ഇറാന്റെ ആണവകേന്ദ്രങ്ങള്‍ തകര്‍ക്കാനായി ഇപ്പോള്‍ ആക്രമണം നടത്തുന്നതു ബുദ്ധിപൂര്‍വകമായിരിക്കില്ലെന്നു ബ്രിട്ടന്‍ ഇസ്രയേലിനെ ഉപദേശിച്ചു. ആക്രമണപദ്ധതിയെക്കുറിച്ച് ഇസ്രയേല്‍ ഇതുവരെ തങ്ങളെ അറിയിച്ചിട്ടില്ലെന്നു ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ വിദേശകാര്യ സെക്രട്ടറി വില്യം ഹേഗ് പറഞ്ഞു.
ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇറാനെതിരേ സൈനികാക്രമണം നടത്തുന്നതു ശരിയാണെന്നു താന്‍ കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഉപരോധം ശക്തമാക്കി ചര്‍ച്ചയ്ക്ക് ഇറാനെ പ്രേരിപ്പിക്കുകയാണു ശരിയായ നയം.
ഇന്ത്യയിലും തായ്ലന്‍ഡിലും ജോര്‍ജിയയിലുമുള്ള തങ്ങളുടെ എംബസികളെ ആക്രമിക്കുന്നതിനുള്ള പദ്ധതി ആസൂത്രണം ചെയ്തത് ഇറാനാണെന്ന് ഇസ്രയേല്‍ ആരോപിക്കുന്നതിനിടയിലാണ് ഹേഗ് നയം വ്യക്തമാക്കിയത്. ഇറാന്‍ അണ്വായുധം നിര്‍മിക്കുന്നതിനു മുമ്പുതന്നെ ആക്രമണം നടത്തിയില്ലെങ്കില്‍ പ്രയോജനമില്ലെന്നു ഇസ്രയേല്‍ കരുതുന്നു.
ഇറാനെതിരേ ഇത്തരത്തില്‍ ആക്രമണം നടത്തുന്നത് ഇസ്രയേലിന്റെ താത്പര്യങ്ങള്‍ക്കു യോജിച്ചതായിരിക്കില്ലെന്ന് യുഎസ് ജോയിന്റ് ചീഫ് ഓഫ് സ്റാഫ് ജനറല്‍ മാര്‍ട്ടിന്‍ ഡെംപ്സി സിഎന്‍എന്നിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല