ത്രിരാഷ്ട്ര ക്രിക്കറ്റിന്റെ ഫൈനലില്‍ എത്താമെന്ന ഇന്ത്യന്‍ മോഹങ്ങള്‍ക്ക് തിരിച്ചടി നല്‍കിക്കൊണ്ട് നിര്‍ണായക മത്സരത്തില്‍ ശ്രീലങ്ക ആതിഥേയരായ ഓസ്ട്രേലിയയെ കീഴടക്കി. ഓസീസ് ഉയര്‍ത്തിയ 281 റണ്‍സ് വിജയലക്ഷ്യം ശ്രീലങ്ക മൂന്ന് വിക്കറ്റുകളും നാലു പന്തും ബാക്കിയിരിക്കെ മറികടന്നു. സ്കോര്‍: ഓസ്ട്രേലിയ: 280/6, ശ്രീലങ്ക:49.2 ഓവറില്‍ 283/7.
വിജയത്തോടെ ശ്രീലങ്ക പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. മൂന്ന് ടീമുകളും ആറു മത്സരങ്ങള്‍ വീതം പൂര്‍ത്തിയാക്കിയപ്പോള്‍ ലങ്കയ്ക്കും ഓസ്ട്രേലിയക്കും 14 പോയിന്റ് വീതമുണ്ട്. ഇന്ത്യക്ക് 10 പോയിന്റാണുള്ളത്. അടുത്ത രണ്ടു മത്സരങ്ങളിലും ലങ്കയോ, ഓസീസോ തോല്‍ക്കുകയും ഇന്ത്യ അടുത്ത രണ്ടു മത്സരങ്ങളും ജയിക്കുകയോ ചെയ്താല്‍ മാത്രമെ ഇന്ത്യക്കിനി ഫൈനല്‍ പ്രതീക്ഷയുള്ളു. അര്‍ധസെഞ്ചുറികള്‍ നേടിയ ക്യാപ്റ്റന്‍ മഹേള ജയവര്‍ധനെയുടെയും(81 പന്തില്‍ 85) ദിനേഷ് ചണ്ഡിമാലിന്റെയും(80) ബാറ്റിംഗ് മികവിലാണ് ലങ്ക വിജയം നേടിയത്.
അവസാന ഓവറുകളില്‍ തിസാര പെരേരയും(11 പന്തില്‍ 21) എയ്ഞ്ചലോ മാത്യൂസും(24) നടത്തിയ പോരാട്ടമാണ് ലങ്കയെ വിജത്തിലേക്ക് നയിച്ചത്. നേരത്തെ ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഓസീസ് പീറ്റര്‍ ഫോറസ്റിന്റെ സെഞ്ചുറിയുടെ കരുത്തില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 280 റണ്‍സെടുത്തു. 138 പന്തില്‍ 10 ബൌണ്ടറികളുടെയും രണ്ടു സിക്സിന്റെയും അകമ്പടിയോടെയായിരുന്നു ഫോറസ്റിന്റെ കന്നി ഏകദിന സെഞ്ചുറി. നായകന്‍ മൈക്കല്‍ ക്ളാര്‍ക്ക് 72 റണ്‍സെടുത്തപ്പോള്‍ ഡേവിഡ് ഹസി 28 പന്തില്‍ 40 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ലങ്കയ്ക്കായി എയ്ഞ്ചലോ മാത്യൂസ് രണ്ടും മലിംഗ, കുലശേഖര, മെഹ്റൂഫ്, ഹെറാത്ത് എന്നിവര്‍ ഓരോ വിക്കറ്റും നേടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല