കോലേഞ്ചേരി മെഡിക്കല്‍ മിഷന് ആശുപത്രിയിലെ നഴ്സുമാരുടെ സമരം പത്തൊന്‍പതാം ദിവസവും തുടരുകയാണ്. നഴ്സുമാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കൂട്ടാക്കാതെ നില്‍ക്കുകയാണ് കോലഞ്ചേരിയിലെ മാനേജ്മെന്റ്. നാട്ടുകാരും നഴ്സുമാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്. നാട്ടുകാര്‍ സമരക്കാരോടൊപ്പം ചേര്‍ന്ന് ആശുപത്രി ബഹിഷ്കരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. അതേസമയം നഴ്സുമാര്‍ക്ക് സമരം ചെയ്യാന്‍ ആശുപത്രി വളപ്പില്‍ പ്രധാന കവാടത്തില്‍ നിന്ന് 15 മീറ്റര്‍ മാറി സ്ഥലം അനുവദിക്കണമെന്നു ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ആക്ടിംഗ് ചീഫ് ജസ്റ്റീസ് മഞ്ജുള ചെല്ലൂര്‍, ജസറ്റീസ് പി.ആര്. രാമചന്ദ്രമേനോന്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചിന്റെതാണ് ഉത്തരവ്. നഴ്സുമാര്‍ക്ക് 2009ലെ വിജ്ഞാപനം അനുസരിച്ച് മിനിമം വേതനം നല്കുന്നുണ്േടാ എന്നു വ്യക്തമാക്കി ആശുപത്രി മാനേജ്മെന്റ് സത്യവാങ്മൂലം സമര്‍പ്പിക്കണം. സമരവുമായി ബന്ധപ്പെട്ടു ഹൈക്കോടതി നല്കിയ നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് പോലീസ് ഉറപ്പു വരുത്തണമെന്നും കോടതി നിര്‍ദേശിച്ചു. കേസ് രണ്ടാഴ്ച കഴിഞ്ഞു കോടതി വീണ്ടും പരിഗണിക്കും.
അതിനിടെ കേരളത്തിലെ നഴ്സുമാരുടെ സമരം ഇടുക്കിയിലേക്കും പടര്‍ന്നു. ഇടുക്കി പൈങ്കുളം സെക്രട്ട് ഹാര്‍ട്ട് ആശുപത്രിയിലെ നഴ്സുമാരാണ് ഇന്നലെ സമരം തുടങ്ങിയത്. മാന്യമായ ശമ്പളം ഉറപ്പാക്കുക, രാത്രികാലങ്ങളില്‍ ബത്ത അനുവദിക്കുക, ഭക്ഷണത്തിനും താമസത്തിനും ശമ്പളത്തില്‍ നിന്നു പിടിക്കുന്ന തുക കുറയ്ക്കുക തുടങ്ങി 12 ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്നലെ രാവിലെ എട്ടു മണിയോടെയാണു സമരം തുടങ്ങിയത്.
വായമൂടിക്കെട്ടി സമാധാനപരമായാണ് നഴ്സുമാര്‍ സമരം ആരംഭിച്ചത്. എന്നാല്‍ പോലീസ് വന്ന് സമരം അവസാനിപ്പിക്കണമെന്നും മാനസികാരോഗ്യകേന്ദ്രത്തില്‍ സമരം ചെയ്യാന്‍ പാടില്ലെന്ന ഹൈക്കോടതി നിര്‍ദ്ദേശമുണ്ടെന്നും അറിയിച്ചു. ആശുപത്രി വളപ്പില്‍ നിന്നു പുറത്തു പോകണമെന്നു സമരക്കാരോടു പൊലീസ് ആവശ്യപ്പെട്ടെങ്കിലും പുറത്തു പോകില്ലെന്ന നിലപാടില്‍ സമരക്കാര്‍ ഉറച്ചു നിന്നു. തുടര്‍ന്ന് പോലീസ് ബലം പ്രയോഗിച്ച് ഇവരെ പിടിച്ചു പുറത്താക്കി.
നഴ്സുമാര്‍ ഇപ്പോള്‍ ആശുപത്രി കോംബൗണ്ടിനു പുറത്ത് ഇരുന്ന് സമരം നടത്തുകയാണ്. ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാരെയും ആശുപത്രി അധികൃതര്‍ ബലമായി പുറത്താക്കിയിട്ടുണ്ട്. സമരക്കാരുടെ ഹോസ്റ്റല്‍ മാനേജ്മെന്റ് അടച്ചു പൂട്ടി.അതേസമയം നഴ്സുമാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ ചില ആശുപത്രി മാനേജ്മെന്റുകളും തയ്യാറായിട്ടുണ്ട്. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ പല ആവശ്യങ്ങളും അംഗീകരിക്കാന്‍ തൃശ്ശൂര്‍ സെന്റ് ജെയിംസ് മാനേജ്മെന്റ് തയ്യാറായതോടെ സമരത്തില്‍ നിന്നും നഴ്സുമാര്‍ പിന്മാറി.
എന്നാല്‍ പെരിന്തല്‍മണ്ണ എം.ഇ.എസ് ആശുപത്രി മാനേജ്മെന്റിന് നഴ്സുമാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് കൈപ്പാന്‍ പോലും മാനേജ്മെന്റ് തയ്യാറായിട്ടില്ല.ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ വരും ദിവസം പ്രത്യക്ഷ സമരത്തിനൊരുങ്ങാണ് നഴ്സിംഗ് സംഘടനയുടെ തീരുമാനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല