ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന നേഴ്സുമാരുടെ സമരത്തിനും അവരെ പിന്താങ്ങുന്ന സംഘടനയ്ക്കും പിന്തുണ പ്രഖ്യാപിക്കുവാനും അതുപോലെ മറ്റുള്ളവരെ സമരത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തുവാനും കൂടിയാണ് ഞാന്‍ ഇതെഴുതുന്ന്നത്. ഒരുപക്ഷെ യുകെയിലെ മലയാളി സമൂഹത്തിന് അതുപോലെ തന്നെ മലയാളി കുടിയേറ്റത്തിന് നേരിട്ട് അല്ലെങ്കില്‍ പരോക്ഷമായി നേഴ്സിംഗ് മേഖലയുമായി ബന്ധമുണ്ട്. അതുകൊണ്ട് നമ്മള് ഇവിടെയെത്തി ഇവിടത്തെ നേഴ്സിംഗ് ജോലിയുടെ മഹാത്മ്യം അതുപോലെ ജോലിയുടെ സേവന വേതനങ്ങളും അതിനൊപ്പം സ്വാതന്ത്ര്യവും അനുഭവിക്കുമ്പോഴും നമ്മുടെ നാട്ടിലെ സഹോദരി-സഹോദരന്മാരുടെയും അവരുടെ കുടുംബങ്ങളുടെയും വ്യസനങ്ങളും യാതനകളും അവഗണനകളും കണ്ടില്ലെന്ന് നടിക്കുവാന്‍ പറ്റുമോ? അവരെ പിന്തുണയ്ക്കുക എന്ന ധാര്‍മിക ഉത്തരവാദിത്വവും അതിലുപരി അവരെ ആശ്രയിച്ച് കഴിയുന്ന പതിനായിരക്കണക്കിന് കുടുംബങ്ങളുടെ കണ്ണീര് കാനതിരിക്കുവാന് നമുക്ക് സാധിക്കുമോ?
നേഴ്സിംഗ് ജോലിയുമായി ബന്ധപ്പെട്ട് അവഗണനയും പീഡനവും ഇന്നോ ഇന്നലെയോ ഉത്ഭവിച്ചതല്ല എന്ന് ഇന്ത്യയില്‍ ആ സേവനം തുടങ്ങിയോ അന്ന് മുതല്‍ ഉണ്ടായിട്ടുള്ളതാണ്. ഇന്ന് ഈ സമരരീതിയിലോട്ട് തിരിയാന്‍ ഒരു കാരണം ഉത്തരേന്ത്യയില്‍ തുടങ്ങിയ നേഴ്സിംഗ് മേഖലയുമായി തുടങ്ങിയ സമരത്തിന്റെ തുടര്‍ ചലനങ്ങളാണ് ഇന്നിപ്പോള്‍ കേരളത്തില്‍ നടന്നു കൊണ്ടിരിക്കുന്നത്. ഒരുകാലത്ത് സ്ത്രീകള്‍ക്ക് മാത്രമായി കല്‍പ്പിച്ചിരുന്ന നേഴ്സിംഗ് മേഖലയില്‍ ഇന്ന് ധാരാളം പുരുഷന്മാര് വന്നു കൊണ്ടിരിക്കുന്നു. പുരുഷന്മാരുടെ കടന്നു വരവ് നേഴ്സിംഗ് മേഖലയ്ക്ക് കൂടുതല്‍ ശക്തി പകരുകയും പല സമരങ്ങളും വിജയിപ്പിക്കാന്‍ അത് കാരണമാകുകയും ചെയ്തു. പക്ഷെ അതിനു മെയില്‍ നെഴ്സുമാര്‍ക്ക് കടുത്ത വില കൊടുക്കേണ്ടതായി വന്നു. കാരണം പല സ്വകാര്യ സ്ഥാപനങ്ങളും മെയില്‍ നേഴ്സുമാരെ ജോലിയില്‍ നിയോഗിക്കുന്നില്ല. ഒരു പരിധിവരെ അവരെ ചൂഷണം ചെയ്യാന്‍ സാധിക്കുന്നില്ലെന്നു മാനേജ്മെന്റുകള്‍ക്ക് ഉത്തമബോധ്യമുണ്ട്.
യഥാര്‍ത്ഥത്തില്‍ കേരളത്തില്‍ പണ്ട് ക്രിസ്ത്യന്‍ മിഷനറിമാരുടെ തുടക്കവും അതുപോലെ അവരുടെ ആതുരസേവനവും അതുപോലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബോധവല്‍ക്കരണവുമാണ് ഇന്നത്തെ കേരളത്തിലെ നെഴ്സിംഗിന്റെ അടിസ്ഥാന ഘടകം. അന്ന് നേഴ്സിംഗ് ഒരു ആതുരസേവനം ആണെങ്കില്‍ ഇന്നത് ഒരു ജീവിതമാര്‍ഗം കൂടിയാണ്. പലരും അത് മനസിലാക്കാതെ പോയി അല്ലെങ്കില്‍ കണ്ടില്ലെന്ന് നടിക്കുന്നു ഇതാണ് യഥാര്‍ത്ഥത്തില്‍ പ്രശ്നങ്ങളുടെ അടിസ്ഥാന കാരണം.
ഇന്ന് ധാരാളം പേര് നേഴ്സിംഗ് മേഖലയിലേക്ക് വരുവാന്‍ കാരണം വിദേശത്തുള്ള ജോലി സാധ്യതയും മാന്യതയും പിന്നെ നല്ല വേതനവുമാണ്. ഇന്ന് മൂന്നോ നാലോ വര്‍ഷം പഠിച്ച നെഴ്സുമാര്‍ക്ക് അവരുടെ വീട്ടില്‍ സഹായം ചെയ്യുന്ന ജോലിക്കാര്‍ക്ക് കിട്ടുന്ന വേതനം പോലും ഇല്ലെന്ന സത്യം നാം മനസിലാക്കണം. കാരണം ഒരു പ്രവര്‍ത്തിപരിചയം അല്ലെങ്കില്‍ വിദേശത്ത് ജോലി കിട്ടുന്നത് വരെയൊരു ഇടത്താവളം എന്ന് പലരും കരുതിയത് പല ഹോസ്പിറ്റല്‍ മാനേജ്മെന്റും മുതലെടുത്ത്. ഇന്ത്യയില്‍ തന്നെ ലക്ഷക്കണക്കിന് ഒഴിവുകള്‍ ഉണ്ടെന്നിരിക്കെ കാരണവും ഈ അവഗണനയും കുറഞ്ഞ വേതനവും പീഡനവും തന്നെയാണ്.
ഇന്നു കേരളത്തില്‍ ഏറ്റവും കൂടുതല്‍ നേഴ്സിന് പരിശീലനം കൊടുക്കുകയും അതുപോലെ തന്നെ നേഴ്സിംഗ് സ്കൂള്‍/കോളേജ്/ഹോസ്പിടല്‍ നടത്തുകയും കൂടാതെ ഇന്ത്യയില്‍ നേഴ്സിംഗിനു തുടക്കമിടുകയും ചെയ്ത ക്രിസ്ത്യന്‍ സഭകളും, സഭാ സ്ഥാപനങ്ങളും ഈ ജോലി ഒരു ആതുരസേവനം എന്നതിലുപരി ഒരു ജീവിതമാര്‍ഗം ആണെന്ന് തിരിച്ചറിഞ്ഞു അതാത് കാലഘട്ടത്തില്‍ ആവശ്യമായ ശമ്പള വര്‍ദ്ധനവും, ബോധവല്‍ക്കരണവും നടത്തി മറ്റു സമുദായങ്ങള്‍ക്കും സമൂഹത്തിനും സ്ഥാപനത്തിനും രാജ്യത്തിനും മാതൃക ആകേണ്ടതായിരുന്നു. ചില കാരണങ്ങളാല്‍ ഉണ്ടായ വീഴ്ചയാണ് ഒരു പരിധിവരെ നേഴ്സിംഗിനു വളര്‍ച്ചയോടൊപ്പം മേല്‍പ്പറഞ്ഞ വീഴ്ച്ചകള്‍ക്കും കാരണം.
ഒരുപക്ഷെ ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് അല്ലെങ്കില്‍ മറ്റു സമുദായങ്ങള്‍ക്ക് ഒട്ടനവധി കാരണങ്ങള്‍ നിരത്തുവാന്‍ ഉണ്ട്. അതായത് തങ്ങള്‍ രോഗികള്‍ക്ക് സോജന്യ ചികിത്സ അല്ലെങ്കില്‍ കുറഞ്ഞ തുകകളും ഈടാക്കുന്നുവെന്നും അതുകൊണ്ട് തങ്ങള്‍ക്കു നെഴ്സുമാര്‍ക്ക് മാന്യമായ ശമ്പളം കൊടുക്കുവാന്‍ സാധിക്കുന്നില്ല എന്നും. എന്നാല്‍ അതെ സ്ഥാപനത്തിലെ ഡോക്റ്റര്‍മാര്‍ക്ക് മറ്റു ജീവനക്കാര്‍ക്ക് നല്കുന്ന ശമ്പളവുമായി താരതമ്യം ചെയ്യുമ്പോള്‍ നെഴ്സുമാര്‍ക്ക് വളരെ കുറഞ്ഞ വേതനമാണ് നല്‍കുന്നത്.
വേല ചെയ്യുന്ന ജോലിക്കാര്‍ക്ക് ശരിയായി കൂലി നല്‍കാത്തത് മരണകരമായ പാപമാണെന്ന് പഠിപ്പിക്കുന്ന സഭ തന്നെ ഇക്കാര്യത്തില്‍ മുന്‍കൈ എടുത്തു പ്രവര്‍ത്തിച്ചാല്‍ ഒരു പരിധിവരെ ഈ മേഖല രക്ഷപ്പെട്ടെന്ന് വരാം. യഥാര്‍ത്ഥത്തില്‍ ഇവിടെ മുതലെടുപ്പ് അല്ലെങ്കില്‍ ചൂഷണം ചെയ്യുന്നത് ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ കുത്തക, സ്വകാര്യ, സഹകരണ സ്ഥാപനങ്ങളാണ്. സമുദായ സ്ഥാപനങ്ങള്‍ രോഗികള്‍ക്ക് സൌജന്യമെങ്കിലും കോടുക്കുന്നുണ്ട് എന്ന് നമുക്ക് ആശ്വസിക്കാം (എല്ലാവരുമില്ല). എന്നാല്‍ മറ്റ് മേല്‍പ്പറഞ്ഞ സ്ഥാപനങ്ങള്‍ ആതുര സേവനത്തിന്റെ പേരില്‍ ഇവിടത്തെ നേഴ്സുമാരുടെ ചോരയും നീരും ഊറ്റി കുടിച്ചു കൊഴുത്ത് വളരുകയാണ്. നല്ല ചെടികള്‍ക്ക് ഇടയില്‍ വളരുന്ന കള ആര്‍ത്ത് വളരും.
ഇക്കൂട്ടര്‍ നേഴ്സുമാരെ പീഡിപ്പിക്കുന്നത് പലവിധമാണ്. കുറഞ്ഞ വേതനം, ബോണ്ട് കരാര്‍, സര്‍ട്ടിഫിക്കേറ്റ് ആവശ്യപ്പെടുക, വിശ്രമം അനുവധിക്കാതിരിക്കുക, ശാരീരിക-മാനസിക പീഡനം, അവധി അനുവദിക്കാതിരിക്കല്‍, കൂടുതല്‍ ജോലി കൊടുക്കുക അങ്ങനെ പീഡനങ്ങളുടെ ഒരു നെണ്ടാനിര അതുകൊണ്ട് ഇപ്പോള്‍ നടക്കുന്ന നേഴ്സിംഗ് സമരം അവരുടെ ജീവിക്കുന്നതിനു വേണ്ടിയുള്ള കുറഞ്ഞ ആവശ്യങ്ങളെ ആവശ്യപ്പെടുന്നതാണ് അത് കണ്ടില്ലെന്ന് നടിക്കാന്‍ ആര്‍ക്കാണ് കഴിയുക. കേരളത്തിലെ ഈ സ്ഥാപനങ്ങള്‍ തുടരുന്ന രീതികള്‍ മറ്റു വിദേശ രാജ്യങ്ങളില്‍ ആയിരുന്നുവെങ്കില്‍ മേലധികാരികളെ കല്‍ത്തുറുങ്കില്‍ അടച്ചു ഹോസ്പിറ്റലിന്റെ ലൈസന്‍സ് നീക്കം ചെയ്തേനെ.
ഇന്ന് കേരളത്തിലെ പല ചെറുപട്ടണങ്ങളുടെയും പഞ്ചായത്തുകളുടെയും ബാങ്കുകളുടെയും സമുദായങ്ങളുടെയും ഇടത്തരം കുടുംബങ്ങളുടെയും വളര്‍ച്ചയ്ക്കും വികസനത്തിനും കാരണം വിദേശ വര്‍ഗമാണെന്ന കാര്യത്തില്‍ നമുക്ക്ക് സംശയമില്ല. അത് പരിധിവരെ കേരള സര്‍ക്കാരിനും രാജ്യത്തിനും ഗുണം ചെയ്തു കൊണ്ടിരിക്കുന്നു. അതുകൊണ്ട് ഈ മേഖലയ്ക്ക് വേണ്ടവിധം ശ്രദ്ധ കൊടുക്കുകയും അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുകയും ചെയ്യേണ്ടത് നമ്മുടെ നാടിന്, അവരുടെ വികസനത്തിനും വളര്‍ച്ചയ്ക്കും വഴി തെളിയിക്കും. അതുകൊണ്ട് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന എല്ലാവിധ നല്ല ഉദ്ദേശ്യത്തോടുള്ള സമരങ്ങള്‍ക്ക് പിന്തുണയും സഹായവും നല്‍കുന്നതിനൊപ്പം അവ വിജയിക്കട്ടെ എന്ന് ആശംസിക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല