ബര്‍മിംഗ്ഹാമിന് സമീപം യാര്ഡ്ലീയില് താമസിക്കുന്ന നമ്പ്യാപറമ്പില്‍ സോജന്റെ വീട്ടിലാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രി മോഷണം നടന്നതും രണ്ട് കാറുകളും രണ്ട് ലാപ്ടോപ്പും അടക്കം നിരവധി സാധനങ്ങള്‍ കള്ളന്മാര് കൊണ്ടുപോയത്. വീട്ടുകാര്‍ എല്ലാവരും മുകളിലത്തെ നിലയിലെ ബെഡ്റൂമില്‍ കിടന്നുറങ്ങുന്ന സമയത്താണ് മോഷണം അരങ്ങേറിയത്. വെള്ളിയാഴ്ച്ച രാത്രി പന്ത്രണ്ടു മണിക്കും അഞ്ച് മണിക്കും ഇടയിലാണ് സംഭവം. കള്ളന്മാര് പുറകുവശത്തെ അടുക്കള ഭാഗത്തെ ജനല്‍ തുറന്നാണ് അകത്തു കടന്നത്.
സ്വീകരണ മുറിയില്‍ സൂക്ഷിച്ചിരുന്ന കാറുകളുടെ താക്കോലും ലാപ്ട്ടോപ്പും കൈക്കലാക്കിയ മോഷ്ടാക്കള്‍ മുകളില്‍ ആളുകള്‍ ഉണ്ടെന്നു അറിഞ്ഞിട്ടാകണം മുകള്‍ നിലയിലേക്ക് കയറാന്‍ തുനിഞ്ഞില്ല. ഒരാള്‍ കാര്‍ ഉണ്ടായിരുന്ന സോജന് ഒരാഴ്ച മുന്‍പാണ് ഭാര്യക്ക് വേണ്ടി മറ്റൊരു കാര്‍ കൂടി വാങ്ങിയത്. മോഷണ വിവരം അറിഞ്ഞയുടന്‍ തന്നെ പോലീസിനെ വിളിക്കുകയും അവര്‍ സ്ഥലത്തെത്തി വിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്തു. വിരലടയാള വിദഗ്തരും സംഭവസ്ഥലത്ത് എത്തി തെളിവ് ശേഖരിച്ചു.
ഒരുകാറില്‍ ട്രാക്കര്‍ സംവിധാനം ഉണ്ടായിട്ടും ഇതുവരെയും യാതൊരു വിവരവും ലഭ്യമായിട്ടില്ല. രണ്ട് കാറും കൊണ്ടുപോയ സ്ഥിതിയ്ക്ക് മോഷ്ടാക്കള്‍ സംഘമായാണ് വന്നതെന്ന് സംശയിക്കുന്നു. തൊട്ടടുത്ത് തന്നെയുള്ള മറ്റൊരു മലയാളിയുടെ വീട്ടില്‍ നിന്നാണ് ധ്യാനത്തിന് പോയ സമയത്ത് നാല് ലാപ്ടോപ്പുകള് മോഷ്ടിക്കപ്പെട്ടത്. പേഴ്സ്, താക്കോല്‍, സ്വര്‍ണം തുടങ്ങിയ വിലപിടിച്ച വസ്തുക്കള്‍ സ്വീകരണ മുറിയില്‍ അലക്ഷ്യമായി വെക്കുന്നത് സുരക്ഷിതമല്ലെന്ന് ഇത് സൂചിപ്പിക്കുന്നു.
കൂടാതെ ജനലുകളിലും വാതിലുകളിലും ഷോക്ക് അലാറം പിടിപ്പിക്കുന്നത് മോഷ്ടാക്കളെ അകറ്റി നിര്‍ത്താന്‍ സഹായിക്കും. സാമ്പത്തിക മാന്ദ്യം മൂലം തൊഴിലില്ലാത്തവരുടെ എണ്ണം കൂടുമ്പോള്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ കൂടാനാണ് സാധ്യത അതിനാല്‍ മലയാളികള്‍ കൂടുതല്‍ കരുതിയിരിക്കുക, മുന്‍കരുതലുകള്‍ എടുക്കുക എന്നിവയാണ് പോംവഴി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല