ദൗര്‍ഭാഗ്യകരമായ ചില സമകാലിക പ്രശ്നങ്ങള്‍ യുക്മയെ കുറിച്ചുള്ള പൊതു ചര്‍ച്ചകള്‍ അനഭിമതമായ
ഒരു തലത്തിലേക്ക് വലിച്ചിഴെക്കപ്പെടുന്ന അവസ്ഥയില്‍ യുക്മയുടെ സാമൂഹ്യ പ്രസക്തിയെ കുറിച്ചു
ഒരു സുഹൃത്ത് പ്രകടിപ്പിച്ചു കണ്ട സംശയമാണ് ഇങ്ങനെ ഒരു കത്തെഴുതാന്‍ താല്‍പ്പര്യം ജനിപ്പിച്ചത്.
പ്രിയ സുഹൃത്തുക്കളെ,
മത സംഘടനകളും ദേശ സംഗമങ്ങളും പാര്‍ട്ടി യുനിറ്റുകളും സാംസ്‌കാരിക സംഘടനകളുടെ സാമൂഹ്യ പ്രസക്തി ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നവര്‍ത്തമാനകാല സാഹചര്യത്തില്‍, അപരിചിതമായ സാംസ്കാരിക, പരിസ്ഥിതി വ്യവസ്ഥകളോട് മല്ലടിച്ചു കൊണ്ടുള്ള യാന്ത്രികമായ കുടിയേറ്റ ജീവിതത്തില്‍ ഭാവി തലമുറയ്ക്ക് ജന്മ നാടിന്‍റെ മഹത്തായ സാംസ്കാരിക പൈതൃകം നഷ്ടപ്പെട്ട് പോകാതെ കാത്തു സൂക്ഷിക്കാന്‍, യുക്മ കലാമേളകള്‍ പോലുള്ള സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ നല്‍കുന്ന സംഭാവന വളരെ വലുതാണ്.
യുക്മയെ ജനകീയമാക്കുന്നതില്‍ ഏറ്റവും വലിയ പങ്കു വഹിച്ച കലാമേളക്ക് വേദിയൊരുക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വം ഏറ്റെടുത്തു, വളരെ ഭംഗിയായി നിര്‍വ്വഹിച്ച Southend -on -Sea യിലെ സുഹൃത്തുക്കള്‍ക്ക് സംഭവിച്ച ദുരവസ്ഥ വളരെ ഖേദകരം തന്നെ. അവരുടെ ന്യായമായ ആവശ്യത്തെ മുട്ടാപ്പോക്ക് കാരണങ്ങള്‍ നിരത്തി എതിര്‍ പ്രസ്താവന ഇറക്കി നേരിട്ട രീതി ഒരു സംഘടനയുടെ ദേശീയ നേതൃത്വത്തിന് ചേര്‍ന്ന നടപടിയല്ല എന്നുള്ളത് നിസ്തര്‍ക്കമായ കാര്യമാണ്.
എങ്കിലും ദേശീയ ഭാരവാഹികളുടെ പിഴവുകള്‍ കൊണ്ട് മാത്രമല്ല കലാമേളക്ക് കൂടുതല്‍ സമയം വേദികള്‍
ഉപയോഗിക്കേണ്ടി വന്നതും അധിക സാമ്പത്തിക ചുമതല ഉണ്ടായതും എന്നതിനാല്‍ ആതിഥേയ അസ്സോസ്സിയെഷനുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കുക എന്നത് കലാമേള യില്‍ പങ്കെടുത്ത ഓരോ വ്യക്തിയുടെയും ഓരോ അംഗ അസ്സോസ്സിയേഷന്‍റെയും ധാര്‍മ്മിക ഉത്തരവാദിത്വമാണ്.
വളരെയധികം പരസ്യമായ ആരോപണങ്ങളും അവഹേളനങ്ങളും സഹിച്ചു തികച്ചും പ്രതികൂല സാഹചര്യങ്ങളില്‍ കൂടി യുക്മയെ മുന്നോട്ടു നയിച്ച ദേശീയ ഭാരവാഹികളുടെ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കാനും അഭിനന്ദിക്കാനും
പിശുക്ക് കാണിക്കുന്ന നമ്മള്‍, ശാസിക്കാനും വിമര്‍ശിക്കാനും കിട്ടുന്ന ഒരവസരം പോലും പാഴാക്കാറില്ല
എന്ന ഒരു സാധാരണ മലയാളി പ്രവണത ആണ് പല അഭിപ്രായ പ്രകടനങ്ങളിലും കടന്നു കൂടിയിരിക്കുന്നത്.
മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ ആഗ്രഹിച്ചു ഇവിടെ എത്തിച്ചേര്‍ന്നിട്ടുള്ള ഒരു ശരാശരി മലയാളിയുടെ
അതേ ദൈനംദിന ജീവിത സാഹചര്യങ്ങളില്‍ കൂടി കടന്നു പോകുന്ന ഒരു കൂട്ടം ആളുകള്‍ തന്നെയാണ് യുക്മയുടെ ഭാരവാഹികള്‍ എന്നുള്ളത് നാം പലപ്പോഴും സൗകര്യപൂര്‍വ്വം മറക്കുന്ന ദൗര്‍ഭാഗ്യകരമായ കാഴ്ചയാണ് പല വിമര്‍ശനങ്ങളിലും കാണാന്‍ കഴിയുന്നത്. അഭിനന്ദിക്കാന്‍ മനസ്സില്ല എങ്കിലും നമുക്കവരെ ഇനിയും അവഹേളിക്കാതിരുന്നു കൂടെ.
ഭാരവാഹികളുടെ വ്യക്തിത്വത്തില്‍ ആകര്‍ഷിക്കപ്പെട്ടല്ല, മറിച്ച് യുക്മ എന്ന ആശയം വിഭാവനം ചെയ്യുന്ന
ബ്രഹുത് സാധ്യതകള്‍ മുന്നില്‍ക്കണ്ടാണ് നാമെല്ലാം ഈ പ്രസ്ഥാനത്തെ സ്നേഹിച്ചതും പിന്തുണച്ചതും.
യുക്മയുടെ ഭാവി പ്രയാണത്തില്‍ നിര്‍ണായക പങ്കു വഹിക്കാന്‍ കഴിവുള്ള പല സംഘടനകളും സമീപകാലങ്ങളില്‍
അംഗത്വമെടുക്കുകയും കൂടുതല്‍ കൂടുതല്‍ സംഘടനകള്‍ അംഗത്വത്തിനായി മുന്നോട്ടുവരികയും ചെയ്തു കൊണ്ടിരിക്കുന്ന, യുക്മയുടെ വളര്‍ച്ചയുടെ ഈ നിര്‍ണായക ഘട്ടങ്ങളില്‍, ജനാധിപധ്യ വ്യവസ്ഥിതിയില്‍ നടത്തപെടുന്ന ഒരു സംഘടനയുടെ ഗതി എന്നും ഇതായിരിക്കുമെന്നും ഭാവി എന്നും ഇരുളടഞ്ഞതായിരിക്കും എന്നുമുള്ള പ്രവചനങ്ങള്‍ ആത്മ വിശ്വാസം നഷ്ട്ടപ്പെട്ടവന്‍റെ അപകര്‍ഷതാബോധത്തില്‍ നിന്നും ഉരുത്തിരിഞ്ഞ ചപലമായ വികാരപ്രകടനങ്ങള്‍ എന്നേ കാണാന്‍ കഴിയൂ.
അതിനാല്‍ യുക്മ എന്ന ഈ നല്ല സങ്കല്പം ഇത്തരം പ്രതിസന്ധികളില്‍ തട്ടി തകരാതെ മുന്നോട്ടു പോകാന്‍, വിരോധം നിറഞ്ഞ വിമര്‍ശനങ്ങളേക്കാള്‍ നമ്മുടെ എല്ലാവരുടെയും മികച്ച സഹിഷ്ണുതയും വര്‍ധിച്ച പിന്തുണയും സംയമനത്തോടെയുള്ള സമീപനവുമാണ് ഇപ്പോള്‍ ആവശ്യം. വീഴ്ച അറിയാതെ ഒരു കുഞ്ഞും നടക്കാന്‍ പഠിക്കുന്നില്ല… പ്രതിസന്ധികളില്‍ കൂടി കടന്നു പോകാതെ ഒരു സംഘടനയും ശക്തി പ്രാപിച്ചിട്ടില്ല. അതിനാല്‍ യുക്മയുടെ സാമൂഹ്യ പ്രസക്തി നഷ്ടപ്പെടാതെ കാത്തു സൂക്ഷിക്കേണ്ടത് അതിലെ ഓരോ അംഗങ്ങളുടെയും കടമയാണ്.
സംഭവിച്ച തെറ്റുകള്‍ തിരുത്തി ഇനിയും യുക്മയെ മുന്നോട്ടു നയിക്കാന്‍, രാഷ്ട്രീയ വാണിജ്യ മേഖലകളില്‍
സ്വാധീനം ചെലുത്താന്‍ കഴിവുള്ള, വിശാലമായ കാഴ്ചപ്പാടും ദീര്‍ഘ വീക്ഷണത്തോടെ കാര്യാസൂത്രണം ചെയ്യാനും കഴിവുമുള്ള പുതിയ ഭാരവാഹികള്‍ മുന്നോട്ടു വരട്ടെ എന്നാശംസിക്കുന്നു.
സുനില്‍ രാജന്‍, ഒരു യുക്മ അഭ്യുദയകാംക്ഷി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല