സ്വന്തം കാര്യംനോക്കി ജീവിക്കുകയെന്നത് എപ്പോഴും പറയാറുള്ള കാര്യമാണ്. ഭൂരിപക്ഷംപേരും അങ്ങനെ തന്നെയാണ് ജീവിക്കുന്നതും. എന്നാല്‍ ചെറുപ്രായത്തില്‍ ജീവിക്കുന്നതുപോലെ തന്നെ പ്രായമാകുമ്പോഴും ജീവിക്കണം എന്നുപറഞ്ഞാല്‍ ഇത്തിരി കഷ്ടമാണെന്നല്ലാതെ എന്തു പറയാന്‍. ബ്രിട്ടണിലെ വൃദ്ധരുടെ കാര്യമാണ് പറഞ്ഞുവരുന്നത്. അവര്‍ ഇപ്പോഴും സ്വന്തം കാലില്‍ നില്‍ക്കണമെന്നാണ് സര്‍ക്കാരും മറ്റുദ്യോഗസ്ഥരും പറയുന്നത്. വൃദ്ധരെ ശുശ്രൂഷിക്കുന്നതിനുള്ള ചിലവില്‍ ഇപ്പോള്‍ പതിനാല് ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
എന്നാല്‍ അവര്‍ക്ക് ലഭിക്കുന്ന പെന്‍ഷനില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുമില്ല. വര്‍ദ്ധനവ് ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല അല്പസ്വല്പം കുറവുമുണ്ടായിട്ടുണ്ട്. പെന്‍ഷനിലെ കുറവും വര്ദ്ധനവില്ലായ്മയും ശുശ്രൂഷിക്കാന്‍ ചെലവാകുന്ന തുകയിലെ വര്‍ദ്ധനവും വൃദ്ധന്മാരെയും വൃദ്ധകളെയും തങ്ങളുടെ വീടുകള്‍ വില്ക്കാന് നിര്‍ബന്ധിക്കുന്നുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ബ്രിട്ടണിലെ മിക്കവാറും വൃദ്ധരും സ്വന്തം നിലയില്‍തന്നെ കാര്യങ്ങള്‍ നോക്കുന്നവരാണ്. ഇത്രയുംകാലം അത് വലിയ കുഴപ്പമില്ലാതെയാണ് കഴിഞ്ഞുവന്നിരുന്നത്. എന്നാല്‍ പുതിയ സര്‍ക്കാരിന്റെ നയങ്ങളാണ് വൃദ്ധരെ പുതിയ പ്രശ്നങ്ങളിലേക്ക് തള്ളിവിട്ടത്.
വീട്ടില്‍വന്ന് വൃദ്ധരെ ശുശ്രൂഷിക്കണമെങ്കില്‍ പഴയതുപോലെ കുറച്ച് പൈസയൊന്നും കൊടുത്താല്‍ പോര. അതുകൊണ്ടുതന്നെ വലിയ ചെലവാണ് ശുശ്രൂഷ ഇനത്തില്‍ അവര്‍ക്ക് ചെലവാകുന്നത്. ഇതിനുള്ള പണം കണ്ടെത്താന്‍ വൃദ്ധര്‍ക്ക് സാധിക്കുന്നില്ല. അതുകൊണ്ട് പലരും വീടുകള്‍ വില്ക്കാന് നിര്‍ബന്ധിതരാകുകയാണ്. വീട് വിറ്റാല്‍ മാത്രമെ തങ്ങളുടെ ശുശ്രൂഷാചിലവുകള് കണ്ടെത്താന്‍ സാധിക്കുകയുള്ളൂ എന്നതാണ് പ്രശ്നം. ഏതാനം വര്‍ഷങ്ങള്‍ക്ക് മുമ്പ് ലണ്ടനിലും മറ്റും വൃദ്ധരെ ശുശ്രൂഷിക്കാന്‍ എത്തുന്നവര്‍ക്കുള്ള വാര്‍ഷികശമ്പളം 4,400 പൗണ്ടായിരുന്നുവെങ്കില്‍ ഇപ്പോളത് 35,300 പൗണ്ട് വരെയാണ്.
നിങ്ങള്‍ നേഴ്സിംങ്ങ് ഹോമില്‍ പോയി കൂടുതല്‍ സുരക്ഷയും ശ്രദ്ധയും ആവശ്യമുണ്ടെന്ന് ആവശ്യപ്പെട്ടാന്‍ ചെലവ് പിന്നെയും കൂടും. അങ്ങനെ ലഭിക്കുന്ന ശുശ്രൂഷകള്‍ക്ക് 45,100 പൗണ്ടുവരെയാണ് ചെലവ് വരുന്നത്. കഴിഞ്ഞ വര്‍ഷം ബ്രിട്ടണിലെ മുഴുവന്‍ ശരാശരി ശുശ്രൂഷാചിലവ് ഏതാണ്ട് 27,300 പൗണ്ടായിരുന്നു. എന്നാല്‍ ഇത് ഈവര്‍ഷം 37,500 പൗണ്ടായി ഉയര്‍ന്നു. എന്നാല്‍ വൃദ്ധരെ ശുശ്രൂഷിക്കുന്ന ചിലവിന്റെ കാര്യത്തിലും ബ്രിട്ടണിലെ പല സ്ഥലങ്ങളിലും പലതരത്തിലാണ് പ്രതിഫലം വാങ്ങുന്നതെന്ന ആരോപണം വളരെ ശക്തമാണ്. ശുശ്രൂഷാചിലവുകള് വര്‍ദ്ധിച്ചതിന്റെ പേരില്‍ ഏതാണ്ട് 20,000 പേരാണ് വീടുകള്‍ വില്ക്കാന് നിര്‍ബന്ധിതരായിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല