സംശയം വളരെ ന്യായമാണ്. എല്ലാ നാട്ടിലേയും അവസ്ഥ ഏതാണ്ട് ഒരേപോലെയാണ്. കേരളത്തിലെ കാര്യം നോക്കിയാലും ഇത് കാണാവുന്നതാണ്. തൊഴില്‍ ഇല്ലാത്തവര്‍ ഉള്ളവരെ കൊള്ളയടിക്കുന്നു. തൊഴിലില്ലായ്മ വല്ലാത്ത പ്രശ്നംതന്നെയാണ്. അതുണ്ടാക്കുന്ന സാമൂഹിക പ്രശ്നങ്ങളും പ്രത്യാഘാതങ്ങളും വളരെ വലുതാണ്. അതിന്റെ ഇടയിലാണ് തൊഴിലില്ലായ്മ വേതനം എന്നൊക്കെ പറഞ്ഞ് ജോലിയുള്ളവരെ കൊള്ളയടിക്കാനുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ തന്നെ ചെയ്തുകൊടുക്കുന്നത്. ജോലിയുള്ളവരുടെ വാര്‍ഷിക വരുമാനം വിരലില്‍ എണ്ണാവുന്ന സംഖ്യയില്‍ ഒതുങ്ങുമ്പോഴാണ് തൊഴിലില്ലാത്തവര്‍ വല്യ കുഴപ്പമില്ലാതെ ജീവിക്കുന്നത്. ഇത് ബ്രിട്ടണിലെ കാര്യമാണ്. ബെനഫിറ്റ് എന്നൊക്കെ പറഞ്ഞ് ബ്രിട്ടണില്‍ കിട്ടുന്ന കാശൊന്നും കേരളത്തില്‍ കിട്ടില്ല എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല.
ബ്രിട്ടണിലെ എംപിമാരും ബെനഫിറ്റുകള്‍ കൂട്ടുന്ന കാര്യത്തില്‍ അല്പംപോലും പുറകിലല്ല. ഇന്നലെ പുറത്തുവന്ന പുതിയ റിപ്പോര്‍ട്ടാണ് ഇതൊക്കെ പറയാന്‍ കാരണം. തൊഴിലില്ലാത്തവര്‍ക്ക് നല്‍കിവന്നിരുന്ന ബെനഫിറ്റില്‍ 5.2ശതമാനത്തിന്റെ വര്‍ദ്ധനവിനാണ് ബ്രിട്ടീഷ് എംപിമാര്‍ ഇന്നലെ പച്ചക്കൊടി കാട്ടിയിരിക്കുന്നത്. ജീവിതനിലവാരത്തിലെ വര്‍ദ്ധനവാണ് ബെനഫിറ്റ് കൂട്ടാന്‍ പ്രേരിപ്പിച്ചതെന്നാണ് എംപിമാര്‍ വാദിക്കുന്നത്.
എന്നാല്‍ മില്യണ്‍ കണക്കിന് ആളുകളുടെ ശമ്പളം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വെട്ടിച്ചുരുക്കുമ്പോഴാണ് തൊഴിലില്ലാത്തവരുടെ വേതനത്തില്‍മാത്രം വര്‍ദ്ധനവ് ഉണ്ടാകുന്നതെന്ന ആരോപണം വ്യാപകമായി ഉയര്‍ന്നിരിക്കുകയാണ്. നികുതി വര്‍ദ്ധിപ്പിച്ചത് കൂടാതെ ഗവണ്‍മെന്റ് സെക്ടറില്‍ ശമ്പളം വെട്ടിക്കുറച്ചിരിക്കുകയാണ്. ഇതിനിടയിലാണ് ജീവിത ചിലവുകള്‍ കൂടിയെന്ന് പറഞ്ഞ് ബെനഫിറ്റ് കൂട്ടാന്‍ തയ്യാറെടുക്കുന്നത്. ഇപ്പോള്‍ ബ്രിട്ടീഷ് ജനതയ്ക്ക് തൊഴിലില്ലാത്തവരെ തീറ്റിപ്പോറ്റാന്‍ കൂടുതല്‍ ചിലവാകുന്നത് 6.6 ബില്യണ്‍ പൗണ്ടായിരിക്കും. അത് ഇനിയും കൂടുമെന്നുറപ്പാണ്.
പെന്‍ഷനും സാമൂഹിക സുരക്ഷ ബെനഫിറ്റുകളും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇതെന്നാണ് എംപിമാര്‍ വ്യക്തമാക്കിയിരിക്കുന്നത്. 2012-13 കാലഘട്ടത്തില്‍ ബ്രിട്ടീഷ് ജനത 6.6 ബില്യണ്‍ പൗണ്ട് കൂടുതലായി നികുതി അടയ്ക്കേണ്ടിവരുമെന്ന് പെന്‍ഷന്‍ വകുപ്പ് മന്ത്രി സ്റ്റീവ് വെബ്ബ് പറഞ്ഞുകഴിഞ്ഞു. എന്നാല്‍ ഇതിനിടയില്‍ 1.6 മില്യണ്‍ തൊഴിലാളികളുടെ ശമ്പളം വെട്ടിക്കുറയ്ക്കുമെന്ന പ്രഖ്യാപനവും ഉണ്ടായിട്ടുണ്ട്.
കൂട്ടാന്‍ പോകുന്ന ബെനഫിറ്റില്‍ 4.5 ബില്യണ്‍ പൗണ്ടും ചെലവാക്കുന്നത് പെന്‍ഷനുവേണ്ടിയാണ്. ഒരു ബില്യണ്‍ പൗണ്ട് വികലാംഗര്‍ക്കുവേണ്ടിയാണ്. ഒരു ബില്യണ്‍ പൗണ്ട് തൊഴിലെടുക്കാന്‍ വയ്യാത്തവര്‍ക്കും തൊഴില്‍ ഇല്ലാത്തവര്‍ക്കുമാണ് നല്‍കുന്നത്. എന്നാല്‍ മില്യണ്‍ കണക്കിന് തൊഴിലാളികളുടെ ശമ്പളം വെട്ടിക്കുറക്കാനും മറ്റും തീരുമാനിച്ച ബ്രിട്ടീഷ് സര്‍ക്കാര്‍ ഇങ്ങനെയൊരു തീരുമാനെടുത്തത് അങ്ങേയറ്റം ക്രൂരമായ നടപടിയാണെന്ന് ഒരു വിഭാഗം നേതാക്കന്മാര്‍ വാദിക്കുന്നുണ്ട്. ജനരോക്ഷം കുറയ്ക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്ന ആരോപണം ശക്തമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല