ആണവ പരിപാടി സംബന്ധിച്ച് ഇറാനുമായി ചര്‍ച്ച പുനാരാരംഭിക്കാന്‍ സാധ്യതയുണ്ടെന്ന് അമേരിക്കയും യൂറോപ്യന്‍ യൂണിയനും സൂചന നല്‍കി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ആദ്യമായാണ് ചര്‍ച്ച പുനരാരംഭിക്കുന്നതിനുള്ള സാധ്യത തെളിയുന്നത്. അന്താരാഷ്ട്ര സമൂഹവുമായി ചര്‍ച്ചയ്ക്ക് ഒരുക്കമാണെന്ന് ഇറാന്‍ കഴിഞ്ഞ ദിവസം യൂറോപ്യന്‍ യൂണിയനെ അറിയിച്ചിരുന്നു.
ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ സാധ്യതയുണ്ടെന്ന് യു. എസ്. വിദേശകാര്യ സെക്രട്ടറി ഹില്ലരി ക്ലിന്റണും യൂറോപ്യന്‍ യൂണിയന്‍ വിദേശനയ മേധാവി കാതറിന്‍ ഓസ്റ്റണും പറഞ്ഞു. സംഭാഷണം പൂര്‍ണമായും ആണവ പരിപാടി സംബന്ധിച്ചുമാത്രമായിരിക്കുമെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ താന്‍ അയച്ച കത്തിന് മറുപടിയായി, ചര്‍ച്ച പുനരാരംഭിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ടുള്ള ഇറാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ കത്ത് ലഭിച്ചതായി കാതറിന്‍ ഓസ്റ്റണ്‍ പറഞ്ഞു.
ഇറാന് എന്താണ് പറയാനുള്ളതെന്ന് ലോകം കാത്തിരിക്കുകയാണെന്ന് ഹില്ലരി ക്ലിന്റണ്‍ പറഞ്ഞു. ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന ഇറാന്റെ വാഗ്ദാനം സഖ്യരാജ്യങ്ങളുമൊത്തു സസൂക്ഷ്മം വിശകലനം ചെയ്തുവരികയാണ്. ഇറാന്റെ ഇത്തരമൊരു നിര്‍ദേശത്തിനായാണ് കാത്തിരുന്നത്. ഇതിന് തീര്‍ച്ചയായും ഫലം ഉണ്ടാക്കാന്‍ കഴിയുമെന്നും ഹില്ലരി പറഞ്ഞു. ഹോര്‍മുസ് കടലിടുക്ക് അടച്ചിടാനോ ആണവ പരിപാടിയുമായി മുന്നോട്ടുപോകാനോ ഇറാന്‍ ശ്രമിച്ചാല്‍ അത് തടയാന്‍ ഏത് മാര്‍ഗവും സ്വീകരിക്കുമെന്ന് യു.എസ്. പ്രതിരോധ സെക്രട്ടറി ലിയോന്‍ പനേറ്റ പറഞ്ഞു.
അതിനിടെ, ഇറാനില്‍ നിന്നും അസംസ്‌കൃത എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കുന്നതുസംബന്ധിച്ച് ഇന്ത്യയുമായി സംഭാഷണം നടത്തിവരികയാണെന്ന് യു.എസ്. വെളിപ്പെടുത്തി. ഇറാന് എതിരായ അന്താരാഷ്ട്ര ഉപരോധവുമായി സഹകരിക്കണമെന്നാണ് ആവശ്യം. പാകിസ്താന്‍, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളോടും ഇതേ ആവശ്യം ഉന്നയിച്ചുവരികയാണെന്നും യു. എസ്. വിദേശകാര്യ വക്താവ് വാഷിങ്ടണില്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല