1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 21, 2012

യുഎന്നിന്റെ കീഴിലുള്ള അന്തര്‍ദേശീയ ആണവോര്‍ജ ഏജന്‍സിയുടെ പരിശോധകര്‍ രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഇറാന്‍ തലസ്ഥാനമായ ടെഹ്റാനിലെത്തി. ഇറാന്റെ ആണവശാസ്ത്രജ്ഞരുമായി സംഘം കൂടിക്കാഴ്ച നടത്തും. പാര്‍ചിന്‍ സൈനിക കേന്ദ്രത്തിലും സന്ദര്‍ശനം നടത്തും.ഒരു മാസത്തിനുള്ളില്‍ രണ്ടാംതവണയാണ് സംഘം ഇറാനില്‍ സന്ദര്‍ശനത്തിനെത്തുന്നത്. ഇറാന്റെ ആണവപദ്ധതിയെക്കുറിച്ച് സംഘം റിപ്പോര്‍ട്ടു നല്‍കും.

സാമ്പത്തിക ഉപരോധ നീക്കത്തിനുള്ള തിരിച്ചടിയെന്നോണം ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലെ കമ്പനികള്‍ക്ക് എണ്ണ നല്‍കുന്നതു നിര്‍ത്തിയതായി ഇറാന്‍ പ്രഖ്യാപിച്ചതിനു തൊട്ടടുത്ത ദിവസമാണ് യുഎന്‍ സംഘം എത്തിയത്. ചര്‍ച്ചകള്‍ക്കായി രണ്ടു ദിവസം സംഘം ടെഹ്റാനിലുണ്ടാകും. നിര്‍ണായക ചുവടുവയ്പുകളോ തീരുമാനങ്ങളോ പ്രതീക്ഷിക്കാനില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഇറാന്റെ എണ്ണ ബഹിഷ്കരിച്ചു ജൂലൈ ഒന്നു മുതല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചിരുന്നു.

എന്നാല്‍, ജൂലൈവരെ കാത്തുനില്‍ക്കാതെ തന്നെ ഫ്രാന്‍സിലേക്കും ബ്രിട്ടനിലേക്കുമുള്ള എണ്ണ കയറ്റുമതി നിര്‍ത്തിയതായി ഇറാന്‍ ഞായറാഴ്ച പ്രഖ്യാപിക്കുകയായിരുന്നു. ഉപരോധ നീക്കം ഒഴിവാക്കാനുള്ള സമ്മര്‍ദ തന്ത്രമാണിതെന്നാണു സൂചന. ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന ഭീഷണിയും ഇറാന്‍ മുഴക്കിയിട്ടുണ്ട്. ഇതിനിടെ, ഇറാനെതിരെ ഇസ്രയേല്‍ സൈനിക നടപടി സ്വീകരിക്കുന്നതു വിവേകപൂര്‍ണമായ നടപടി ആയിരിക്കില്ലെന്ന് യുഎസ് അഭിപ്രായപ്പെട്ടു.

സൈനിക നടപടിയുണ്ടായാല്‍ ഇറാന്റെ ആണവപദ്ധതി പരമാവധി രണ്ടു വര്‍ഷത്തേക്കു വൈകിപ്പിക്കാമെന്നേയുള്ളൂ എന്നും യുഎസ് ജോയിന്റ് ചീഫ്സ് ഒാഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ മാര്‍ട്ടിന്‍ ഡെംപ്സി പറഞ്ഞു. ഇസ്രയേല്‍ വിമാനങ്ങള്‍ക്ക് ആക്രമിക്കാന്‍ കഴിയാത്ത ആണവ കേന്ദ്രങ്ങള്‍ ഇറാനുണ്ട്. ബോംബ് നിര്‍മാണം ഇറാന്‍ ലക്ഷ്യമിടുന്നുണ്ടോ എന്നു സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ചില ആണവകേന്ദ്രങ്ങള്‍ പരിശോധകരുടെ പരിധിക്കപ്പുറത്താണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.