ത്രിരാഷ്‌ട്ര ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 87 റണ്‍സിന്റെ ദയനീയ തോല്‍വി. ഓസീസ് പേസര്‍മാര്‍ക്ക് മുന്നില്‍ കവാത്ത് മറന്ന ഇന്ത്യ 40 ഓവര്‍ പോലും തികച്ച് ബാറ്റുചെയ്യാന്‍ കഴിയാതെ 165 റണ്‍സിന് എല്ലാവരും പുറത്തായി. 26 റണ്‍സെടുത്ത അശ്വിനാണ് ഇന്ത്യന്‍ നിരയില്‍ ടോപ്പ് സ്‌കോറര്‍. മികച്ച പേസ് ആക്രമണവും ഫീല്‍ഡിഗും പുറത്തെടുത്ത ഓസീസ് ഇന്ത്യയെ ഒരു ഘട്ടത്തില്‍ പോലും മത്സരത്തിലേക്ക് തിരികെ വരാന്‍ അനുവദിച്ചില്ല.
ഓസീസ് മുന്നില്‍ വച്ച 253 റണ്‍സ് വിജയലക്‍ഷ്യം പിന്തുടര്‍ന്ന ഇന്ത്യന്‍ ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു വീഴുന്നതായാണ് കണ്ടത്. സേവാഗ് ആദ്യം തന്നെ കാര്യമായ സംഭാവന ചെയ്യാതെ മടങ്ങിയപ്പോള്‍ മികച്ച തുടക്കത്തിലേക്ക് ഇന്ത്യയെ നീക്കുകയായിരുന്നു സച്ചിനും ഗംഭീറും. എന്നാല്‍ ഫീല്‍ഡര്‍ കുറുകെ നിന്ന് സച്ചിനെ ഓസീസ് ടീം റണ്‍ ഔട്ട് ആക്കുമ്പോള്‍ സത്യത്തില്‍ ഇന്ത്യന്‍ ടീം തോല്‍വി മണത്തു തുടങ്ങിയിരുന്നു.
മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ കോഹ്‌ലിയും ഗംഭീറും ഇന്ത്യയെ കരകയറ്റാന്‍ ശ്രമിച്ചെങ്കിലും കാര്യമായി ഒന്നും സംഭവിച്ചില്ല. 21 റണ്‍സെടുത്ത് കോഹ്‌ലിയും, 23 റണ്‍സെടുത്ത് ഗംഭീറും പവലിയനിലേക്ക് മടങ്ങി. റെയ്‌ന 8 റണ്‍സെടുത്ത് അനാവശ്യ ഷോട്ടിന് മുതിര്‍ന്ന് പുറത്തായപ്പോള്‍ ഇന്ത്യ 89 റണ്‍സിന് 5 വിക്കറ്റെന്ന നിലയിലാണ്. ക്യാപ്‌ടന്‍ ധോണിയെ വിക്കറ്റിന് മുന്നില്‍ ഓസീസ് കുടുക്കിയെങ്കിലും അതും അമ്പയറുടെ തെറ്റായ തീരുമാനമായിരുന്നു.
ജഡേജ കൂടി പൂര്‍ത്തിയായതോടെ പത്താനും അശ്വിനും ഒത്തുച്ചേര്‍ന്നു. ഇവര്‍ മികച്ച വിരുന്നാണ് ഇന്ത്യന്‍ ആരാധകര്‍ക്ക് നല്‍കിയത്. പക്ഷെ ഇവര്‍ക്ക് എത്തിച്ചേരാന്‍ പറ്റുന്നതിലും അപ്പുറമായിരുന്നു ഇന്ത്യന്‍ ലക്‍ഷ്യം. രണ്ട് സിക്‍സറുകള്‍ പറത്തിയ പത്താന്‍ 22 റണ്‍സും ധോണി 49 പന്തില്‍ 14 റണ്‍സുമാണ് എടുത്തത്. ഓസീസിന് വേണ്ടി ഡോഹര്‍ട്ടി, വാട്‌സന്‍, ഹില്‍ഫനസ് എന്നിവര്‍ 2 വിക്കറ്റ് വീതം നേടി. 68 റണ്‍സെടുത്ത വാര്‍ണറാണ് മാന്‍ ഓഫ് ദ മാച്ച്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല