പാക്കിസ്ഥാനെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പര ഇംഗ്ളണ്ടിന്. മൂന്നാമത്തേതും അവസാനത്തേതുമായ ട്വന്റി 20യില്‍ പാക്കിസ്ഥാനെ അഞ്ച് റണ്‍സിനു പരാജയപ്പെടുത്തിയാണ് ഇംഗ്ളണ്ട് 2-1ന് പരമ്പര സ്വന്തമാക്കിയത്. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഇംഗ്ളണ്ട് ആറു വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെടുത്തു. കെവിന് പീറ്റേഴ്സണ്(62) നേടിയ അര്‍ധസെഞ്ചുറിയുടെ മികവിലാണ് ഇംഗ്ളണ്ട് ഭേദപ്പെട്ട സ്കോര്‍ കണ്ടെത്തിയത്.
ഇംഗ്ളണ്ടിനു വേണ്ടി ക്രെയ്ഗ് കീസ്വെറ്റര് 17ഉം സമിത് പട്ടേല്‍ 16ഉം റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാനെ ആറിന് 124 റണ്‍സില്‍ തളച്ച ഇംഗ്ളണ്ട് പരമ്പര പിടിച്ചുവാങ്ങി. അവസാന ഓവറില്‍ രണ്ടു വിക്കറ്റ് വീഴ്ത്തിയാണ് ഇംഗ്ളണ്ട് ത്രില്ലിംഗ് വിജയം സ്വന്തമാക്കിയത്. വിജയിക്കാവുന്ന കളി പാക്കിസ്ഥാന് കൈവിടുകയായിരുന്നു. മൂന്നിനു 76 എന്ന നിലയില്‍ ശക്തമായിരുന്ന ഘട്ടത്തില്‍ നിന്നുമാണ് പാക്കിസ്ഥാന് തകര്‍ന്നത്.
നിര്‍ണായകഘട്ടത്തില്‍ അസാദ് ഷഫീഖ്(34), ഉമര്‍ അക്മല്‍(22) എന്നിവരുടെ വിക്കറ്റ് വീണതോടെ പാക്കിസ്ഥാന് സമ്മര്‍ദ്ധത്തിലായി. എങ്കിലും മിസ്ബാ ഉള് ഹഖിലും ഷാഹിദ് അഫ്രീദിയിലുമായിരുന്നു പാക്കിസ്ഥാന്റെ പ്രതീക്ഷ. അവസാന ഓവറില്‍ പാക്കിസ്ഥാനു വിജയിക്കാന്‍ വേണ്ടിയിരുന്നതു 13 റണ്‍സ്. ജേഡ് ഡെന്ബച്ചിന്റെ ആദ്യ പന്തില്‍ അഫ്രീദി രണ്ടു റണ്‍സ് നേടി.
രണ്ടാം പന്തില്‍ ഇല്ലാതിരുന്ന രണ്ടാമത്തെ റണ്‍സിനു വേണ്ടി ശ്രമിച്ച അഫ്രീദി റണൌട്ടായി. ഇതോടെ പാക്കിസ്ഥാന് പ്രതീക്ഷ കൈവിട്ടു. അവസാന പന്തില്‍ ആറു റണ്‍സ് വിജയിക്കാന്‍ വേണ്ടിയിരുന്നപ്പോള്‍ പാക് ബാറ്റ്സ്മാന് മിസ്ബയെ ഡെന്ബച്ച് ബൌള്‍ഡാക്കി ഇംഗ്ളണ്ടിനു വിജയം സമ്മാനിച്ചു. പീറ്റേഴ്സനാണ് മാന്‍ ഓഫ് ദ മാച്ചും മാന്‍ ഓഫ് ദ സീരീസും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല