ത്രിരാഷ്ട്ര ഏകദിനപരമ്പരയിലെ ആവേശകരമായ മത്സരത്തില്‍ ഇന്ത്യ ശ്രീലങ്കയെ സമനിലയില്‍ പിടിച്ചു. അവസാന ബോളുവരെ നാടകീയത നിറഞ്ഞുനിന്ന മത്സരത്തിനൊടുവില്‍ ഇന്ത്യ ഫൈനല്‍ ബെര്‍ത്ത് ഉറപ്പാക്കി.ടോസ് നേടി ബാറ്റിങ് തുടങ്ങിയ ലങ്കന്‍ ടീം ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സ് അടിച്ചെടുത്തു. ദിനേഷ് ചന്‍ഡിമാല്‍(81), മഹേല ജയവര്‍ധനെ(43), കുമാര സംഗക്കാര(31), ദില്ഷന്(16), സേനാ നായകെ(22 നോട്ടൗട്ട്) എന്നിവരാണ് തിളങ്ങിയത്.
പത്തോവറില്‍ ഒരു മേഡിനടക്കം 46 റണ്‍സ് വഴങ്ഹി മൂന്നു വിക്കറ്റ് നേടിയ വിനയ്കുമാറും പത്തോവറില്‍ ഒരു മെഡിനടക്കം 30 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ അശ്വിനുമാണ് ഇന്ത്യന്‍ ബൗളിങ് നിരയില്‍ കരുത്തുകാട്ടിയത്.
മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യക്കുവേണ്ടി ഗൗതംഗംഭീറും നായകന് മഹേന്ദ്രസിങ് ധോണിയും മികച്ച പോരാട്ടം കാഴ്ചവെച്ചു. തുടര്‍ച്ചയായി രണ്ടാം ഏകദിനത്തിലും ഗൗതം ഗംഭീറിന് തലനാരിഴക്ക് സെഞ്ച്വറി നഷ്ടപ്പെട്ടു. 106 ബോളില്‍ നിന്ന് ആറു ഫോറിന്റെ അകമ്പടിയോടെ 91 റണ്‍സാണ് ഓപണര്‍ അടിച്ചെടുത്തത്. മൂന്നു ഫോറും ഒരു സിക്സറുമടക്കം 58 റണ്‍സ് അടിച്ചെടുത്ത ധോണിയുടെ ബാറ്റിങും വിജയത്തില്‍ നിര്‍ണായകമായി.
സച്ചിന് ടെണ്ടുല്‍ക്കര്‍, വിരാട് കോഹ്ലി, രോഹിത് ശര്‍മ എന്നിവര്‍ 15ഉം അശ്വിന് 14ഉം റണ്‍സ് നേടി. മലിംഗ, പെരെര എന്നിവര്‍ ലങ്കയ്ക്കുവേണ്ടി രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി. മഹേന്ദ്ര സിങ് ധോണിയാണ് മാന്‍ ഓഫ് ദി മാച്ച്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല