കൊച്ചി: ജ്വല്ലറി ശൃംഖലയായ ജോയ് ആലുക്കാസ് ഗ്രൂപ്പ് പ്രാഥമിക ഓഹരി വില്പന (ഐപിഒ) യിലൂടെ മൂലധന സമാഹരണത്തിന് ഒരുങ്ങുന്നു. 550-600 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ടുള്ള കരടുരേഖ കമ്പനി, സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി)ക്ക് സമര്‍പ്പിച്ചു. ഏപ്രിലോടെ ഐപിഒ ഉണ്ടാവുമെന്നാണ് സൂചന.
വിദേശ മലയാളിയായ ജോയ് ആലുക്കാസിന്റെ നേതൃത്വത്തിലുള്ള കമ്പനിയാണ് ജോയ്ആലുക്കാസ്. 1.80 കോടി ഓഹരികളാണ് ഐപിഒയിലൂടെ കമ്പനി വില്പനയ്ക്ക് വയ്ക്കുന്നത്. പബ്ലിക് ഇഷ്യുവിന് ശേഷം പ്രൊമോട്ടര്‍മാരുടെ ഓഹരി പങ്കാളിത്തം 73.54 ശതമാനമായി കുറയും. നിലവില്‍ ജോയ് ആലുക്കാസിന്റെയും കുടുംബത്തിന്റെ സമ്പൂര്‍ണ ഉടമസ്ഥതയിലാണ് കമ്പനി.
10 രൂപ മുഖവിലയുള്ള ഓഹരി ഏതാണ്ട് 300 രൂപ നിലവാരത്തിലായിരിക്കും ഇഷ്യു ചെയ്യുക എന്നാണ് സൂചന. ഇതനുസരിച്ച് കമ്പനിയുടെ മൊത്തം മൂല്യം ഏതാണ്ട് 2,400 കോടി രൂപ വരും. ഓഹരിയുടെ വില പിന്നീടേ ഔദ്യോഗികമായി നിശ്ചയിക്കുകയുള്ളു.
ശൃംഖല വിപുലീകരിക്കുന്നതിനായിരിക്കും ഐപിഒയിലൂടെ സമാഹരിക്കുന്ന തുക മുഖ്യമായും വിനിയോഗിക്കുക. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 23 ഔട്ട്ലെറ്റുകളുള്ള ജോയ്ആലുക്കാസ് ഗ്രൂപ്പിന് പുതുതായി 20 ഔട്ട്ലെറ്റുകള് കൂടി തുറക്കാന്‍ പദ്ധതിയുണ്ട്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1,822 കോടി രൂപയായിരുന്നു വിറ്റുവരവ്. അറ്റാദായം 67 കോടി രൂപയും. ഇന്ത്യക്ക് പുറമെ വിദേശത്തും ഗ്രൂപ്പിന് ശക്തമായ സാന്നിധ്യമുണ്ട്. അടുത്ത രണ്ട് വര്‍ഷം കൊണ്ട് വിറ്റുവരവ് 5000 കോടിയിലെത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല