താരസംഘടനയായ ‘അമ്മ’യും സാങ്കേതികവിദഗ്ധരുടെ സംഘടനയായ ഫെഫ്കയും ഇടപെട്ടതോടെ നടി നിത്യാ മേനോനെതിരായ വിലക്ക് പിന്‍വലിക്കാന്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തീരുമാനിച്ചതായി അറിയുന്നു. നിത്യയ്ക്കെതിരായ വിലക്ക് വലിയ വാര്‍ത്തയാകുകയും ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ നിത്യയുടെ സിനിമകള്‍ റിലീസ് ചെയ്യാതിരിക്കാനുള്ള നടപടി സ്വീകരിക്കുകയും ചെയ്തതോടെയാണ് അമ്മയും ഫെഫ്കയും പ്രശ്നത്തില്‍ ഇടപെട്ടത്.
അമ്മയുടെ പ്രസിഡന്‍റ് ഇന്നസെന്‍റും മറ്റ് താരപ്രമുഖരും നിത്യയുടെ വിലക്ക് പിന്‍വലിക്കണമെന്ന് നിര്‍മ്മാതാക്കളോടും വിതരണക്കാരോടും ആവശ്യപ്പെട്ടതായാണ് അറിയുന്നത്. ഇതോടെയാണ് നിത്യയ്ക്ക് അനുകൂലമായ നടപടി സ്വീകരിക്കാന്‍ നിര്‍മ്മാതാക്കളുടെ സംഘടന തീരുമാനിച്ചതെന്നാണ് അറിയുന്നത്.
നിത്യ അഭിനയിച്ച ടി കെ രാജീവ് കുമാറിന്‍റെ ‘തത്സമയം ഒരു പെണ്‍കുട്ടി’, അന്‍വര്‍ റഷീദിന്‍റെ ‘ഉസ്താദ് ഹോട്ടല്‍’, അമല്‍ നീരദിന്‍റെ ‘ബാച്ചിലേഴ്സ് പാര്‍ട്ടി’ എന്നീ ചിത്രങ്ങളുടെ പ്രദര്‍ശനം തടയാന്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വിതരണക്കാരുടെ സംഘടനയ്ക്ക് നിര്‍ദ്ദേശം നല്‍കിയതായി വാര്‍ത്തകള്‍ വന്നതോടെയാണ് അമ്മയും ഫെഫ്കയും ഇടപെട്ടത്.
‘തത്സമയം ഒരു പെണ്‍കുട്ടി’ എന്ന സിനിമയുടെ സെറ്റില്‍ സന്ദര്‍ശനം നടത്തിയ നിര്‍മ്മാതാക്കളോട് മോശമായി പെരുമാറി എന്ന ആരോപണത്തെ തുടര്‍ന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ നിത്യയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല