1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 21, 2012

നഴ്സുമാരുടെ ശമ്പളം ബാങ്കുകള്‍ വഴി നല്‍കണമെന്നാവശ്യപ്പെട്ടു സര്‍ക്കാര്‍ ഉത്തരവിറക്കി. നഴ്സുമാരുടെ മിനിമം വേതനം ഉറപ്പു വരുത്താനാണിത്. സ്വകാര്യ മേഖലയില്‍ നഴ്സുമാര്‍ നേരിടുന്ന കടുത്ത ചൂഷണത്തിനെതിരേ സമരങ്ങള്‍ ശക്തപ്പെട്ട സാഹര്യത്തിലാണു നടപടി. പുതിയ തീരുമാനത്തോടെ നഴ്സുമാരുടെ ശമ്പള നിരക്കും നല്‍കുന്ന സമയവും അറിയാന്‍ സര്‍ക്കാരിനു കഴിയും.

നഴ്സുമാര്‍ അവസാന ആയുധമായി മാത്രമേ സമരത്തിലേക്ക് നീങ്ങാവൂവെന്ന് തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍. രോഗികളെ ബുദ്ധിമുട്ടിച്ചുള്ള സമര രീതിയില്‍ നിന്ന് പരമാവധി ഒഴിഞ്ഞു നില്‍ക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഷിബു ബേബി ജോണ്‍.

മിനിമം വേതനം നല്‍കുന്ന ആശുപത്രികളില്‍ സമരം ഒഴിവാക്കി തൊഴില്‍ വകുപ്പുമായി ചേര്‍ന്ന് മറ്റ് പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തണമെന്നും മന്ത്രി പറഞ്ഞു. ജൂണ്‍ ഒന്നു മുതല്‍ നഴ്സിംഗ് മേഖലയില്‍ പുതിയ അടിസ്ഥാന ശമ്പളം നിലവില്‍ വരും. മിനിമം വേതനം ഉറപ്പുവരുത്തുന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും സര്‍ക്കാര്‍ സ്വീകരിക്കില്ല. നിലവില്‍ എല്ലാ മാനേജ്മെന്റുകളും മിനിമം വേതനം നല്‍കി എന്ന വിശ്വാസം സര്‍ക്കാരിനില്ല.

പല മാനേജ്മെന്റും ഇക്കാര്യം ആലോചിക്കുന്നതേയുള്ളുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മിനിമം വേതനം നല്‍കാന്‍ മാനേജ്മെന്റുകള്‍ തയാറാകണമെന്നും സര്‍ക്കാര്‍ തീരുമാനത്തെ വെല്ലുവിളിക്കുന്ന തരത്തില്‍ ആശുപത്രി മാനേജ്മെന്റുകള്‍ നിലപാട് സ്വീകരിക്കരുതെന്നും മന്ത്രി അഭ്യര്‍ഥിച്ചു. ബാങ്ക് വഴി ശമ്പളം നല്‍കണമെന്ന വ്യവസ്ഥ എല്ലാ തൊഴില്‍മേഖലകളിലും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും എന്നാല്‍ നഴ്സിംഗ് മേഖലയിലെ ചൂഷണവും സമീപകാല സംഭവങ്ങളും കണ്ക്കിലെടുത്താണ് അടിയന്തരമായി ഈ നിര്‍ദേശം നടപ്പിലാക്കാന്‍ ഉത്തരവിട്ടതെന്നും മന്ത്രി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.