അറുതിയാകാത്ത ആക്രമണങ്ങള്‍ക്കിടെ സിറിയയില്‍ നടന്ന ഹിതപരിശോധന വോട്ടെടുപ്പില്‍ സമ്മിശ്ര പ്രതികരണം. അഞ്ചു ദശാബ്ദം നീണ്ട ഏകാധിപത്യത്തിന് വിരാമമിടാന്‍ ഉദ്ദേശിച്ചുള്ള ഭരണഘടനാ ഹിതപരിശോധനയാണ് ഇന്നലെത്തേത്. ഇതിനിടെയുണ്ടായ ആക്രമണങ്ങളില്‍ 22 പേര് മരിച്ചു. വോട്ടെടുപ്പ് ബഹിഷ്കരിക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ ആഹ്വാനം ചെയ്തിരുന്നു. പ്രഹസനമാണെന്നാണ് അവരുടെ ആരോപണം. അസദിനു മേല്‍ ആഗോള സമ്മര്‍ദം ചെലുത്തുന്നതിന് ഹിതപരിശോധനകൊണ്ടാകില്ലെന്നും പ്രക്ഷോഭകര്‍. വോട്ടെടുപ്പിനെക്കുറിച്ചു പരിഹാസ്യമെന്നാണ് യുഎസ് പ്രതികരിച്ചത്.
പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് നിയോഗിച്ച 29 അംഗ സമിതിയാണ് പുതിയ ഭരണഘടനയ്ക്ക് രൂപം കൊടുത്തിരിക്കുന്നത്. അസദിന്റെ ബാത് പാര്‍ട്ടിക്ക് രാജ്യത്തിന്റെ മേധാവിത്വം നല്കുന്ന വിവാദ ആര്‍ട്ടിക്ക്ള്‍ (എ8) ഭരണഘടനയില്‍നിന്ന് നീക്കിയേക്കുമെന്നാണ് കരുതുന്നത്.
മൂന്നുമാസത്തിനുള്ളില്‍ വിവിധ രാഷ്ട്രീയ കക്ഷികളെ ഉള്‍പ്പെടുത്തി പൊതുതെരഞ്ഞെടുപ്പ് നടത്താന്‍ പുതിയ ഭരണഘടന നിര്‍ദേശിക്കുന്നു. ഒന്നരക്കോടി വോട്ടര്‍മാര്‍ക്കായി 13835 പോളിങ് സ്റ്റേഷനുകള്‍ ഒരുക്കിയിരുന്നു. രാവിലെ ഏഴിനു തുടങ്ങിയ വോട്ടെടുപ്പ് 12മണിക്കൂര്‍ നീണ്ടു. വോട്ടു ചെയ്യാന്‍ ആഹ്വാനം ചെയ്യുന്ന ബോര്‍ഡുകള്‍ തെരുവുകള്‍ തോറും കെട്ടിപ്പൊക്കിയിരുന്നെങ്കിലും മിക്ക പോളിങ് ബൂത്തുകളും ഒഴിഞ്ഞു കിടന്നു. ശനിയാഴ്ചയുണ്ടായ ആക്രമണങ്ങളില്‍ 89 പേര് കൊല്ലപ്പെട്ടതായി മനുഷ്യാവകാശ സംഘടനകള്‍ ആരോപിക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല