ഡോക്ടറോടും വക്കീലിനോടും കള്ളം പറയരുത് എന്നാണല്ലോ പൊതുവേ പറയപ്പെടുന്നത്. നമ്മുടെ ജീവിതം തീരുമാനിക്കാന്‍ കഴിവുള്ളവരാണ് ഇവര്‍ എങ്കിലും പലപ്പോഴും നാം ചില നുണകള്‍ ഇവരോടും പറയാറുണ്ട്. വക്കീലിനെ തല്ക്കാലം വിടാം. ഡോക്റ്റര്‍മാരോട് പറയുന്ന പുകവലി കുറവാണ്, മദ്യപിക്കല്‍ വല്ലപ്പോഴും തുടങ്ങിയ ചെറിയ നുണകള്‍ രോഗ നിര്‍ണ്ണയത്തിന്റെ കാര്യത്തില്‍ ആശയക്കുഴപ്പത്തിന് ഇടയാക്കുന്നുണ്ട്. ഇത് ചികിത്സയെ പ്രതികൂലമായി ബാധിക്കും. നമുക്ക് നോക്കാം നമ്മുടെ ഏതൊക്കെ വാക്കുകള്‍ നമ്മളെ ഏതു രീതിയില്‍ ബാധിക്കും എന്ന്.
ഞാന്‍ പുക വലിക്കാറില്ല
പുകവലി ആരോഗ്യത്തിനു ഹാനികരം ആണെന്ന് സിഗരറ്റ് പാക്കറ്റിന്റെ പുറത്തു തന്നെ കാണാം. ഇത് ഏതൊക്കെ രീതിയില്‍ നമ്മളുടെ ആരോഗ്യത്തെ ബാധിക്കും എന്നും നാം കണ്ടതാണ്. കാന്‍സര്‍ പോലെയുള്ള രോഗങ്ങള്‍ക്ക് കാരണക്കാരനാണ് പുകവലി. പുക വലിക്കില്ല എന്ന് പറയുന്നതിന്റെ അടിസ്ഥാനത്തില്‍ ചികിത്സ നടക്കുമ്പോള്‍ സാധാരണയേക്കാള്‍ രക്തം കട്ട പിടിക്കുവാനുള്ള സാധ്യത കൂടുതലാണ്. കുത്തിവയ്ക്കുന്ന മരുന്നുകളില്‍ സ്വാധീനം ചെലുത്തുവാന്‍ കഴിയുന്നവയാണ് നിക്കോട്ടിന് പോലെയുള്ള രാസവസ്തുക്കള്‍.
മറ്റൊരു മരുന്നും കഴിക്കുന്നില്ല
ഇത് ചിലര്‍ക്കുള്ള പ്രശ്നമാണ്. ഒരേ സമയം വേറെ വേറെ ഡോക്റ്റര്‍മാരുടെ കീഴില്‍ മരുന്ന് കഴിക്കുകയോ അല്ലെങ്കില്‍ സ്വന്തം രീതിയില്‍ കഴിക്കുകയോ ഒക്കെ ചെയ്യുന്നത്. ചില മരുന്നുകള്‍ മറ്റു ചില ഔഷധങ്ങളുമായി കൂടി ചേരുന്നത് എതിരായ ഫലമായിരിക്കും വരുത്തുക. ജലദോഷത്തിനും ചുമക്കും കഴിക്കുന്ന സിറപ്പ് മറ്റുചില വലിയ അസുഖങ്ങളുടെ മരുന്നുകളുമായി പ്രതികൂല സാഹചര്യവും ഫലവും ഉണ്ടാക്കും. അതിനാല്‍ കഴിക്കുന്ന മരുന്നുകളെപറ്റി തുറന്നു സംസാരിക്കുക.
എനിക്ക് കുഴപ്പമൊന്നുമില്ല ഡോക്റ്റര്‍
മാനസികമായ പ്രശ്നങ്ങള്‍ ഡോക്റ്ററിനോട് തുറന്നു പറയുന്നത് വളരെ നല്ലതാണ്. ജോലിയിലെയും വീട്ടിലെയും സാഹചര്യങ്ങള്‍ ഒരു പക്ഷെ നമ്മുടെ മാനസികാവസ്ഥ അവതാളത്തിലാക്കിയിരിക്കാം. ഇതിനെ പറ്റി ഡോക്റ്റററോട് തുറന്നു പറയാതെ ചികിത്സ തേടുന്നത് മണ്ടത്തരമാണ്. ശാരീരികം എന്നത് പോലെ മാനസികമായ പിന്തുണയും ഉള്ളിലേക്ക് കടക്കുന്ന മരുന്നിനു ലഭിക്കേണ്ടതുണ്ട്. മാനസിക സമ്മര്‍ദങ്ങള്‍ മൂലം മരുന്നുകള്‍ ശരീരം പുറംതള്ളിയെന്ന് വരാം.
ലൈംഗിക ജീവിതം സുരക്ഷിതമാണ്
കഴിഞ്ഞ കാലത്തില്‍ സംഭവിച്ച എല്ലാ ലൈംഗിക പ്രശ്നങ്ങളും ഡോക്റ്ററെ അറിയിക്കേണ്ടത് അത്യാവശ്യമാണ്. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം, ഒന്നില്‍ കൂടുതല്‍ ലൈംഗിക പങ്കാളികള്‍, ലൈംഗിക രോഗങ്ങള്‍ തുടങ്ങിയ പ്രശ്നങ്ങള്‍ തുറന്നു പറയുക. ചില ലൈംഗിക രോഗങ്ങള്‍ ലക്ഷണങ്ങള്‍ കാട്ടുകില്ല. അതിനാല്‍ തുറന്നു പറച്ചിലുകള്‍ മാത്രമേ ഈ രോഗത്തെ പുറത്തു കൊണ്ട് വരൂ.
കഴിക്കുന്നത് ആരോഗ്യപരമായ ഭക്ഷണരീതിയിലാണ്
ഭാരം കുറക്കുന്നതിനു രഹസ്യമായി ഭക്ഷണം കഴിക്കാതിരിക്കുക തുടങ്ങിയ ചിട്ടകളെക്കുറിച്ചും നമ്മള് ഡോക്ടറോട് തുറന്നു സംസാരിക്കേണ്ടതുണ്ട്. കുറഞ്ഞ ഭക്ഷണ ക്രമം ശരീരത്തെ ദുര്‍ബലമാക്കും. മരുന്നുകള്‍ കഴിക്കുമ്പോള്‍ ഭക്ഷണവും ഊര്‍ജവും ഉള്ളില്‍ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.
മദ്യം വല്ലപ്പോഴും ഒരു തുള്ളി
മദ്യപാനത്തെക്കുറിച്ച് നുണ പറയരുത്. മദ്യത്തിലെ ആല്‍ക്കഹോള്‍ നമ്മള് കഴിക്കുന്ന മരുന്നുമായി കൂടി ചേര്‍ന്ന് നമ്മുടെ ആരോഗ്യത്തെ ബാധിക്കുവാനുള്ള സാധ്യത കൂടുതലാണ്. നമ്മുടെ മദ്യപാന ലിമിറ്റിന്റെ കാര്യത്തില്‍ ഡോക്റ്റര്‍മാര്‍ ഒരു അളവ് വയ്ക്കുന്നത് വെറുതെ അല്ല. അതിനു മരുന്ന് കഴിക്കുന്നതുമായി തീര്‍ച്ചയായും ബന്ധം കാണും. അതിനാല്‍ മദ്യം കൂടുതല്‍ കഴിക്കുന്നത് ഡോക്റ്ററോട് തുറന്നു സംസാരിക്കുക.
വേറെ ഒരു ലക്ഷണവുമില്ല
മൂത്രത്തില്‍ രക്തം വരിക, ലൈംഗികാവയവത്തില്‍ വേദന എടുക്കുക തുടങ്ങിയ ലക്ഷണങ്ങള്‍ ഡോക്റ്ററോട് തുറന്നു സംസാരിക്കാന്‍ മടിയാണ് പലപ്പോഴും. ഈ ലക്ഷണങ്ങള്‍ പറയാതിരിക്കുന്നത് രോഗ നിര്‍ണ്ണയം നടത്തുന്നത് തടയും. ചിലപ്പോള്‍ കൃത്യമായ രോഗം തന്നെ ആകണം എന്നുമില്ല കണ്ടുപിടിക്കുന്നത്. അതിനാല്‍ ലക്ഷണങ്ങള്‍ തുറന്നു പറയുന്നത് ഒരളവു വരെ ശരിയായ രോഗം മനസിലാക്കുന്നതിന് സഹായിക്കും.
മയക്കു മരുന്ന് ഉപയോഗിച്ചിട്ടില്ല
ഇത് നമ്മുടെ വീട്ടുകരെയോ പോലീസിനെയോ അറിയിക്കുവാനല്ല ഡോക്റ്റര്‍ ചോദിക്കുന്നത്. രക്തത്തിലെ ഇവയുടെ സാന്നിധ്യം മരുന്നുകളെ ബാധിക്കും അത് വഴി ആരോഗ്യത്തെയും.
അതത്ര പ്രധാനമൊന്നുമല്ല
നമ്മള് തള്ളിക്കളയുന്ന പലതുമായിരിക്കും വിലപ്പെട്ട അറിവുകള്‍. ചെറിയ കാര്യങ്ങള്‍ മുതല്‍ എല്ലാം തുറന്നു പറയുക. ഇത് കൃത്യമായ രോഗ നിര്‍ണ്ണയത്തിനും ചികിത്സക്കും വഴിവയ്ക്കുന്നു. നമ്മുടെ പ്രശ്നങ്ങള്‍ ഡോക്റ്റര്‍ അറിയുന്നത് തന്നെയാണ് നല്ലത്.
ഡോക്റ്റര്‍ പറഞ്ഞത് പോലെത്തന്നെയാണ് ഞാന്‍ ചെയ്തത്
ഡോക്റ്റര്‍ പറഞ്ഞ രീതികള്‍ പിന്തുടരുവാന് സാധിക്കാതെ വരികയും രോഗ ശാന്തി വരാതിരിക്കുകയും ചെയ്യുമ്പോള്‍ ഏതു ഡോക്റ്ററും ചോദിച്ചു പോകും കൃത്യമായി തന്നെ പറഞ്ഞ കാര്യങ്ങള്‍ ചെയ്യുന്നുണ്ടോ എന്ന്. ഇതില്‍ നുണ പറയുന്നത് ഡോക്റ്ററെ ആശയക്കുഴപ്പത്തിലാക്കുകയും രോഗം മറ്റെന്തോ ആണെന്ന് ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും. അതിനാല്‍ ഡോക്റ്ററോട് നുണ പറയാതിരിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല