ഫുട്ബോളിലെ ആഗോള ഭീമന്മാര് യൂറോപ്പ ലീഗില്‍ മാറ്റുരയ്ക്കാന്‍ ഇന്നു കളത്തില്‍. ചാമ്പ്യന്‍സ് ലീഗ് കഴിഞ്ഞാല്‍ ക്ളബ് ഫുട്ബോളിലെ ഏറ്റവും പ്രധാനപ്പെട്ട മത്സരമായാണ് യൂറോപ്പ ലീഗ് വിലയിരുത്തപ്പെടുന്നത്. ഇംഗ്ളീഷ് ലീഗിലെ വമ്പന്മാരായ മാഞ്ചസ്റര്‍ യുണൈറ്റഡും മാഞ്ചസ്റര്‍ സിറ്റിയും സ്പെയിനിലെ വലന്‍സിയയും അത്ലറ്റിക്കോ ബില്‍ബാവോയും പോര്‍ച്ചുഗലിലെ എഫ്സി പോര്‍ട്ടോയും തുടങ്ങി പ്രമുഖ ടീമുകളെല്ലാം യൂറോപ്പ ലീഗില്‍ ഇന്നു കളത്തിലിറങ്ങും.
ചാമ്പ്യന്‍സ് ലീഗിന്റെ പ്രീ-ക്വാര്‍ട്ടറില്‍ ഇടംകണ്ടെത്താനാകാതിരുന്ന ഇംഗ്ളീഷ് പ്രീമിയര്‍ ലീഗിലെ രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റര്‍ യുണൈറ്റഡ് ആംസ്റര്ഡാമിലെ അയാക്സുമായാണ് ഇന്നു മാറ്റുരയ്ക്കുന്നത്. അതുകൊണ്ടുതന്നെ മാഞ്ചസ്ററിന് ഈ മത്സരം നിര്‍ണായകമാണ്. അയാക്സിന്റെ തട്ടകത്തിലാണ് മത്സരം. നാട്ടില്‍ പുലിക്കുട്ടികളാണെന്ന വിമര്‍ശനത്തിന് ഫെര്‍ഗൂസനും കുട്ടികള്‍ക്കും മറുപടി കൊടുക്കണമെങ്കില്‍ ഇവിടെ വിജയിച്ചേ തീരൂ. ചാമ്പ്യന്‍സ് ലീഗില്‍ യോഗ്യത നേടാന്‍ സാധിക്കാതെ വന്ന ടീമുകളാണ് യൂറോപ്പ ലീഗില്‍ കളിക്കുന്നത്.
മെക്സിക്കന്‍ സ്ട്രൈക്കര്‍ ഹാവിയര്‍ ഹെര്‍ണാണ്ടസും വെയ്ന്‍ റൂണിയുമടക്കമുള്ള മുന്‍നിര താരങ്ങളില്‍ വിശ്വാസമര്‍പ്പിച്ചാണ് മാഞ്ചസ്റര്‍ തുടങ്ങുന്നത്. മറ്റൊരു മത്സരത്തില്‍ പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റര്‍ സിറ്റി പോര്‍ച്ചുഗല്‍ ക്ളബ്ബായ എഫ്സി പോര്‍ട്ടോയെ നേരിടും. പ്രീമിയര്‍ ലീഗില്‍ കരുത്തോടെ മുന്നേറുന്ന റോബര്‍ട്ടോ മാന്‍സിനിയുടെ സിറ്റിക്ക് പോര്‍ട്ടോയുമായുള്ള മത്സരം കടുത്തതാകുമെന്നുറപ്പാണ്. എന്നാല്‍, കാര്‍ലോസ് ടെവസുമായുള്ള പ്രശ്നങ്ങള്‍ വീണ്ടും തലപൊക്കിയ സാഹചര്യത്തില്‍ മാന്‍സിനി പ്രതിരോധത്തിലാണ്. എങ്കിലും മികച്ച കളി പുറത്തെടുക്കുമെന്നാണ് സിറ്റി താരങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല