ആന്ധ്രയില്‍ ഫാന്‍സ് അസോസിയേഷനുകള്‍ ഇപ്പോള്‍ അക്രമവും തുടങ്ങിയിരിക്കുന്നു. ബാലകൃഷ്ണയുടെ ആരാധകരാണ് പ്രശ്നക്കാരായി മാറിയത്.
നഗരത്തിലെ ആറ് തിയേറ്ററുകളുള്ള മള്‍ട്ടിപ്ലക്സ് കോംപ്ലക്സിലെ ഒരു തിയേറ്ററില്‍ സൂപ്പര്‍താരം ബാലകൃഷ്ണയുടെ പുതിയ ചിത്രം പ്രദര്‍ശിപ്പിക്കുന്നു. തൊട്ടടുത്ത തിയേറ്ററില്‍ ‘നോവണ് കില്‍ഡ് ജസീക്ക’ എന്ന പുതിയ ഹിന്ദിചിത്രവും. ബാലകൃഷ്ണയുടെ ചിത്രം തുടങ്ങിക്കഴിഞ്ഞപ്പോഴേ സാങ്കേതികത്തകരാറുകള്‍മൂലം ശബ്ദവും മറ്റും പ്രശ്നമായി. ചിത്രത്തിന്റെ പ്രദര്‍ശനത്തില്‍ പ്രശ്നം കൂടിയപ്പോള്‍ ബാലകൃഷ്ണ ഫാന്‍സ്, തൊട്ടടുത്ത ‘നോവണ് കില്‍ഡ് ജസീക്ക’ എന്ന പുതിയ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്ന തിയേറ്ററില്‍ ഇടിച്ചുകയറി ബാലകൃഷ്ണയുടെ ചിത്രം ഈ തിയേറ്ററിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കി. ബാലകൃഷ്ണ ഫാന്‍സ് ഈ തിയേറ്ററില്‍ ഇരുന്നവരെ ബലമായി പുറത്തിറക്കിയപ്പോഴും മാനേജ്മെന്റില്‍നിന്ന് ആരും ഇടപെട്ടില്ല.
അവസാനം ബാലകൃഷ്ണയുടെ ചിത്രം ഈ തിയേറ്ററിലേക്കു മാറ്റി. ഹിന്ദി ചിത്രത്തിന്റെ പ്രേക്ഷകര്‍ക്ക് ടിക്കറ്റ്ചാര്‍ജ് തിരിച്ചുനല്‍കാമെന്ന് മാനേജ്മെന്റ് ഉറപ്പുനല്‍കി. ഇത് തികച്ചും ധിക്കാരപരമാണെന്ന് ഹിന്ദിചിത്രത്തിന്റെ പ്രേക്ഷകര്‍ പറഞ്ഞു. ആന്ധ്രയില്‍ ബാലകൃഷ്ണ, ചിരഞ്ജീവി, നാഗാര്‍ജുന, വെങ്കിടേശ്, മഹേഷ്ബാബു, രവിതേജാ തുടങ്ങിയ സൂപ്പര്‍താരങ്ങളുടെ ഫാന്‍സ് സംസ്ഥാനത്തുടനീളം സജീവമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല