1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 18, 2012

സീറോ മലബാര്‍ വിശ്വാസികള്‍ക്ക് ധന്യനിമിഷം. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി കര്‍ദിനാളായി അഭിഷിക്തനായി. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ടിനു വത്തിക്കാന്‍ സെന്‍റ് പോള്‍സ് ബസിലിക്കയില്‍ നടന്ന ചടങ്ങില്‍ ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പയില്‍ നിന്നാണു പദവി സ്വീകരിച്ചത്. ഇന്ത്യയില്‍ നിന്നുള്ള പതിനൊന്നാമത്തെയും സീറോ മലബാര്‍ സഭയുടെ നാലാമത്തെയും കര്‍ദിനാളാണു മാര്‍ ആലഞ്ചേരി. പൗരസ്ത്യ രീതിയിലാണു മാര്‍ ആലഞ്ചേരി പദവി ഏറ്റെടുത്തത്. സ്ഥാന ചിഹ്നങ്ങളും അദ്ദേഹം സ്വീകരിച്ചു. സീറോ മലബാര്‍ സഭ സിനഡിലെ അംഗങ്ങള്‍ ഉപയോഗിക്കുന്നതിനു സമാനമായതും സെന്‍റ് തോമസ് ക്രോസ് പിടിപ്പിച്ചതുമായ തൊപ്പിയാണു ധരിപ്പിച്ചത്.

സെന്‍റ് പോള്‍സ് ബസിലിക്കയുടെ മുന്‍പില്‍ സ്ഥാപിച്ചിട്ടുള്ള വിശുദ്ധന്മാരായ പത്രോസ്, പൗലോസ് എന്നിവരുടെ തിരുസ്വരൂപങ്ങളുടെ ഛായ മുദ്രണം ചെയ്ത മോതിരം മാര്‍പ്പാപ്പ ധരിപ്പിച്ചു. ഇതില്‍ കന്യാമറിയത്തിന്‍റെ അടയാളമായ എട്ടു കാലുകളുള്ള നക്ഷത്ര ചിഹ്നവും മാര്‍പ്പാപ്പയുടെ ഔദ്യോഗിക മുദ്രയും പതിച്ചിട്ടുണ്ട്. നിയമന കല്‍പ്പന കൈമാറി, സെന്‍റ് ബെര്‍ണാഡിന്‍റെ പേരിലുള്ള റോമിലെ ബസിലിക്കയുടെ വികാരിയായി മാര്‍ ആലഞ്ചേരിയെ നിയമിച്ചു. മാര്‍ വര്‍ക്കി വിതയത്തിലിനു ശുശ്രൂഷയ്ക്കായി നല്‍കിയിരുന്നതും ഇതേ ബസിലിക്കയായിരുന്നു. ക്രിസ്തുവിന്‍റെ സുവിശേഷത്തിനും സഭകളുടെ ശുശ്രൂഷകള്‍ക്കും വേണ്ടി രക്തസാക്ഷിയാകാനുള്ള ആഹ്വാനം പുതിയ കര്‍ദിനാള്‍മാര്‍ക്കു പ്രസംഗത്തിലൂടെ മാര്‍പ്പാപ്പ നല്‍കി.

ആകെ 22 പേരെയാണു മാര്‍പ്പാപ്പ പുതിയ കര്‍ദിനാള്‍മാരായി വാഴിച്ചത്. ഇതിനുശേഷം ഇന്നും നാളെയുമായി കത്തോലിക്കാ സഭയിലെ കര്‍ദിനാള്‍മാരുടെ യോഗം ചേരും. 125 കര്‍ദിനാള്‍മാര്‍ പങ്കെടുക്കും. സീറോ മലബാര്‍ സഭ കൂരിയ ബിഷപ് മാര്‍ ബോസ്കോ പുത്തൂര്‍, തലശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് വലിയമറ്റം, കോട്ടയം ആര്‍ച്ച് ബിഷപ് മാര്‍ മാത്യൂ മൂലേക്കാട്ട്, ഷിക്കാഗോ ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ പ്രതിനിധാനം ചെയ്തു കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസ്, മന്ത്രി പി.ജെ. ജോസഫ്, എംപിമാരായ ജോസ് കെ. മാണി, ആന്‍റോ ആന്‍റണി എന്നിവരും പങ്കെടുത്തു. സ്ഥാനാരോഹണച്ചടങ്ങുകള്‍ക്കായി 16നു റോമിലെത്തിയ മാര്‍ ആലഞ്ചേരി ഇന്നലെ മാര്‍പ്പാപ്പയ്ക്കൊപ്പം പ്രാര്‍ഥനകളില്‍ പങ്കെടുത്തിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.