നാലു വര്‍ഷം മുമ്പു നഷ്ടപ്പെട്ടത് സ്വന്തം കാണികളെ സാക്ഷിനിര്‍ത്തി ഇന്ത്യ കൈപിടിയിലൊതുക്കി. 2008 ബെയ്ജിംഗ് ഒളിമ്പിക്സിനു യോഗ്യത നേടാനാവാതെ തലകുനിച്ച ഇന്ത്യന്‍ പുരുഷ ഹോക്കി ടീം 2012 ലണ്ടന്‍ ഒളിമ്പിക്സിനു ടിക്കറ്റ് കരസ്ഥമാക്കി. ചാമ്പ്യന്‍സ് ലീഗ് ഹോക്കി ഫൈനലില്‍ ഫ്രാന്‍സിന്റെ വെല്ലുവിളി 8-1 നു മറികടന്നാണ് ഇന്ത്യ ലണ്ടന്‍ ഒളിമ്പിക്സിനു യോഗ്യത സ്വന്തമാക്കിയത്.
മേജര്‍ ധ്യാന്‍ചന്ദ് നാഷണല്‍ സ്റേഡിയത്തില്‍ ആയിരക്കണക്കിന് ആരാധകരെ സാക്ഷിനിര്‍ത്തി ഇന്ത്യ ഫ്രാന്‍സിനെ നിഷ്പ്രഭമാക്കി ലണ്ടനിലേക്കു മാര്‍ച്ചുചെയ്തു. അഞ്ചു ഗോള്‍ നേടിയ സന്ദീപ് സിംഗാണ് (20, 26, 38, 49, 51 മിനിറ്റുകളില്‍) ഇന്ത്യയുടെ വിജയ ശില്‍പ്പിയും മാന്‍ ഓഫ് ദ മാച്ചും. മലയാളിതാരമായ ഗോളി പി.ആര്‍. ശ്രീജേഷിന്റെ രണ്ട് ഉജ്വല രക്ഷപ്പെടുത്തലും ചേര്‍ന്നതോടെ ഇന്ത്യ ആധികാരികമായി ജയത്തിലെത്തി.
17-ാം മിനിറ്റില്‍ ബിരേന്ദ്ര ലക്റയിലൂടെയാണ് ഇന്ത്യ മുന്നില്‍ കടന്നത്. മൂന്നു മിനിറ്റിനു ശേഷം സന്ദീപ് സിംഗ് ഇന്ത്യയുടെ ലീഡ് 2-0 ആക്കി. എന്നാല്‍, 24-ാം മിനിറ്റില്‍ സൈമണ്‍ മാര്‍ട്ടിന്‍ ബ്രിസെക് ഫ്രാന്‍സിനായി ഒരു ഗോള്‍ മടക്കി.പിന്നീട് ധ്യാന്‍ ചന്ദ് സ്റേഡിയം സാക്ഷിയായത് ഇന്ത്യന്‍ പടയോട്ടമായിരുന്നു. 38-ാം മിനിറ്റില്‍ സന്ദീപ് സിംഗ് തന്റെ ഹാട്രിക് പൂര്‍ത്തിയാക്കി.
ഡ്രാഗ് ഫ്ളിക്കറില്‍ പ്രഗത്ഭനായ സന്ദീപിന്റെ ഗോള്‍ ഷോട്ടുകള്‍ ഫ്രാന്‍സ് ഗോള്‍ വലയില്‍ തുളഞ്ഞിറങ്ങി. 43-ാം മിനിറ്റില്‍ സുനില്‍ ഇന്ത്യയുടെ ലീഡ് 5-1 ആക്കി. 49, 51 മിനിറ്റുകളിലും പെനാല്‍റ്റി കോര്‍ണര്‍ ലക്ഷ്യത്തിലെത്തിച്ച് സന്ദീപ് സിംഗ് ഇന്ത്യക്ക് 7-1 ന്റെ അനിഷേധ്യ ലീഡു സമ്മാനിച്ചു. ഒടുവില്‍ പെനാല്‍റ്റി കോര്‍ണര്‍ ഗോളാക്കി 56-ാം മിനിറ്റില്‍ രഘുനാഥ് ഇന്ത്യയുടെ രാജകീയ ജയം 8-1 ആക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല