെ വിവാഹനിശ്ചയം കഴിഞ്ഞെന്നു വാര്‍ത്തകള്‍ വന്നതാണ്. എന്നാല്‍ അതെല്ലാം തെറ്റാണെന്ന് വ്യക്തമായി ഇന്നലെ. ഇഷയുടെ വിവാഹനിശ്ചയത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷം ഹേമയ്ക്കു തന്നെ. ബോളിവുഡിലെ ഹൈ പ്രൊഫൈല്‍ വിവാഹങ്ങളില്‍ ഒന്നു തന്നെയായിരിക്കും ഇഷയുടേത്. തീയതി ഉറപ്പായിട്ടില്ലെങ്കിലും ഉടന്‍ തന്നെയുണ്ടാവുമെന്ന് ഹേമ പറയുന്നു.
ധര്‍മേന്ദ്രയുടേയും ഹേമമാലിനിയുടേയും മകള്‍ എന്ന സപ്പോര്ട്ടുണ്ടായിട്ടും സിനിമാലോകത്ത് തന്റെ സാന്നിധ്യം അറിയിക്കാന്‍ കഴിയാതെ പോയ താരമാണ് ഇഷ. എങ്കിലും അമ്മയോടും സഹോദരിയോടുമൊപ്പം നൃത്തവേദികളില്‍ സജീവം. മകളുടെ റീ ലോഞ്ചിനായി അമ്മ സംവിധാനം ചെയ്ത ടെല്‍ മീ ഓ ഖുദായും തകര്‍ന്നതോടെയാണ് വിവാഹിതയാവാന്‍ ഇഷ തീരുമാനിച്ചത്. ഭരതുമായുള്ള ബന്ധം പലതവണ നിഷേധിച്ചെങ്കിലും ഒടുവില്‍ ഒന്നാവാന്‍ തന്നെയായിരുന്നു അവരുടെ തീരുമാനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല