1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 18, 2012

യുവേഫ യൂറോപ്പ ചാമ്പ്യന്‍ഷിപ്പില്‍ മാഞ്ചസ്റര്‍ ടീമുകള്‍ക്ക് ഉജ്വല വിജയം. ചാമ്പ്യന്‍സ് ലീഗിന്റെ പ്രീ-ക്വാര്‍ട്ടര്‍ കാണാതെ പുറത്തായ മാഞ്ചസ്റര്‍ ടീമുകള്‍ക്ക് ഈ ജയം പുത്തന്‍ ഉണര്‍വായി. ആഷ്ലി യംഗിന്റെയും ഹാവിയര്‍ ഹെര്‍ണാണ്ടസിന്റെയും ഗോള്‍ മികവില്‍ അയാക്സിനെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരാജയപ്പെടുത്തിയത്. അതേസമയം, ഒരു ഗോളിനു പിന്നില്‍നിന്നശേഷം മാഞ്ചസ്റര്‍ സിറ്റി 2-1ന് എഫ്സി പോര്‍ട്ടോയെ കീഴടക്കി.

അര്‍ജന്റൈന്‍ കൌമാര താരം സെര്‍ജിയോ അഗ്യൂറോയുടെ സ്കോറിംഗ് മികവാണ് പിന്നില്‍നിന്ന സിറ്റിയെ മുന്നിലെത്തിച്ചത്. മത്സരത്തിന്റെ 27-ാം മിനിറ്റില്‍ പോര്‍ട്ടോയുടെ സില്‍വസ്റ്റര്‍ വലേര സ്വന്തം തട്ടകത്തില്‍ സിറ്റിയുടെ വല ചലിപ്പിച്ചു. ഈ ഞെട്ടലില്‍നിന്ന് സിറ്റിക്കു മോചിതരാകാന്‍ 55-ാം മിനിറ്റുവരെ കാത്തിരിക്കേണ്ടിവന്നു. അല്‍വാരോ പെരേരയുടെ സെല്‍ഫ് ഗോളാണ് സിറ്റിക്കു തുണയായത്. മത്സരം സമനിലയിലേക്കെന്നു തോന്നിപ്പിച്ച അവസരത്തില്‍ അവിശ്വസനീയമെന്നു പറയത്തക്കവിധത്തില്‍ അഗ്യൂറോയിലൂടെ ജയമുറപ്പിച്ച ഗോള്‍ നേടി. നസ്രയില്‍നിന്നു ലഭിച്ച പാസ് ബോക്സിന്റെ ഇടതുമൂലയില്‍നിന്നു തൊടുത്ത അഗ്യൂരോ പന്ത് പോസ്റ്റിന്റെ വലതുമൂലയിലെത്തിച്ചു. ചാമ്പ്യന്‍സ് ലീഗിന്റെ പ്രാഥമിക റൌണ്ടില്‍ പുറത്തായ സിറ്റി ഇവിടെയും മോശം കളിയാണ് പുറത്തെടുത്തത്. യായാ ടുറേയും മാരിയോ ബലോടെല്ലിയും ജേവിഡ് സില്‍വയും സമീര്‍ നസ്രിയുമൊന്നും പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ല. അതിനിടെ, പോര്‍ച്ചുഗല്‍ ടീമിനെ ചില സിറ്റി താരങ്ങള്‍ വംശീയമായി അധിക്ഷേപിച്ചു എന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. സ്വന്തം തട്ടകത്തില്‍ അടുത്തയാഴ്ച നടക്കുന്ന മത്സരത്തില്‍ സമനില നേടാനായാല്‍പ്പോലും സിറ്റിക്കു മുന്നേറാം.

ഇംഗ്ളീഷ് പ്രീമിയര്‍ ലീഗിലെ മറ്റൊരു വമ്പനായ മാഞ്ചസ്റര്‍ യുണൈറ്റഡ് അയാക്സിനെതിരേ തികച്ചും ഏകപക്ഷീയമായ ജയമാണ് നേടിയത്. എവേ മത്സരത്തില്‍ ആദ്യപകുതി ഗോള്‍ രഹിതമായിരുന്നു. എന്നാല്‍, രണ്ടാം പകുതിയില്‍ മികച്ച ധാരണയോടെ കളിച്ച മാഞ്ചസ്റര്‍ നിരന്തരമായ മുന്നേറ്റംകൊണ്ട് അയാക്സ് പ്രതിരോധം വിറപ്പിച്ചു. ഡച്ച് ചാമ്പ്യന്മാരായ അയാക്സ് മാഞ്ചസ്റര്‍ മുന്നേറ്റത്തില്‍ ആടിയുലഞ്ഞു. 59-ാം മിനിറ്റില്‍ ഇംഗ്ളീഷ് താരം ആഷ്ലി യംഗ് യൂറോപ്പ ലീഗിലെ മാഞ്ചസ്റര്‍ യുണൈറ്റഡിന്റെ അരങ്ങേറ്റം ഗംഭീരമാക്കി. പോര്‍ച്ചുഗല്‍ താരം നാനിയുടെ ഉജ്വല ക്രോസില്‍നിന്നാണ് യംഗ് ഗോള്‍ സ്വന്തമാക്കിയത്. ഗോള്‍ വീണതോടെ മികച്ച മുന്നേറ്റങ്ങളുമായി മാഞ്ചസ്റ്റര്‍ കളം നിറഞ്ഞു. കളിതീരാന്‍ നാലു മിനിറ്റു ശേഷിക്കെയായിരുന്നു യുണൈറ്റഡിന്റെ രണ്ടാം ഗോള്‍ പിറന്നത്.

സൂപ്പര്‍താരം വെയ്ന്‍ റൂണിയും അന്റോണിയോ വലന്‍സിയയും ചേര്‍ന്നുള്ള മുന്നേറ്റത്തിനൊടുവിലാണ ഹാവിയര്‍ ഹെര്‍ണാണ്ടസ് ഗോള്‍ നേടിയത്. വലന്‍സിയയുടെ പാസ് തട്ടിയിടേണ്ട ചുമതലയേ ഹെര്‍ണാണ്ടസിനുണ്ടായിരുന്നുള്ളൂ. അടുത്തയാഴ്ച നാട്ടില്‍ നടക്കുന്ന മത്സരത്തില്‍ രണ്ടിലേറെ ഗോളിന്റെ വ്യത്യാസത്തില്‍ അയാക്സിനോടു തോറ്റാല്‍ മാത്രമേ മാഞ്ചസ്റ്ററിന് പ്രീ-ക്വാര്‍ട്ടര്‍ പ്രതീക്ഷ അസ്തമിക്കൂ. മറ്റുമത്സരങ്ങളില്‍ ലോക്കോ മോട്ടീവ് മോസ്കോ ഒന്നിനെതിരേ രണ്ടു ഗോളിന് അത്ലറ്റിക് ബില്‍ബാവോയെയും അത്ലറ്റിക് മാഡ്രിഡ്, ലാസിയോയെ ഒന്നിനെതിരേ മൂന്നു ഗോളിനും പരാജയപ്പെടുത്തി. ലിസ്ബണ്‍- വാര്‍സോ മത്സരവും വിക്ടോറിയ പ്ളാസന്‍- ഷാല്‍ക്കെ മത്സരവും സമനിലയില്‍ കലാശിച്ചു. ചാമ്പ്യന്‍സ് ലീഗിന്റെ പ്രീ-ക്വാര്‍ട്ടറില്‍ പ്രവേശിക്കാത്ത ടീമുകളാണ് യൂറോപ്പ ലീഗ് കളിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.