യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് എണ്ണ നല്‍കുന്നതിന് ഇറാന്‍ നിബന്ധനകള്‍ മുന്നോട്ടുവച്ചു. പണത്തിന് ഗ്യാരണ്ടി, ദീര്‍ഘകാല കരാര്‍, വാങ്ങുന്ന രാഷ്ടം കരാര്‍ ഏകപക്ഷീയമായി റദ്ദാക്കുന്നതിന് വിലക്ക് തുടങ്ങിയവയാണ് നിബന്ധനകളില്‍ പ്രധാനം. രാജ്യാന്തര വിപണിയില്‍ എണ്ണ വില കുതിച്ചുയരുന്നതിനിടെ ഇറാന്‍റെ നീക്കം യൂറോപ്പില്‍ ആശങ്ക പരത്തിയിട്ടുണ്ട്.
ബ്രിട്ടനിലേക്കും ഫ്രാന്‍സിലേക്കുമുള്ള എണ്ണ കയറ്റുമതി നേരത്തേ ഇറാന്‍ നിര്‍ത്തിവച്ചിരുന്നു. കൂടുതല്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി നിര്‍ത്തുന്ന കാര്യം പരിഗണിച്ചുകൊണ്ടിരിക്കുകയാണെന്നും ഇറാന്‍ പ്രഖ്യാപിച്ചു. ഇതിനെത്തുടര്‍ന്ന് രാജ്യാന്തര എണ്ണവിലയില്‍ വര്‍ധനയുണ്ടായി. ആണവ പദ്ധതിയുടെ പേരില്‍ ഇറാനുമേല്‍ കൂടുതല്‍ കര്‍ശന ഉപരോധം നടപ്പിലാക്കാനുള്ള യൂറോപ്യന്‍ യൂണിയന്‍റെ നീക്കത്തോടു പ്രതികരിച്ചുകൊണ്ടാണ് ഇറാന്‍റെ നടപടി.
യൂറോപ്യന്‍ രാജ്യങ്ങള്‍ ഇറാനുമായി എണ്ണ ഇടപാട് ആഗ്രഹിക്കുന്നുവെങ്കില്‍ നിബന്ധനകള്‍ പാലിക്കണമെന്ന് ഇറേനിയന്‍ വിദേശകാര്യ വക്താവ് റമിന്‍ മെഹ്മന്‍പരാസ്ത്. ആറു യൂറോപ്യന്‍ രാജ്യങ്ങളുടെ പ്രതിനിധികളുമായി ടെഹ്റാനില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ നിബന്ധനകള്‍ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം. എന്നാണ് കൂടിക്കാഴ്ച നടന്നതെന്ന വിവരങ്ങള്‍ വക്താവ് വെളിപ്പെടുത്തിയില്ല. ഇറാനോട് ശത്രുതാപരമായ സമീപനം സ്വീകരിച്ചതുകൊണ്ടാണ് ബ്രിട്ടനും ഫ്രാന്‍സിനുമുള്ള എണ്ണ നിര്‍ത്തിയതെന്ന് ഇറാന്‍ പെട്രോളിയം മന്ത്രി റൊസ്തം ഖ്വാസിമി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല