ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയില്‍ നിന്നു കര്‍ദിനാള്‍ പദവി സ്വീകരിക്കാന്‍ എത്തുന്ന സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരിയെ വരവേല്‍ക്കാന്‍ റോം ഒരുങ്ങി. നാളെ റോമിലെ ലെയനാര്‍ഡോ ഡാവിഞ്ചി വിമാനത്താവളത്തില്‍ എത്തുന്ന മാര്‍ ആലഞ്ചേരിയെ റോമിലെ സീറോ മലബാര്‍ സഭയുടെ പ്രൊക്യുറേറ്റര്‍ റവ. ഡോ. സ്റീഫന് ചിറപ്പണത്തിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം സ്വീകരിക്കും.
വെള്ളിയാഴ്ച നിയുക്ത കര്‍ദിനാള്‍മാര്‍ മാര്‍പ്പാപ്പയുമൊന്നിച്ചു പ്രാര്‍ഥന നടത്തും. ന്യൂയോര്‍ക്ക് ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഡോ. തിമോത്തി ഡോളന്‍ പ്രാര്‍ഥനയ്ക്കു നേതൃത്വം നല്‍കും. ശനിയാഴ്ച രാവിലെ 10.30-ന് (ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് രണ്ടിന്) വത്തിക്കാനില്‍ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലാണു കര്‍ദിനാള്‍ പദവി നല്കുന്ന ചടങ്ങുകള്‍ നടക്കുന്നത്. സാര്‍വത്രിക സഭയില്‍ കര്‍ദിനാള്‍ സ്ഥാനത്തിന്റെ അടയാളമായ ചുവന്ന തൊപ്പിയും മോതിരവും പുതിയ കര്‍ദിനാള്‍മാരെ മാര്‍പാപ്പ അണിയിക്കും. പിന്നീട് അവര്‍ക്കു സ്ഥാനികദേവാലയം നിശ്ചയിച്ചു കൊടുക്കും.
ഞായറാഴ്ച രാവിലെ ഒമ്പതരയ്ക്കു മാര്‍പാപ്പ പുതിയ കര്‍ദിനാള്‍മാര്‍ക്കൊപ്പം സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ ആഘോഷമായ സമൂഹബലി അര്‍പ്പിക്കും. ഉച്ചകഴിഞ്ഞു മൂന്നിനു മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് സീറോ മലബാര്‍ സമൂഹത്തിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. തുടര്‍ന്ന് അദ്ദേഹം വിശുദ്ധ അനസ്താസിയായുടെ ബസിലിക്കയില്‍ ദിവ്യബലി അര്‍പ്പിക്കും. സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്ക ബാവ ദിവ്യബലിമധ്യേ സന്ദേശം നല്‍കും. തുടര്‍ന്ന് കര്‍ദിനാളിന്റെ ബഹുമാനാര്‍ഥം അത്താഴവിരുന്ന് നല്‍കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല