ഇറാക്കിന്റെ തലസ്ഥാനമായ ബാഗ്ദാദിലും മറ്റു 11 നഗരങ്ങളിലും ഇന്നലെ ഭീകരര്‍ നടത്തിയ ബോംബ്സ്ഫോടനങ്ങളിലും വെടിവയ്പിലുമായി കുറഞ്ഞത് 60 പേര്‍ കൊല്ലപ്പെട്ടു. 225 പേര്‍ക്കു പരിക്കേറ്റു. സര്‍ക്കാര്‍ ഓഫീസുകള്‍, റസ്ററന്റുകള്‍ എന്നിവ ലക്ഷ്യമിട്ട് ആസൂത്രിതമായി നടത്തിയ ആക്രമണത്തിനു പിന്നില്‍ അല്‍ക്വയ്ദയാണെന്നു കരുതപ്പെടുന്നു. ഷിയാകളാണ് ആക്രമണത്തിനിരയായവരില്‍ ഭൂരിഭാഗവും. ഇറാക്കില്‍ വീണ്ടും വിഭാഗീയ സംഘട്ടനങ്ങള്‍ പൊട്ടിപ്പുറപ്പെട്ടേക്കാമെന്ന് ഭീതി ഉയര്‍ന്നു.
ഡിസംബറില്‍ അമേരിക്കന്‍ സൈന്യം ഇറാക്കില്‍നിന്നു പിന്മാറിയതിനു ശേഷമുണ്ടാവുമെന്ന ഏറ്റവും വലിയ ആക്രമണപരമ്പരയ്ക്കു കാരണം സുരക്ഷാസംവിധാനത്തിലുണ്ടായ പിഴവാണെന്നു പറയപ്പെടുന്നു. ഭീകരര്‍ സ്വച്ഛന്ദം വിഹരിക്കുമ്പോള്‍ ബാഗ്ദാദിലുള്ള ആയിരക്കണക്കിനു പോലീസുകാരും സുരക്ഷാസൈനികരും എന്തു ചെയ്യുകയായിരുന്നുവെന്ന് വിദ്യാഭ്യാസമന്ത്രാലയത്തിലെ ജോലിക്കാരനായ അഹമ്മദ് അല്‍ തമീമി രോഷാകുലനായി ചോദിച്ചു.
ബാഗ്ദാദില്‍ മാത്രം പത്തു സ്ഫോടനങ്ങള്‍ നടന്നു. 32 പേര്‍ മരിച്ചു. പോലീസ് പട്രോള്‍ പാര്‍ട്ടിയില്‍പ്പെട്ടവരും റസ്ററന്റില്‍ ആഹാരം കഴിച്ചുകൊണ്ടിരുന്നവരും കൊല്ലപ്പെട്ടു. മുസയിബ് പട്ടണത്തില്‍ പ്രൈമറി സ്കൂളിനു സമീപമാണ് ആക്രമണം നടന്നത്. പരുക്കേറ്റവരുടെ എണ്ണം ഇരുന്നൂറിലേറെയാണെന്നു പൊലീസ് പറഞ്ഞു. ബഗ്ദാദില്‍ ചില ആഴ്ചകള്‍ക്കുള്ളില്‍ അറബ് ഉച്ചകോടി നടക്കാനിരിക്കെ ഉണ്ടായ സ്ഫോടനങ്ങള്‍ ആശങ്ക ഉണര്‍ത്തിയിട്ടുണ്ട്.
ഇറാഖില്‍ ഷിയാ, സുന്നി വിഭാഗങ്ങള്‍ക്കു പുറമേ കുര്‍ദുകള്‍ക്കും പങ്കാളിത്തമുള്ള കൂട്ടുഗവണ്‍മെന്റാണ് ഒരുവര്‍ഷമായി അധികാരത്തില്‍. പ്രധാനമന്ത്രി നൂറി അല്‍ മാലിക്കി ഷിയാ ആണ്. അദ്ദേഹം സുന്നി നേതാവായ വൈസ് പ്രസിഡന്റ് താരീഖ് അല്‍ ഹാഷിമിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതാണു പ്രശ്നങ്ങളുടെ തുടക്കം. രാജ്യത്തെ ഏറ്റവും മുതിര്‍ന്ന നേതാക്കളിലൊരാളായ വൈസ് പ്രസിഡന്റ് അറസ്റ്റില്‍നിന്നു രക്ഷപ്പെടാന്‍ ബഗ്ദാദില്‍നിന്നു കുര്‍ദ് മേഖലയിലേക്കു പലായനം ചെയ്തു. അദ്ദേഹത്തിന്റെ കക്ഷി (അല്‍ ഇറാഖിയ) പാര്‍ലമെന്റ് ബഹിഷ്കരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല